ഒപെക്ക് കരാര്‍ പാലിക്കാത്തവര്‍ക്കെതിരെ സൗദിയും റഷ്യയും സ്വരം കടുപ്പിക്കും

ഒപെക്ക് കരാര്‍ പാലിക്കാത്തവര്‍ക്കെതിരെ സൗദിയും റഷ്യയും സ്വരം കടുപ്പിക്കും

കരാര്‍ പ്രാവര്‍ത്തികമാകുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് ചര്‍ച്ച നടത്തുന്നതിനായി റഷ്യയും സൗദി അറേബ്യയും ഉള്‍പ്പടെയുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്നും നാളെയും അബുദാബിയില്‍ യോഗം ചേരും

അബുദാബി: ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ലംഘിച്ച് കൂടുതല്‍ എണ്ണ കുഴിച്ചെടുക്കുന്ന ഉല്‍പ്പാദകര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ സൗദി അറേബ്യയും റഷ്യയും ഒരുങ്ങുന്നതായി സൂചന. ആഗോള തലത്തിലുള്ള അധിക എണ്ണയുടെ അളവ് കുറച്ച് എണ്ണ വിപണിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഇരു രാജ്യങ്ങളുടേയും നേതൃത്വത്തില്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള കരാറിലേക്ക് എത്തിയത്. ഇത് അനുസരിച്ച് എണ്ണയുടെ പ്രതിദിന ഉല്‍പ്പാദനം 1.8 മില്യണ്‍ ബാരലാക്കി ചുരുക്കിയിരുന്നു.

കരാര്‍ പ്രാവര്‍ത്തികമാക്കുന്നത് ഉറപ്പാക്കാന്‍ ചര്‍ച്ച നടത്തുന്നതിനായി റഷ്യയും സൗദി അറേബ്യയും ഉള്‍പ്പടെയുള്ള ഓയില്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്നും നാളെയും അബുദാബിയില്‍ യോഗം ചേരും. യുഎസ് ക്രൂഡിന്റെ അധിക ലഭ്യതയുടെ പിന്തുണയുണ്ടെങ്കിലും കഴിഞ്ഞ മാസങ്ങളില്‍ ഒപെക്കിന്റെ മൊത്തത്തിലുള്ള ഉല്‍പ്പാദനം വര്‍ധിച്ചത് എണ്ണ വിലയില്‍ ഇടിവ് വരാന്‍ കാരണമായതിനെത്തുടര്‍ന്നാണ് യോഗം ചേരുന്നത്.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ അടുത്തിടെ ചേര്‍ന്ന യോഗത്തിന് ശേഷം ഓരോ രാജ്യത്തിന്റെയും താല്‍പ്പര്യം അനുസരിച്ച് ഉല്‍പ്പാദനം നടത്താന്‍ സാധിക്കില്ലെന്ന് സൗദിയുടെ ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫലിഹ് പറഞ്ഞിരുന്നു. അതുപോലെ റഷ്യന്‍ വിദേശകാര്യ മന്ത്രി അലക്‌സാണ്ടര്‍ നൊവോക് പറഞ്ഞത് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള 100 ശതമാനം സഹകരണം വേണമെന്നാണ്.

ഒപെക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിയില്‍ കൂടുതല്‍ ഉല്‍പ്പാദനം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാനാണ് സൗദി ഒരുങ്ങുന്നത്. എന്നാല്‍ ഇത്തരം രാജ്യങ്ങളെ ഒപെക്കിന്റെ തീരുമാനത്തിന്റെ കീഴിലേക്ക് കൊണ്ടുവരുന്നത് എങ്ങനെയെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ടെന്നും ആര്‍ബിസി കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സിന്റെ കമ്മോഡിറ്റി സ്ട്രാറ്റജി മേധാവി ഹെലിമ ക്രോഫ്റ്റ് പറഞ്ഞു.

പരിധിയില്‍ കൂടുതല്‍ ഉല്‍പ്പാദനം നടത്തിയിരുന്ന യുഎഇ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മീറ്റിംഗിന് ശേഷം സെപ്റ്റംബറില്‍ കയറ്റുമതി 10 ശതമാനം കുറച്ചിരുന്നു. എന്നാല്‍ സൗദി അറേബ്യ ഓഗസ്റ്റില്‍ ഉല്‍പ്പാദനം നിയന്ത്രിച്ചതിന് പിന്നാലെയായിരുന്നു ഉല്‍പ്പാദനം കുറയ്ക്കാനുള്ള യുഎഇയുടെ തീരുമാനം. ഒപെക്കിലെ രണ്ടാമത്തെ ഏറ്റവും വലിയ ഉള്‍പ്പാദകരായ ഇറാഖിനും കരാര്‍ പൂര്‍ണമായി പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ മറ്റുള്ള ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ ബുദ്ധിമുട്ടിലാണ് ഇറാഖ്. കാരണം രാജ്യത്തെ എണ്ണ പൂര്‍ണമായും ഗവണ്‍മെന്റിന്റെ കീഴിലല്ല. അന്താരാഷ്ട്ര കമ്പനികളുമായുള്ള പങ്കാളിത്തത്തിലാണ് രാജ്യത്ത് കൂടുതല്‍ ഉല്‍പ്പാദനം നടക്കുന്നത്

കരാറില്‍ ഉള്‍പ്പെടാത്ത ലിബിയ, നൈജീരിയ രാജ്യങ്ങളിലെ ഉല്‍പ്പാദനം വര്‍ധിക്കുന്നത് നിയന്ത്രിക്കുന്നതിനേക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയാവും. ഉല്‍പ്പാദനം കുറയ്ക്കാന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യോഗത്തില്‍വെച്ച് നൈജീരിയ സമ്മതിച്ചിരുന്നു. എന്നാല്‍ ലിബിയ ഇതുവരെ ഉല്‍പ്പാദനം കുറയ്ക്കാന്‍ സമ്മതിച്ചില്ല. രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി കരാര്‍ പ്രാവര്‍ത്തികമാക്കന്‍ റഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും വിലയിരുത്തുന്നുണ്ട്.

Comments

comments

Categories: Arabia

Related Articles