ശ്രീശാന്തിനെതിരായ ആജീവനാന്തകാല വിലക്ക് നീക്കി

ശ്രീശാന്തിനെതിരായ ആജീവനാന്തകാല വിലക്ക് നീക്കി

കൊച്ചി: ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മലയാളി താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തകാല വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ അന്വേഷണം നിലനില്‍ക്കുന്നതല്ലെന്നും ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയ ബിസിസിഐ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും നിരീക്ഷിച്ച കോടതി വിലക്കിന് ആധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കി.

ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 2013 മേയില്‍ ശ്രീശാന്തിനെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായിരുന്നു. ഇതേതുടര്‍ന്ന് ശ്രീശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത ബിസിസിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അന്വേഷണത്തെ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2013 ഒക്‌റ്റോബറില്‍ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്തകാല വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

ദേശീയ, രാജ്യാന്തര മല്‍സരങ്ങളിലുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയതിന് പുറമെ ബിസിസിഐയുടെ കീഴിലുളള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും ശ്രീശാന്തിനെ തടഞ്ഞിരുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക) അനുസരിച്ചുള്ള കുറ്റം ഉള്‍പ്പടെ ചുമത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് പട്യാല അഡിഷണല്‍ സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. സ്‌കോട്ട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

Comments

comments

Categories: Slider, Top Stories