ടൊയോട്ടയും മസ്ദയും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒന്നിച്ചുപ്രവര്‍ത്തിക്കും

ടൊയോട്ടയും മസ്ദയും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒന്നിച്ചുപ്രവര്‍ത്തിക്കും

മസ്ദയുടെ അഞ്ച് ശതമാനം ഓഹരി ടൊയോട്ട സ്വന്തമാക്കും ; യുഎസ്സില്‍ 1.6 ബില്യണ്‍ ഡോളറിന്റെ പ്ലാന്റ് പണിയും

ടോക്കിയോ : ചെറു ജാപ്പനീസ് എതിരാളിയായ മസ്ദ മോട്ടോര്‍ കോര്‍പ്പിന്റെ അഞ്ച് ശതമാനം ഓഹരി ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് സ്വന്തമാക്കും. ടൊയോട്ടയുടെ 0.25 ശതമാനം ഓഹരി മസ്ദയും കരസ്ഥമാക്കും. 1.6 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് യുഎസ്സില്‍ അസ്സംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതിന് ഇരു കമ്പനികളും സഖ്യത്തിലേര്‍പ്പെടുകയും ചെയ്യും. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇരുകൂട്ടരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് അറിയിച്ചു. അസ്സംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. അമേരിക്കയുടെ ഉല്‍പ്പാദന മേഖലയിലെ വലിയ നിക്ഷേപമാണിതെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

പ്ലാന്റ് സ്ഥാപിക്കുന്നത് എവിടെയാണെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്ലാന്റിന് ശേഷിയുണ്ടാകും. ഇരു കമ്പനികളും ഇവിടെ വാഹനങ്ങള്‍ നിര്‍മ്മിക്കും. നാലായിരത്തോളം തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്ന പ്ലാന്റ് 2021 ല്‍ പ്രവര്‍ത്തനം തുടങ്ങും.

ഇലക്ട്രിക് കാര്‍ സാങ്കേതികവിദ്യയിലും ടൊയോട്ടയും മസ്ദയും ഒന്നിച്ചുപ്രവര്‍ത്തിക്കും. വാഹനങ്ങള്‍ സൃഷ്ടിക്കുന്ന വായു മലിനീകരണത്തിനെതിരെ മാനദണ്ഡങ്ങള്‍ കര്‍ശനമാകുന്ന പശ്ചാത്തലത്തിലാണ് കമ്പനികള്‍ വൈദ്യുത വാഹനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കുന്നത്.

ഇലക്ട്രിക് വാഹന മേഖലയില്‍ ഐടി കമ്പനികളായ ആപ്പിള്‍, ഗൂഗ്ള്‍ എന്നിവര്‍ക്കെതിരെയും വാഹന നിര്‍മ്മാതാക്കള്‍ക്കെതിരെയും ശക്തമായ മത്സരം കാഴ്ച്ചവെയ്‌ക്കേണ്ടതുണ്ടെന്ന് ടൊയോട്ട പ്രസിഡന്റ് അകിയോ ടൊയോഡ ടോക്കിയോയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതുതായി രൂപീകരിച്ച ടൊയോട്ടയുടെ ഇലക്ട്രിക് കാര്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണ്.

2050 ഓടെ എല്ലാ വാഹനങ്ങളും സീറോ എമിഷന്‍ ആക്കുകയെന്നതാണ് ടൊയോട്ട നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ (എഫ്‌സിവി) നിര്‍മ്മിക്കുന്നതിനാണ് ടൊയോട്ട വലിയ തോതില്‍ നിക്ഷേപം നടത്തിയിരിക്കുന്നതെങ്കില്‍ എതിരാളികളായ നിസ്സാന്‍, ഫോക്‌സ്‌വാഗണ്‍, ടെസ്‌ല എന്നിവ പൂര്‍ണ്ണ ഇലക്ട്രിക് കാറുകള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. ടൊയോട്ടയും മസ്ദയും തമ്മില്‍ ഒപ്പുവെച്ച കരാറനുസരിച്ച് ഇന്‍-കാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികളും ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ഫംഗ്ഷനുകളും വികസിപ്പിക്കുന്നതിന് ഇരു കൂട്ടരും സഹകരിച്ചുപ്രവര്‍ത്തിക്കും.

ജപ്പാനിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെറിയ എതിരാളികളുമായി സഖ്യം സ്ഥാപിച്ചുവരികയാണ്. സുബാരു കോര്‍പ്പിന്റെ 16.5 ശതമാനം ഓഹരി ടൊയോട്ട നേരത്തെ സ്വന്തമാക്കിയിരുന്നു.

