ഫ്‌ളെക്‌സി നിരക്കിലൂടെ ഒരു വര്‍ഷത്തില്‍ ലഭിച്ചത് 540 കോടി രൂപയുടെ അധിക വരുമാനം

ഫ്‌ളെക്‌സി നിരക്കിലൂടെ ഒരു വര്‍ഷത്തില്‍ ലഭിച്ചത് 540 കോടി രൂപയുടെ അധിക വരുമാനം

ന്യൂഡെല്‍ഹി: ഫ്‌ളെക്‌സി നിരക്ക് സംവിധാനം അവതരിപ്പിച്ചതു വഴി ഇന്ത്യന്‍ റെയ്ല്‍വേയ്ക്ക് ഒരു വര്‍ഷത്തിനകം 540 കോടി രൂപയുടെ അധികവരുമാനം ലഭിച്ചുവെന്നും പദ്ധതി നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുതിര്‍ന്ന റെയ്ല്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 2016 സെപ്റ്റംബര്‍ മുതല്‍ 2017 ജൂണ്‍ 30 വരെയുള്ള കാലയളവിലെ കണക്കാണിത്. 2016 സെപ്തംബറിലാണ് ഫ്‌ളെക്‌സി നിരക്ക് സംവിധാനം ഇന്ത്യന്‍ റെയ്ല്‍വെ ആരംഭിച്ചത്.

രാജധാനി, ശതാബ്ദി, തുരന്തോ എകസ്പ്രസുകളിലെ 10 പത്ത് ശതമാനം സീറ്റുകള്‍ മാത്രം സാധാരണ നിരക്കിലും അതിനു മുകളിലുള്ള ഓരോ 10 ശതമാനം സീറ്റുകള്‍ക്കും 10 ശതമാനം അധിക നിരക്ക് ഈടാക്കുന്നതാണ് പദ്ധതി. പരമാവധി 50 ശതമാനം അധിക നിരക്കാണ് ഈടാക്കുക.

പദ്ധതി നടപ്പിലാക്കിയതിനു ശേഷം 85,000 അധിക യാത്രക്കാരെയാണ് നേടാനായതെന്നും ഈ പദ്ധതിയോട് യാത്രക്കാര്‍ക്കും വിമുഖതയില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും റെയ്ല്‍വേ വൃത്തങ്ങള്‍ പറയുന്നു. പദ്ധതിയില്‍ തുടര്‍ച്ചയായി അവലോകനങ്ങള്‍ റെയ്ല്‍വേ നടത്തുന്നുണ്ട്. അവസാന നിമിഷത്തിലെ യാത്ര ചെയ്യുന്നവരെ ആകര്‍ഷിക്കുന്നതിനായി റെയ്ല്‍വെ ഫ്‌ളെക്‌സി നിരക്ക് ഘടനയില്‍ ഈവര്‍ഷം ചില മാറ്റങ്ങള്‍ കൊണ്ടുവരികയും ചില ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2016 സെപ്റ്റംബര്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവില്‍ തുരന്തോ ട്രെയ്‌നുകള്‍ 140 കോടിയോളം രൂപയാണ് നേടിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനെക്കാള്‍ അധിക തുകയാണിത്. ശതാബ്ദി ട്രെയ്‌നുകള്‍ നേടിയത് 120 കോടിയോളം രൂപയാണ്. മൊത്തം 42 രാജധാനി ട്രെയ്‌നുകളും, 46 ശതാബ്ദി ട്രെയ്‌നുകളും, 54 തുരന്തോ ട്രെയ്‌നുകളുമാണ് സര്‍വീസ് നടത്തുന്നത്.
ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 240 കോടി രൂപയുടെ അധിക വരുമാനമാണ് റെയ്ല്‍വെ നേടിയത്. മൊത്തം വര്‍ഷത്തില്‍ ഇത് ഏകദേശം 960 കോടിയോളം രൂപ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റെയ്ല്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories