നിതി ആയോഗിലെ മാറ്റങ്ങളും ഇന്ത്യയുടെ വികസനവും

നിതി ആയോഗിലെ മാറ്റങ്ങളും ഇന്ത്യയുടെ വികസനവും

സ്വതന്ത്ര ഇന്ത്യയുടെ സുപ്രധാന ആസൂത്രണ പദ്ധതിയായ പ്ലാനിംഗ് കമ്മീഷനെ ഇല്ലാതാക്കിയായിരുന്നു നിതി ആയോഗ് എന്ന സംവിധാനത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കമിട്ടത്. പാതിവഴിയില്‍ അതിനെ ഉപേക്ഷിച്ച് ക്യാപ്റ്റന്‍ അരവിന്ദ് പനഗരിയ യുഎസിലേക്ക് മടങ്ങി. പകരം രാജീവ് കുമാര്‍ എന്ന സാമ്പത്തിക വിദഗ്ധനും എത്തി. നിതി ആയോഗിന്റെ ഫലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമായിരിക്കുന്നു

പ്രമുഖ സാമ്പത്തിക വിദഗ്ധനായ രാജീവ് കുമാറിനെ നിതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തുകഴിഞ്ഞു. ആഗോള തലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അരവിന്ദ് പനഗരിയ നിതി ആയോഗിന്റെ നേതൃസ്ഥാനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ രാജീവ് കുമാറിന്റെ വരവ്.

2014 ഓഗസ്റ്റ് 13നായിരുന്നു ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ സുപ്രധാനമായ പങ്കുവഹിച്ചെങ്കിലും കാലക്രമേണ അപ്രസക്തമായിക്കൊണ്ടിരുന്ന പ്ലാനിംഗ് കമ്മീഷനെ ഇല്ലാതാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന് പകരം വന്ന സംവിധാനമായിരുന്നു നിതി ആയോഗ്, അഥവാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇന്ത്യയെ ഉടച്ചുവാര്‍ത്ത് പുതിയൊരു യുഗത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുക എന്നതായിരുന്നു നിതി ആയോഗിന്റെ അവതരണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്‌നം കണ്ടത്.

65 വര്‍ഷം പഴക്കമുള്ള ആസൂത്രണ കമ്മീഷനു പകരം വന്ന പുതിയ സംവിധാനത്തെ ഏറെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് ബിസിനസ് ലോകം കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വക്താവെന്ന നിലയില്‍ തന്നെ ശ്രദ്ധേയനായ ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറുമായ അരവിന്ദ് പനഗരിയയെയാണ് നിതി ആയോഗിനെ നയിക്കാന്‍ നരേന്ദ്ര മോദി തെരഞ്ഞെടുത്തത്. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതും ഉള്‍പ്പെടെയുള്ള നിരവധി സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാന്‍ നിതി ആയോഗിനായി.

ആരോഗ്യം, വിദ്യാഭ്യാസം, വാട്ടര്‍ മാനേജ്‌മെന്റ് തുടങ്ങിയ രംഗങ്ങളില്‍ സുപ്രധാനമായ പല ഫലങ്ങളുമുണ്ടാക്കാന്‍ നിതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. അതേസമയം, ഇങ്ങനെയൊരു സംവിധാനം വിഭാവനം ചെയ്ത തലത്തിലേക്കുള്ള വളര്‍ച്ച അതിനുണ്ടായതുമില്ല. നിതി ആയോഗ് പരാജയപ്പെട്ടെന്നോ അതിഗംഭീരമായ വിജയം കൊയ്‌തെന്നോ പറയാന്‍ സാധിക്കുന്ന അവസ്ഥയിലല്ല ഇപ്പോള്‍.

രാജ്യത്തുടനീളമുള്ള വികസന പദ്ധതികള്‍ മോണിറ്റര്‍ ചെയ്യുന്നതിലും മറ്റും നിതി ആയോഗ് സുപ്രധാനമായ പങ്ക് വഹിക്കുന്നുമുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ആരോഗ്യകരമായ മത്സരമുണ്ടാക്കുന്ന ആവാസ വ്യവസ്ഥയ്ക്ക് തുടക്കമിടുന്നതിനും ഈ സംവിധാനം കാരണമായിട്ടുണ്ട്. എന്നാല്‍ അതിനിടയിലാണ് സ്ഥാപനത്തിന്റെ നേതൃസ്ഥാനം ഉപേക്ഷിച്ച് കൊളംബിയ സര്‍വകലാശാലയിലേക്ക് മടങ്ങാന്‍ അരവിന്ദ് പനഗരിയ തീരുമാനിച്ചത്. നയങ്ങളിലെ അവ്യക്തതയും ആര്‍എസ്എസിനോടും അനുബന്ധ സംഘടനകളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് ഇതിലേക്ക് നയിച്ചതെന്ന് പലരും ആക്ഷേപം ഉന്നയിക്കുന്നുമുണ്ട്. മോദിയുടെ വികസന നയങ്ങളുടെ ആരാധകനായിരുന്നു പനഗരിയയെങ്കിലും ബിഎംഎസും (ഭാരതീയ മസ്ദൂര്‍ സംഘ്) സ്വദേശി ജാഗരണ്‍ മഞ്ചും ഉള്‍പ്പെടെയുള്ള സംഘപരിവാറിലെ സംഘടനകള്‍ക്ക് നിതി ആയോഗിന്റെ പ്രവര്‍ത്തനശൈലിയില്‍ വലിയ അമര്‍ഷം ഉണ്ടായിരുന്നു. കോര്‍പ്പറേറ്റ് അനുകൂല നയങ്ങളാണ് പനഗരിയയും കൂട്ടരും കൈക്കൊള്ളുന്നതെന്നും നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നുമായിരുന്നു പ്രധാനവിമര്‍ശനങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് പനഗരിയ നേതൃപദവി ഉപേക്ഷിച്ച് പോയതെന്നാണ് പല നിരീക്ഷകരുടെയും വിലയിരുത്തല്‍. ഇപ്പോള്‍ പുതിയ വൈസ് ചെയര്‍മാനായി ചുമതലയേറ്റ രാജീവ് കുമാര്‍ ബിസിനസുമായും നയരൂപീകരണവുമായും ബന്ധപ്പെട്ട നിരവധി മേഖലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിയാണ്.

എന്നാല്‍ പ്രധാനമന്ത്രിയുടെ വിപണി സൗഹൃദ നയങ്ങളും സംഘ പരിവാറിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സ്വദേശി ഇക്കണോമിക്‌സും തമ്മില്‍ എത്തരത്തില്‍ ചേര്‍ന്നുപോകുമെന്നതാണ് കാതലായ പ്രശ്‌നം. ഇതില്‍ ഒരു സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ മുമ്പ് അടല്‍ ബിഹാരി വാജ്‌പേയിക്ക് നേരിട്ട തരത്തിലുള്ള അനുഭവം ഒരുപക്ഷേ മോദിക്കും അഭിമുഖീകരിക്കേണ്ടിവരും.

Comments

comments

Categories: Editorial, Slider