വൈദ്യുതിയില്‍ നിന്ന് ഭക്ഷണം!

വൈദ്യുതിയില്‍ നിന്ന് ഭക്ഷണം!

അസംസ്‌കൃത വസ്തുക്കള്‍’ ഒരു ബയോറിയാക്റ്റര്‍ ഉപയോഗിച്ച് ഇലക്ട്രോലൈസിസ് (വൈദ്യുത വിശ്ലേഷണം) ചെയ്താണ്, 50 ശതമാനം മാംസ്യവും 25 ശതമാനം അന്നജവും ഉള്ള ഭക്ഷണ പൊടി ഈ സംഘം രൂപപ്പെടുത്തിയത്. മൈക്രോബുകളുടെ ഘടനയില്‍ വ്യതിയാനം വരുത്തി ഈ അംശബന്ധം മാറ്റാവുന്നതുമാണെന്ന് ഗവേഷകര്‍ പറയുന്നു

‘Invention is the most important product of man’s creative brain. The ultimate purpose is the complete mastery of mind over the material world, the harnessing of human nature to human needs.’
                                                                                                                                      -Nikola Tesla, My Inventions

ആള്‍ട്ടര്‍നേറ്റ് കറന്റ് ഇന്‍ഡക്ഷന്‍ മോട്ടോറിന്റെ പിതാവും സെര്‍ബിയന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞനുമായ നിക്കോള ടെല്‍സ ‘വര്‍ത്തമാന കാലം അവരുടേതും, ഭാവി എന്റേതുമാണ്’ എന്ന് കൂടി പറഞ്ഞുവച്ചപ്പോള്‍ വിചാരിച്ചിട്ടുണ്ടാവില്ല, എഡിസണ്‍ കണ്ടുപിടിക്കുകയും താന്‍ പരിപോഷിപ്പിക്കുകയും ചെയ്ത ഇലക്ട്രിസിറ്റി എന്ന ഊര്‍ജ്ജപ്രവാഹം ഇത്രത്തോളം വളരുമെന്ന്. ഫിന്‍ലന്‍ഡിലെ ഒരു സംഘം ശാസ്ത്രജ്ഞരുടെ ഗവേഷണഫലം പൂര്‍ണമായും വികസിക്കുമെങ്കില്‍ വിശപ്പുമായുള്ള മനുഷ്യന്റെ നിരന്തര യുദ്ധത്തിന് അറുതി വന്നേക്കും; കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ക്കും.

പാരമ്പര്യ ഊര്‍ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു യന്ത്രസംവിധാനം ഉപയോഗിച്ച്, ഒരു നേരത്തെ ഭക്ഷണത്തിന് മതിയാവുന്ന ഒരു ഏകകോശ മാംസ്യകണം ഉല്‍പ്പാദിപ്പിച്ചിരിക്കയാണ് ജുഹാപെക്ക പിറ്റ്കനിന്‍ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള ഫിന്നിഷ് ഗവേഷകര്‍. ആകെ വേണ്ടത് ഇലക്ട്രിസിറ്റി, വെള്ളം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ജൈവാണു (മൈക്രോബ്) എന്നിവ മാത്രം.

‘അസംസ്‌കൃത വസ്തുക്കള്‍’ ഒരു ബയോറിയാക്റ്റര്‍ ഉപയോഗിച്ച് ഇലക്ട്രോലൈസിസ് (വൈദ്യുത വിശ്ലേഷണം) ചെയ്താണ്, 50 ശതമാനം മാംസ്യവും 25 ശതമാനം അന്നജവും ഉള്ള ഭക്ഷണ പൊടി ഈ സംഘം രൂപപ്പെടുത്തിയത്. മൈക്രോബുകളുടെ ഘടനയില്‍ വ്യതിയാനം വരുത്തി ഈ അംശബന്ധം മാറ്റാവുന്നതുമാണെന്ന് അവര്‍ പറയുന്നു.

