ഇലക്ട്രിക് ബൈക്ക് വിപണിയില്‍ തരംഗമാകാന്‍ സീറോ മോട്ടോര്‍സൈക്കിള്‍സിന്റെ DS ZF6.5

ഇലക്ട്രിക് ബൈക്ക് വിപണിയില്‍ തരംഗമാകാന്‍ സീറോ മോട്ടോര്‍സൈക്കിള്‍സിന്റെ DS ZF6.5

വില 10,995 ഡോളര്‍. ഒരു തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 74 സിറ്റി മൈലുകള്‍ താണ്ടാന്‍ കഴിയും

കാലിഫോര്‍ണിയ : ആസ്ഥാനമായ സീറോ മോട്ടോര്‍സൈക്കിള്‍സിന്റെ ഏറ്റവും പുതിയ മോഡലാണ് ഡിഎസ് ഇസഡ്എഫ്6.5 എന്ന ഇലക്ട്രിക് ബൈക്ക്. ടെസ്‌ല മോഡല്‍ 3 കാറിന്റെ മോട്ടോര്‍സൈക്കിള്‍ പതിപ്പെന്നാണ് ഡിഎസ് ഇസഡ്എഫ്6.5 വിശേഷിപ്പിക്കപ്പെടുന്നത്. മിതമായ വിലയില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സൂപ്പര്‍ബ് മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതിയും ഇലക്ട്രിക് ഡിഎസ് ഇസഡ്എഫ്6.5 ന് സ്വന്തം. മനോഹരവും ആകര്‍ഷകവുമാണ് ഈ ഇലക്ട്രിക് ബൈക്ക്. കഴിഞ്ഞ പത്ത് വര്‍ഷമായി മലിനീകരണം സൃഷ്ടിക്കാത്ത, പവര്‍ഫുള്‍ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കുന്ന തിരക്കിലാണ് സീറോ മോട്ടോര്‍സൈക്കിള്‍സ്.

ഒരു തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 74 സിറ്റി മൈലുകള്‍ താണ്ടാന്‍ ഡിഎസ് 6.5 ന് കഴിയും. സാധാരണഗതിയില്‍ ഒരു ദിവസത്തെ ഉപയോഗത്തിന് ഇത് ധാരാളമാണ്. പ്ലഗ്-ഇന്‍ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനും വളരെ എളുപ്പമാണ്. പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുന്നതിന് നാല് മണിക്കൂര്‍ മതി. സൂപ്പര്‍ചാര്‍ജറാണെങ്കില്‍ 90 മിനിറ്റുകൊണ്ട് ഫുള്ളി ചാര്‍ജ്ഡ്. മോട്ടോര്‍സൈക്കിളിന് ശബ്ദം തീരെയില്ലെന്നുതന്നെ പറയാം.

ഡുവല്‍ സ്‌പോര്‍ട് എന്നതിന്റെ ചുരുക്കെഴുത്താണ് ഡിഎസ്. അതായത് ഡര്‍ട്ട്, മഡ്, പാറ, ടാര്‍ റോഡ് തുടങ്ങി എല്ലാവിധ പ്രതലങ്ങളിലൂടെയും ഓടിക്കുന്നതിന് ഈ ബൈക്ക് ഉപയോഗിക്കാം. ഷോവയുടെ അഡ്ജസ്റ്റബ്ള്‍ സസ്‌പെന്‍ഷന്‍, താഴ്ന്ന ഗുരുത്വാകര്‍ഷണ കേന്ദ്രത്തോടെയുള്ള കരുത്തുറ്റ അലുമിനിയം ബോഡി എന്നിവയാണ് ഏത് പ്രതലത്തെയും അനായാസം ടയര്‍ക്കീഴിലാക്കുന്നതിന് ഇലക്ട്രിക് ഡിഎസ് ഇസഡ്എഫ്6.5 നെ സഹായിക്കുന്നത്.

മോഡല്‍ 3 യെപ്പോലെ ഡിഎസ് 6.5 ല്‍ ക്ലച്ച്‌ലെസ് ഡ്രൈവാണ് നല്‍കിയിരിക്കുന്നത്. സീറോ മോട്ടോര്‍സൈക്കിള്‍സിന്റെ മുന്‍ ഡിഎസ് മോഡലുകളേക്കാള്‍ 19 ശതമാനം അധികം ടോര്‍ക്കും 11 ശതമാനം അധികം കരുത്തും ഉല്‍പ്പാദിപ്പിക്കും.

അവിശ്വസനീയമായ വേഗത്തിലും സുഗമമായും (ഗിയറുകള്‍ ഇല്ല) ആക്‌സെലറേറ്റ് ചെയ്യാന്‍ കഴിയും. തടിച്ച, നോബി പിറേലി ടയറുകളാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ ഏകദേശം 100 മൈല്‍ ആണ് പരമാവധി വേഗം.

മുന്‍ മോഡലിനേക്കാള്‍ ഇലക്ട്രിക് ഡിഎസ് ഇസഡ്എഫ്6.5 ന്റെ ഭാരം 96 പൗണ്ട് കുറയ്ക്കുന്നതിന് പുതിയ 34 എച്ച്പി മോട്ടോര്‍ സീറോ മോട്ടോര്‍സൈക്കിള്‍സിനെ സഹായിച്ചു. 317 പൗണ്ട് മാത്രമാണ് ഡിഎസ് 6.5 ന്റെ ഭാരം. ബൈക്കിന് നടുവില്‍ ലോക്ക് ചെയ്യാവുന്ന, വെള്ളം കയറാത്ത രണ്ട് കംപാര്‍ട്ട്‌മെന്റുകള്‍ കാണാം. ഫോണ്‍, വാലെറ്റ്, വാട്ടര്‍ ബോട്ടില്‍ എന്നിവ സൂക്ഷിക്കുന്നതിന് ഈ കംപാര്‍ട്ട്‌മെന്റുകള്‍ ഉപയോഗിക്കാം.

10,995 ഡോളറാണ് ഡിഎസ് 6.5 ന്റെ വില. നിലവില്‍ ലഭ്യമായ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും താങ്ങാവുന്ന വിലയാണിത്. ലൈറ്റ്‌നിംഗ് മോട്ടോഴ്‌സ് വില്‍ക്കുന്ന എല്‍എസ്-218 ന് 39,000 ഡോളറും വിക്ടറി മോട്ടോര്‍സൈക്കിള്‍സിന്റെ എംപള്‍സ് ടിടിക്ക് 20,000 ഡോളറും എനര്‍ജിക്കയുടെ ഈഗോ മോട്ടോര്‍സൈക്കിളിന് 35,000 ഡോളറുമാണ് വില. ഇവയെല്ലാം ഹൈപ്പര്‍ബൈക്കുകളോട് അടുത്തുനില്‍ക്കുന്നതാണ്. ബിഎംഡബ്ല്യു, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നിവ ഇലക്ട്രിക് കണ്‍സെപ്റ്റുകള്‍ അവതരിപ്പിച്ചെങ്കിലും വാഹനം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല.

സിംഗ്ള്‍ ഹെഡ്‌ലൈറ്റ്, ഹൈ-സെറ്റ് ഹാന്‍ഡില്‍ ബാറുകള്‍, ഉയര്‍ന്ന ഫെന്‍ഡറുകള്‍ എന്നിവയും ഡിഎസ് ഇസഡ്എഫ് 6.5 ന്റെ സവിശേഷതകളാണ്.

 

Comments

comments

Categories: Auto