ബജാജ് ഓട്ടോയും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ആഗോള പങ്കാളിത്തം പ്രഖ്യാപിച്ചു

ബജാജ് ഓട്ടോയും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ആഗോള പങ്കാളിത്തം പ്രഖ്യാപിച്ചു

കൂട്ടായ ശക്തി ഉപയോഗിച്ച് ഉശിരന്‍ മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

ന്യൂ ഡെല്‍ഹി : മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സുമായി ബജാജ് ഓട്ടോ ആഗോള പങ്കാളിത്തം സ്ഥാപിച്ചു. പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മോട്ടോര്‍സൈക്കിളുകള്‍ ലോകമാകെ വില്‍ക്കും. ഇരു കമ്പനികളുടെയും കൂട്ടായ ശക്തി ഉപയോഗിച്ച് ഉശിരന്‍ മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവനയില്‍ കമ്പനികള്‍ വിശദീകരിക്കുന്നു. ഓഹരിയില്ലാ പങ്കാളിത്തത്തിലാണ് കമ്പനികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതിയ സംഭവവികാസങ്ങളെ ആഗോള മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റ് സാകൂതം വീക്ഷിക്കുകയാണ്.

ബ്രാന്‍ഡ് പൊസിഷന്‍, രൂപകല്‍പ്പന-വികസന സാങ്കേതികവിദ്യ, ഗുണനിലവാരം, വില നിര്‍ണ്ണയം, ലോകമെമ്പാടുമുള്ള വിതരണം തുടങ്ങിയ കാര്യങ്ങളില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ വലിയ വില്‍പ്പന നടക്കുന്ന വിപണി സെഗ്‌മെന്റുകളില്‍ പ്രവേശിക്കുന്നതിന്, പ്രത്യേകിച്ച് വളര്‍ന്നുവരുന്ന രാജ്യങ്ങളില്‍, പുതിയ പങ്കാളിത്തം ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിനെ സഹായിക്കും. ആഭ്യന്തര വിപണിയിലും അന്തര്‍ദേശീയ വിപണികളിലും പുതിയ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കുന്നതിന് ട്രയംഫ് ബ്രാന്‍ഡുമായുള്ള ചങ്ങാത്തം ബജാജ് ഓട്ടോയ്ക്ക് ഗുണകരമാകും.

ക്ലാസിക്, റോഡ്‌സ്റ്റര്‍, ക്രൂയിസര്‍, അഡ്വഞ്ചര്‍ സെഗ്‌മെന്റുകളില്‍ ഹൈ-ക്വാളിറ്റി മോട്ടോര്‍സൈക്കിളുകളാണ് നിലവില്‍ ട്രയംഫ് നിര്‍മ്മിക്കുന്നത്. ട്രയംഫ് ഡേടോണയില്‍ ഉപയോഗിക്കുന്ന 675 സിസി ഇന്‍-ലൈന്‍ 3 ആണ് ട്രയംഫിന്റെ ഏറ്റവും ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് എന്‍ജിന്‍. 900 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന ട്രയംഫ് സ്ട്രീറ്റ് ട്വിന്‍ മോഡലില്‍ കമ്പനിയുടെ ക്ലാസിക് റേഞ്ച് ആരംഭിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യ പോലുള്ള വിപണികളിലേക്കായി ചെറിയ എന്‍ജിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ട്രയംഫിന്റെ കൈവശമുള്ള വലിയ എന്‍ജിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ആ പ്രോജക്റ്റ് മാറ്റിവെയ്ക്കുകയായിരുന്നു.

ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളിലൊന്നായ ബജാജ് ഓട്ടോ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത ഇരുചക്ര വാഹനങ്ങള്‍ കയറ്റി അയയ്ക്കുന്നതിലും മുന്‍പന്തിയിലാണ്. നിലവില്‍ 100-110 സിസി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ മുതല്‍ കെടിഎം 390 ഡ്യൂക്കിന്റെ 373 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന ബജാജ് ഡോമിനര്‍ വരെയുള്ള മോട്ടോര്‍സൈക്കിളുകളാണ് ബജാജ് ഓട്ടോ വിപണിയിലെത്തിക്കുന്നത്. പള്‍സര്‍, ഡിസ്‌കവര്‍, ബോക്‌സര്‍ ബ്രാന്‍ഡ് നാമങ്ങളിലുള്ള മോട്ടോര്‍സൈക്കിളുകള്‍ പല രാജ്യങ്ങളിലും ടോപ് സെല്ലിംഗ് ബ്രാന്‍ഡുകളാണ്.

ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെടിഎമ്മിന്റെ 48 ശതമാനത്തോളം ഓഹരി ബജാജിന്റെ കൈവശമാണ്. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സുമായുള്ള പുതിയ പങ്കാളിത്തം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളെന്ന നിലയില്‍ ബജാജ് ഓട്ടോയുടെ സ്ഥാനം ആഗോളതലത്തില്‍ ഊട്ടിയുറപ്പിക്കുന്നതാണ്.

ഒരു ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനി ഇതാദ്യമായല്ല ഒരു യൂറോപ്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുമായി പങ്കാളിത്തം സ്ഥാപിക്കുന്നത്. ടിവിഎസ് മോട്ടോര്‍ കമ്പനിയും ജര്‍മ്മന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡും തമ്മിലുള്ള ചങ്ങാത്തം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. ടിവിഎസും ബിഎംഡബ്ല്യുവും ചേര്‍ന്ന് ബിഎംഡബ്ല്യു ജി 310 ആര്‍ എന്ന ഏറ്റവും ചെറിയ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരുന്നു. യൂറോപ്പിലും യുഎസ്സിലും ഈ മോട്ടോര്‍സൈക്കിള്‍ നല്ല പോലെ വിറ്റഴിയുന്നു.

ബജാജ് ഓട്ടോ, ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പങ്കാളിത്തത്തിലൂടെ 300-600 സിസി ശേഷി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെലവുകള്‍ കുറച്ച് നിര്‍മ്മിക്കുന്നതിന് ഇന്ത്യയിലെ ബജാജ് ഓട്ടോയുടെ പ്ലാന്റുകളിലൊന്ന് തെരഞ്ഞെടുത്തേക്കും. ബജാജ്-കെടിഎം സഖ്യം പോലെ ബജാജ്-ട്രയംഫ് പങ്കാളിത്തത്തില്‍ നിര്‍മ്മിക്കുന്ന ബൈക്കുകള്‍ ട്രയംഫ് ബ്രാന്‍ഡിലായിരിക്കും അറിയപ്പെടുന്നത്. എന്നാല്‍ കെടിഎം സഖ്യം സഖ്യത്തിന് വിരുദ്ധമായി ട്രയംഫില്‍ ബജാജിന് ഓഹരികളുണ്ടാവില്ല. സംയുക്ത പങ്കാളിത്തത്തിലൂടെ ബൈക്കുകള്‍ എന്ന് നിര്‍മ്മിച്ചുതുടങ്ങുമെന്ന് വ്യക്തമല്ല.

 

Comments

comments

Categories: Auto