ജിഎസ്ടിക്ക് മുമ്പും ശേഷവുമുള്ള ഉല്‍പ്പന്ന വിലകള്‍ പ്രസിദ്ധീകരിക്കും

ജിഎസ്ടിക്ക് മുമ്പും ശേഷവുമുള്ള ഉല്‍പ്പന്ന വിലകള്‍ പ്രസിദ്ധീകരിക്കും

വില നിയന്ത്രണത്തിനുള്ള അവകാശം പൂര്‍ണമായും കമ്പനികള്‍ക്ക് നല്‍കണമെന്ന് ചില സംസ്ഥാനങ്ങളുടെ ആവശ്യം

ന്യൂഡെല്‍ഹി: ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തിന്റെ ഫലമായി ജിഎസ്ടി നടപ്പാക്കിയതിന് ശേഷം വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കാവുന്ന നിരക്കുകള്‍ ജിഎസ്ടി കൗണ്‍സില്‍ ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിക്കും. ജിഎസ്ടിക്കു ശേഷം ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ഉള്‍പ്പടെയുള്ളവയില്‍ നിന്ന് തങ്ങള്‍ക്കു ലഭിക്കുന്ന നേട്ടങ്ങള്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നു എന്ന് ഉറപ്പാക്കാനാണിത്

പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 150 ഇനങ്ങളുടെ നിരക്കാണ് ആദ്യം പ്രസിദ്ധീകരിക്കുകയെന്നും പിന്നീട് പട്ടികയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നുമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ജിഎസ്ടി നിരക്കും അതിന്റെ അടിസ്ഥാനത്തില്‍ വാങ്ങാവുന്ന ഉല്‍പ്പന്ന വിലയും മാത്രമല്ല, ജിഎസ്ടിക്ക് മുമ്പുണ്ടായിരുന്ന വിവിധ നികുതികളും വിലയും പ്രസിദ്ധീകരിക്കും. രണ്ട് നികുതി സംവിധാനങ്ങള്‍ക്കുമിടയിലുള്ള നിരക്ക് വ്യത്യാസത്തെക്കുറിച്ചും വിശദീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ജിഎസ്ടിയുടെ സ്വാധീനം ഉള്‍പ്പെടുത്തി വിശദമായ വിലവിവര പട്ടിക പുറത്തിറക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും നികുതി നിരക്കുകള്‍ മാത്രം ലഭ്യമാക്കുന്ന മൊബീല്‍ ആപ്ലിക്കേഷനാണ് പുറത്തിറക്കിയത്. ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കേരളം, പശ്ചിമബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വിലവിവര പട്ടിക പ്രസിദ്ധീകരിക്കുന്നതിനും വില കുറയ്ക്കുന്നതിനായി കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനുമായി ശക്തമായി വാദിച്ചു. ജിഎസ്ടിക്ക് ശേഷം വിലയിടിവ് നടന്നിട്ടില്ലെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.

ജിഎസ്ടിയുടെ നടപ്പാക്കലിന് ശേഷം ഉല്‍പ്പന്ന വിലകളില്‍ നിരീക്ഷണം നടത്തുകയെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ നിരക്കുകളിലെ വ്യത്യാസം സംബന്ധിച്ച് വിശദീകരണം വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

കുറഞ്ഞത് ഹ്രസ്വകാലത്തേക്കെങ്കിലും നിരക്കുകളില്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരം പൂര്‍ണമായും കമ്പനികള്‍ക്ക് വിട്ട് നല്‍കണമെന്നും ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വില നിയന്ത്രണം ബിസിനസ് ശാക്തികരണ മനോഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്നും അത് ഇന്‍സ്‌പെക്റ്റര്‍ രാജിലേക്ക് നയിക്കുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉല്‍പ്പന്ന വിലയുടെ വിശദ വിവരങ്ങള്‍ തേടി കമ്പനികള്‍ക്ക് ഇതിനകം കത്ത് അയച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി കുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഫോണ്‍ കോളുകള്‍ വഴി കമ്പനികളോട് വിലയുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

Comments

comments

Categories: Top Stories