ഇറച്ചി വ്യവസായം ഹരിതഗൃഹ വാതക വികിരണത്തില്‍ പതിനെട്ട് ശതമാനം വരെ പങ്ക് വഹിക്കുന്നുണ്ട്. കൃത്രിമ പ്രോട്ടീന്‍ നിര്‍മിക്കാനാവുന്നതോടെ ഇറച്ചി വ്യവസായത്തില്‍ നിന്ന് ഉയരുന്ന താപനത്തില്‍ അത്രയും കുറവുണ്ടാക്കാന്‍ കഴിയും. അതുപോലെ, രാജ്യങ്ങളോളം വിസ്തൃതമായ അളവിലെ ഭൂമിയെ കൃഷിയില്‍ നിന്ന് വേര്‍പെടുത്തി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും

അടുത്ത ഘട്ടമായി വിശ്ലേഷണ പ്രക്രിയ നവീകരിക്കുകയെന്ന ദൗത്യത്തിലാണ് പിറ്റ്കനിന്‍ ഇപ്പോള്‍. കാരണം, ആദ്യ പരീക്ഷണത്തിന് ഉപയോഗിച്ച സംവിധാനത്തില്‍, ഒരു കാപ്പിക്കപ്പോളം വലിപ്പമുള്ള റിയാക്റ്റര്‍ ഉപയോഗിച്ച് ഒരാഴ്ച വേണം ഒരു ഗ്രാം പ്രോട്ടീന്‍ നിര്‍മിക്കാന്‍. സാങ്കേതികവിദ്യയും റിയാക്റ്ററും ആശയവും കൂടുതല്‍ വികസിപ്പിച്ചെടുത്ത്, പത്ത് വര്‍ഷത്തിനകം കൃത്രിമ ഭക്ഷണം വ്യാവസായികമായി നിര്‍മിക്കാനാവുമെന്നാണ് പിറ്റ്കനിന്‍ കണക്കുകൂട്ടുന്നത്.

ഈ കണ്ടുപിടുത്തം അനന്ത സാധ്യതകളാണ് ലോകത്തിന് മുന്നില്‍ തുറക്കുന്നത്. ഒന്ന്, നമുക്ക് പട്ടിണിമുക്തമായ ഒരു ലോകം സൃഷ്ടിക്കാനാവും. റിയാക്റ്റര്‍ ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിപ്പിക്കാമെന്നുള്ളത് കൊണ്ട്, കാലസ്ഥലഭേദങ്ങളൊന്നും ഇല്ലാതെ എവിടെയും ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കാവുന്ന അവസ്ഥ നമുക്ക് കരഗതമാവുന്നു. ഭക്ഷണം മുടക്കില്ലാതെ കിട്ടാന്‍ സാധ്യതയുള്ളവര്‍ സ്വാഭാവിക ഭക്ഷണം തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചേക്കാം. പക്ഷേ, ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാന്‍ പാങ്ങില്ലാത്തവര്‍ ദശലക്ഷക്കണക്കിനുള്ള ഈ ലോകത്ത് ഇത്തരമൊരു കണ്ടുപിടുത്തതിന്റെ മാനവിക മുഖം വളരെ വലുതാണ്. വിശപ്പില്‍ തളരാത്ത ഭാവി ലോകജനത എന്നും പിറ്റ്കനിന്‍ എന്ന ശാസ്ത്രജ്ഞനോട് പേരറിയാതെയാണെങ്കില്‍ പോലും കടപ്പെട്ടിരിക്കും. ലോകഭക്ഷ്യ സംഘടന മുതല്‍ പലരും പതിറ്റാണ്ടുകളായി ശ്രമിച്ചിട്ടും നേടിയെടുക്കാന്‍ കഴിയാതിരുന്ന നേട്ടമാണ് ഫിന്‍ലന്‍ഡിലെ പരീക്ഷണശാലയില്‍ പിറന്നത്.
രണ്ടാമതായി, ആഗോള താപനത്തിന് കുറവ് വരുന്നു. ഇന്ന്, ഇറച്ചി വ്യവസായം ഹരിതഗൃഹ വാതക വികിരണത്തില്‍ പതിനെട്ട് ശതമാനം വരെ പങ്ക് വഹിക്കുന്നുണ്ട്. കൃത്രിമ പ്രോട്ടീന്‍ നിര്‍മിക്കാനാവുന്നതോടെ ഇറച്ചി വ്യവസായത്തില്‍ നിന്ന് ഉയരുന്ന താപനത്തില്‍ അത്രയും കുറവുണ്ടാക്കാന്‍ കഴിയും. അതുപോലെ, രാജ്യങ്ങളോളം വിസ്തൃതമായ അളവിലെ ഭൂമിയെ കൃഷിയില്‍ നിന്ന് വേര്‍പെടുത്തി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും.