ഗവേഷണ വികസന കാര്യങ്ങളിലും പാര്‍ട്‌സുകള്‍ സപ്ലൈ ചെയ്യുന്നതിനും സഹകരിക്കുന്നതിന് കോംപാക്റ്റ് കാര്‍ നിര്‍മ്മാതാക്കളായ സുസുകി മോട്ടോര്‍ കോര്‍പ്പുമായി ടൊയോട്ട ശ്രമം നടത്തിവരികയാണ്. വളര്‍ന്നുവരുന്ന ഏഷ്യന്‍ വിപണികളില്‍ ചെറിയ എതിരാളികളുടെ വൈദഗ്ധ്യമാണ് ടൊയോട്ട തേടുന്നത്. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന കണക്കുകളുടെ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളാണ് ടൊയോട്ട.

സ്വന്തം മാനേജ്‌മെന്റുമായി മുന്നോട്ടുപോകുന്നതിന് സാധിക്കുന്നിടത്തോളം ടൊയോട്ടയുമായുള്ള സഖ്യം വിപുലീകരിക്കാമെന്ന് മസ്ദ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അകിര മറുമോട്ടോ വ്യക്തമാക്കി. ടൊയോട്ട ഓഹരി സ്വന്തമാക്കിയതോടെ ഭാവിയില്‍ മസ്ദയില്‍ ഉണ്ടായേക്കാവുന്ന ടെക് കമ്പനികളുടെ കടന്നുകയറ്റം ഒഴിവാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മസ്ദയുമായി ഏതെങ്കിലും ടെക്‌നോളജി കമ്പനികള്‍ കൂട്ടുകൂടിയാല്‍ അത് ഭീഷണിയാകുമെന്ന് കരുതി ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞാണ് ടൊയോട്ട ഇപ്പോള്‍ അഞ്ച് ശതമാനം ഓഹരി കരസ്ഥമാക്കിയത്. കാര്‍ നിര്‍മ്മാണത്തില്‍ പ്രാഗല്‍ഭ്യമില്ലാത്ത ടെക് കമ്പനികള്‍ക്ക് യോജിച്ച പങ്കാളിയാണ് മസ്ദ.

ഇപ്പോഴത്തെ കരാര്‍ മസ്ദയെ സംബന്ധിച്ച് വിന്‍-വിന്‍ ആണ്. മസ്ദയെപ്പോലുള്ള ചെറിയ വാഹന നിര്‍മ്മാണ കമ്പനിക്ക് യുഎസ്സില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് കരാര്‍ ഉപകരിക്കും. നിലവില്‍ തങ്ങളുടെ ഏറ്റവും വലിയ വിപണിയായ അമേരിക്കയിലേക്ക് ജപ്പാനിലെയും മെക്‌സിക്കോയിലെയും പ്ലാന്റുകളില്‍നിന്ന് വാഹനങ്ങള്‍ കപ്പല്‍ കയറ്റിവിടുകയാണ്.

ഗവേഷണ വികസന ആവശ്യങ്ങള്‍ക്കായി മസ്ദ ഈ വര്‍ഷം 140 ബില്യണ്‍ യെന്‍ (1.27 ബില്യണ്‍ ഡോളര്‍) ആണ് വകയിരുത്തിയിരിക്കുന്നത്. സ്വന്തം നിലയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിന് ഫണ്ടിന്റെ അപര്യാപ്തത മസ്ദ വലിയ തോതിലാണ് അനുഭവിക്കുന്നത്. സുബാരുവും സുസുകിയും നേരിടുന്നതും ഇതേ ദുര്‍ദ്ദശ തന്നെ. മസ്ദ മോട്ടോര്‍ കോര്‍പ്പിന് ഇപ്പോള്‍ ആവശ്യം വൈദ്യുതീകരണ സാങ്കേതികവിദ്യയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ പ്ലാന്റില്‍ ടൊയോട്ട കൊറോളകളും ഒരു പുതിയ മസ്ദ എസ്‌യുവി ക്രോസ്ഓവറുമാണ് നിര്‍മ്മിക്കുക. തുടര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ മറ്റ് വാഹനങ്ങള്‍ നിര്‍മ്മിക്കും. മെക്‌സിക്കോയില്‍ ഒരു ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പ്ലാന്റില്‍ കൊറോളകള്‍ നിര്‍മ്മിക്കാനാണ് ടൊയോട്ട ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ടൊയോട്ടയ്‌ക്കെതിരെ യുഎസ് അതിര്‍ത്തിയില്‍ തീരുവകള്‍ കൊണ്ട് വന്‍മതില്‍ പണിയുമെന്ന് ഡൊണാള്‍ഡ് ട്രംപ് കണ്ണുരുട്ടിയതോടെ കമ്പനി പേടിച്ചു പിന്‍മാറുകയായിരുന്നു. പകരം മെക്‌സിക്കോയില്‍ ടാക്കോമ ട്രക്കുകള്‍ നിര്‍മ്മിക്കാനാണ് ടൊയോട്ട തീരുമാനിച്ചിരിക്കുന്നത്.

 

Comments

comments

Categories: Auto