ലാബ്‌ഗ്രോണ്‍ ഇറച്ചിയും വൈദ്യുതിഭക്ഷണവും ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടാണ് പാശ്ചാത്യ ശാസ്ത്രലോകം പ്രതീക്ഷയോടെ നോക്കിക്കാണുന്നത്. ഭൗതികമായ സുഖങ്ങളില്‍ അഭിരമിക്കുന്ന ആധുനിക മനുഷ്യന് എല്ലാം ലാഭനഷ്ടങ്ങളുടെ സ്‌പ്രെഡ്ഷീറ്റിലെ കള്ളികളുടെ നിറവ്യത്യാസങ്ങള്‍ക്കൊപ്പം പിടിച്ചേ കാണാനാവൂ.

അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളില്‍ നിന്ന് 310 ഗ്രാം അന്നജം (കാര്‍ബോഹൈഡ്രേറ്റ്‌സ്), പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയില്‍ നിന്ന് ജീവകം (വിറ്റാമിന്‍), ധാതുവസ്തുക്കള്‍, 70 ഗ്രാം കൊഴുപ്പ്, 50 ഗ്രാം മാംസ്യം, 30 ഗ്രാം നാരുകള്‍, രണ്ട് ലിറ്റര്‍ വെള്ളം എന്നിവ അടങ്ങിയതാണ് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് വേണ്ട ഒരു ദിവസത്തെ സമീകൃതാഹാരം. ഒരു ഭൗതികശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം രാസശാലയില്‍ ഇത്രയും കാര്യങ്ങള്‍ സമന്വയിപ്പിച്ചെടുത്താല്‍ അത് സമീകൃത ഭക്ഷണമായി; ഇത്ര കിലോ വീതം മണലും മെറ്റലും സിമന്റും ചേര്‍ത്താല്‍ കോണ്‍ക്രീറ്റ് മിശ്രിതമായി എന്നതു പോലെ.

എന്നാല്‍ ഭക്ഷണം ഒരു ഭൗതികവസ്തു എന്നതിലപ്പുറം പലതുമാണ്. അതുകൊണ്ടാണ്, വീടുകളില്‍ ഭക്ഷണസ്ഥലം പ്രത്യേകമുള്ളത്. വീട്ടിലുള്ള എല്ലാവരും ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുന്നത് അത് ഒരു കുടുംബപ്രക്രിയ ആയതിനാലാണ്. വിശപ്പടക്കലിനപ്പുറം ഒരു പാട് സാംഗത്യങ്ങളും വൈകാരികതകളും ഭക്ഷണത്തോടൊപ്പം ഇടം പിടിച്ച സ്ഥലമാണ് ഭവനം. അല്ലെങ്കില്‍ അതിന് ഹോട്ടലിനേക്കാള്‍ മഹത്വമുണ്ടാവില്ല. അതുപോലെ, വിവാഹകര്‍മ്മത്തിനുള്ള ക്ഷണം സ്വീകരിച്ച് വരുന്നവരെ വിരുന്നൂട്ടുന്നതും അവര്‍ക്ക് വീട്ടില്‍ ഭക്ഷണമില്ലാത്തതുകൊണ്ടല്ല; അതൊരു സാമൂഹ്യ പങ്കാളിത്തം ആയതുകൊണ്ടാണ്. കുട്ടികളെയും കുടുംബത്തെയും കൂട്ടി ‘പുറത്ത് പോയി’ ഭക്ഷണം കഴിക്കുന്നത്, വീട്ടില്‍ വിറകോ ഗ്യാസോ തീര്‍ന്നതുകൊണ്ടുമല്ല; അതുറപ്പാക്കുന്ന വൈകാരിക അടുപ്പം മൂലമാണ്. ‘ഓവര്‍ എ കപ്പ് ഓഫ് ടീ’ ചര്‍ച്ചകള്‍ നടത്തുന്നത് അത് ചായസമയത്ത് ആയതുകൊണ്ടല്ല. മൃഗങ്ങള്‍ തീറ്റയെടുക്കുന്നത് അവര്‍ക്ക് വിശക്കുമ്പോള്‍ മാത്രമാണ്. ‘മനുഷ്യന്‍ തീറ്റയെടുക്കുക’ എന്ന് പറയാറില്ല. ഭക്ഷണത്തെ ‘തീറ്റ’ എന്ന് വിശേഷിപ്പിക്കാറുമില്ല. കാരണം അത് ഒരു വിശപ്പടക്കല്‍ വസ്തുവിനപ്പുറം ഒരു വൈകാരികത കൂടിയാണ്.

വേദജ്ഞര്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഒരു മന്ത്രം ചൊല്ലും: ‘സത്യം ത്വ ഋതേന പരുഷ്യം ച ആമി’. അര്‍ത്ഥം: അല്ലയോ ഭക്ഷണമേ, നീയാണ് സത്യം. ആയതിനാല്‍ നിനക്ക് ചുറ്റും ഞാന്‍ നീതിയുടെ വൃത്തം ചമയ്ക്കുന്നു. ഭക്ഷണത്തിന് മുന്‍പ് പ്രാര്‍ത്ഥിക്കുന്നത് എല്ലാ വിഭാഗക്കാരുടെയും അനുഷ്ഠാനമാണ്. വാസ്തുശാസ്ത്രപ്രകാരം അടുക്കള പണിയാന്‍ പ്രത്യേക കോണുണ്ട്. ഭക്ഷണം ഉണ്ടാക്കുന്നതിന് മാത്രമല്ല, ഭക്ഷ്യവസ്തു നിര്‍മ്മിക്കുന്നതും ഒരു ഭൗതികപ്രക്രിയ എന്നതിലപ്പുറം വൈകാരികമായ ഒരു ജീവിതരൂപമാണ്. കേരളത്തില്‍ വിഷു കഴിഞ്ഞ് നാലാം നാള്‍ ഭൂമിദേവിയെ പൂജിച്ച് ആരാധിച്ച് മാപ്പപേക്ഷിച്ച്, ശുദ്ധി വരുത്തിയ കലപ്പ കൊണ്ടാണ് നനുന്നനെ ആദ്യ ചാല്‍ ഉഴുന്നത്. ഇത് നെല്‍ക്കൃഷി ഇറക്കാനുള്ള സ്ഥലത്താണ്. റബ്ബര്‍ കൃഷി ഇറക്കുമ്പോള്‍ ഇതില്ല; കാരണം റബ്ബര്‍ ഭക്ഷ്യവസ്തു അല്ല എന്നത് തന്നെ. ഇതൊന്നും ഭക്തിയുമായോ വിശ്വാസവുമായോ കൂട്ടിക്കെട്ടേണ്ടതുമില്ല. ഭക്ഷ്യകര്‍ഷകന് തന്റെ ജോലിയോടുള്ള, കാര്‍ഷികോല്‍പ്പന്നത്തോടുള്ള, അത് വിളയിച്ച് തരുന്ന നനവുറ്റ ഭൂമിയോടും കനിവുറ്റ ഉറവയോടുമുള്ള വിധേയത്വമാണ്, വികാര പ്രകടനമാണ്. സമാനമായ അനുഷ്ഠാനങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ലോകത്തില്‍ എല്ലായിടത്തും കര്‍ഷകര്‍ക്കിടയില്‍ വിവിധ രൂപത്തിലുണ്ട്. മുന്തിരിയില്‍ നിന്ന് വീഞ്ഞുണ്ടാക്കുന്നതും കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടാണ്. ഭക്ഷണത്തിനായി പക്ഷിമൃഗാദികളെ കൊല്ലുന്നതും ദൈവത്തിന്റെ അനുവാദം വാങ്ങിയാണ്.

ഭക്ഷണം ഭക്ഷ്യയോഗ്യമാവുന്നത് അത് യഥാവിധി പാകം ചെയ്യപ്പെടുമ്പോഴാണ്. മൗലികമായ ധര്‍മ്മം വിശപ്പടക്കലാണെങ്കിലും അതിലുമധികം ഒരുപാട് കര്‍മ്മബന്ധങ്ങള്‍, നിയോഗങ്ങള്‍ ഭക്ഷണവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. അവയെല്ലാം സമ്മേളിക്കുമ്പോഴാണ് ഭക്ഷണം ആസ്വാദ്യകരമാവുന്നത്. സ്വന്തം നെറ്റിയിലെ വിയര്‍പ്പ് കൊണ്ടുണ്ടാക്കുന്ന അപ്പത്തോളം വിശപ്പടക്കാന്‍ മറ്റൊന്നിനാവില്ല

ഇത്രയും പറഞ്ഞുവന്നത്, ഭക്ഷണം കഴിക്കല്‍, ഭക്ഷണം ഉണ്ടാക്കല്‍, ഭക്ഷ്യവസ്തുക്കള്‍ തയാറാക്കല്‍, ഭക്ഷ്യവിളകള്‍ കൃഷിചെയ്യല്‍ എന്നതൊന്നും ലോകത്തൊരിടത്തും ഒരിക്കലും യാന്ത്രികമായ ഒരു ജോലിയായിരുന്നില്ല. അത് മഹത്തായ ജീവിതചര്യയുടെ ഭാഗമായിട്ടാണ്. ഭക്ഷണം ഭക്ഷ്യയോഗ്യമാവുന്നത് അത് യഥാവിധി പാകം ചെയ്യപ്പെടുമ്പോഴാണ്. മൗലികമായ ധര്‍മ്മം വിശപ്പടക്കലാണെങ്കിലും അതിലുമധികം ഒരുപാട് കര്‍മ്മബന്ധങ്ങള്‍, നിയോഗങ്ങള്‍ ഭക്ഷണവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. അവയെല്ലാം സമ്മേളിക്കുമ്പോഴാണ് ഭക്ഷണം ആസ്വാദ്യകരമാവുന്നത്. സ്വന്തം നെറ്റിയിലെ വിയര്‍പ്പ് കൊണ്ടുണ്ടാക്കുന്ന അപ്പത്തോളം വിശപ്പടക്കാന്‍ മറ്റൊന്നിനാവില്ല. ആ മാനസികമായ ഇഴയടുപ്പത്തിനാണ് ശാസ്ത്രത്തിന്റെ (പുരോഗതി എന്ന് വിളിക്കാമെങ്കില്‍ അങ്ങനെ) വികാസം പകരംവയ്ക്കാനൊരുങ്ങുന്നത്.

എന്നാല്‍ ക്ഷീണിതരായ പട്ടിണിരാജ്യക്കാരെ, അവരുടെ കുട്ടികളുടെ അസ്ഥിരൂപങ്ങള്‍ കാണുമ്പോള്‍, ജുഹാപെക്ക പിറ്റ്കനിന്‍ എന്ന ശാസ്ത്രജ്ഞന്റെ ശ്രമത്തെ പഴിക്കാനുമാവുന്നില്ല. മനുഷ്യന്റെ സൃഷ്ടിയോന്മുഖമായ ബുദ്ധിശക്തിയുടെ ഏറ്റവും വലിയ ഉല്‍പ്പന്നങ്ങളും കണ്ടുപിടുത്തങ്ങളും അവയുടെ അന്തിമമായ ഉദ്ദേശം മനുഷ്യ പ്രകൃതിയെ മനുഷേ്യാപയോഗവുമായി ഇണക്കിക്കൊണ്ട് ഭൗതികലോകത്തിന് മേലുള്ള മാനവരാശിയുടെ അധീശശക്തിയുടെ പരമകാഷ്ഠയാണെന്നും നിക്കോള ടെല്‍സ ഒരു നൂറ്റാണ്ടിന് മുന്‍പ് പറഞ്ഞത് ഹൃദയത്തോട് ചേര്‍ത്ത് ശാസ്ത്രത്തിന്റെ വളര്‍ച്ചയെ വിവേകത്തിന്റെ അരിപ്പയിലൂടെ അരിച്ചെടുത്ത് ശുദ്ധീകരിച്ച് നമുക്കുപയോഗിക്കാം.

(മുതിര്‍ന്ന ബാങ്ക് ഉദേ്യാഗസ്ഥനും സ്വതന്ത്ര സാമ്പത്തിക, സാമൂഹ്യ, ശാസ്ത്ര, വിദേശകാര്യ നിരീക്ഷകനുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Comments

comments

Categories: FK Special, Slider