ഐഡിയ-വോഡഫോണ്‍ ലയനം ചെലവേറിയതും വെല്ലുവിളി നിറഞ്ഞതുമാണെന്ന് വിദഗ്ധര്‍

ഐഡിയ-വോഡഫോണ്‍ ലയനം ചെലവേറിയതും വെല്ലുവിളി നിറഞ്ഞതുമാണെന്ന് വിദഗ്ധര്‍

വ്യാപാര പങ്കാളികളുമായുള്ള കരാറുകളും ലയനത്തെ സങ്കീര്‍ണമാക്കുന്നു

കൊല്‍ക്കത്ത: റെഗുലേറ്റര്‍ പച്ചക്കൊടി കാട്ടിയതിനെ തുടര്‍ന്ന് ലയന നീക്കവുമായി മുന്നോട്ട് പോവുകയാണ് ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും. എന്നാല്‍ ലയനം വെല്ലുവിളികളും ബുദ്ധിമുട്ടും നിറഞ്ഞതുമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വോഡഫോണ്‍ ഇന്ത്യയുമായുള്ള ലയനത്തിന് കോപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി ലഭിച്ചതിനാല്‍ കമ്പനി ഇപ്പോള്‍ ഏകീകരണത്തിന്റെ വിവിധ വശങ്ങള്‍ ആസുത്രണം ചെയ്യുകയാണെന്ന് ഐഡിയ മാനേജ്‌മെന്റ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
റിലയന്‍സ് ജിയോ ഇന്‍ഫോകോം ഉയര്‍ത്തുന്ന വെല്ലുവിളി വരും പാദങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഐഡിയ-വോഡഫോണ്‍ സംയോജിത കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് നേരിടാന്‍ കഴിയുമോയെന്ന കാര്യം ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എച്ച്എസ്ബിസി പറയുന്നത്.

ബില്ലിംഗ് സംവിധാനങ്ങള്‍, നെറ്റ്‌വര്‍ക്ക് വെന്‍ഡര്‍മാര്‍, സംസ്‌കാരം എന്നിവയുടെ കാര്യത്തില്‍ കാര്യമായ വ്യത്യാസം ഉള്ളതിനാല്‍ ഐഡിയയുടെയും വോഡഫോണിന്റെയും പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കല്‍ എളുപ്പമല്ലെന്നാണ് എച്ച്എസ്ബിസി ഡയറക്റ്റര്‍ രാജിവ് ശര്‍മ ചൂണ്ടിക്കാണിക്കുന്നത്.

ഇരു കമ്പനികള്‍ക്കും സാങ്കേതിക വിദ്യ കൈമാറുന്നവര്‍, ഐടി പങ്കാളികള്‍, മറ്റു പങ്കാളികള്‍ തുടങ്ങിയവര്‍ക്ക് ലയനം പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കുമെന്നാണ് ഭാരതി എയര്‍ടെല്‍ മുന്‍ സിഇഒ സഞ്ജയ് കപൂര്‍ പറയുന്നത്. സ്വാഭാവികമായും നിലവിലെ കരാറില്‍ മാറ്റം വരുത്തുന്നതിലേക്ക് ഇത് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരു കമ്പനികളുടെയും ഏകീകരണം സങ്കീര്‍ണവും ചെലവേറിയതുമാണെന്ന് വിലയിരുത്തുന്നതായി റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ ഡയറക്റ്റര്‍ നിതിന്‍ സോണി പറഞ്ഞു. രാജ്യവ്യാപകമായ നെറ്റ്‌വര്‍ക്ക് ഏകീകരണം ഇരു കമ്പനികള്‍ക്കും ചെലവേറിയതാകും. ടവര്‍ കമ്പനികളുമായുള്ള ചില ദീര്‍ഘകാല കരാറുകള്‍ രണ്ടു കമ്പനികള്‍ക്കും നിര്‍ത്തലാക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടവര്‍, നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍, മാനേജ്ഡ് സര്‍വീസസ്, ഐടി എന്നിവയിലായി അര ഡസനിലധികം കമ്പനികളുമായി വോഡഫോണ്‍ ഇന്ത്യക്കും ഐഡിയക്കും വ്യാപാര പങ്കാളിത്തമുണ്ട്. ഇന്‍ഡസ് ടവേഴ്‌സ്, ഭാരതി ഇന്‍ഫ്രാടെല്‍, അമേരിക്കന്‍ ടവര്‍ കോര്‍പ്, ജിഎല്‍ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയാണ് ടവര്‍ സേവനം ലഭ്യമാക്കുന്നത്‌. ഹുവായ്, എറിക്‌സണ്‍, നോക്കിയ, എന്നിവ വിവിധ യന്ത്ര ഭാഗങ്ങളും ചില മാനേജ്ഡ് സര്‍വീസസും നല്‍കുന്നു. ഐബിഎം, ടെക് മഹിന്ദ്ര, ആക്‌സഞ്ചര്‍ എന്നിവയാണ് ഐടി മേഖലയില്‍ നിന്നുള്ള വിതരണക്കാര്‍.

മറ്റൊരു വെല്ലുവിളി ഐഡിയയുടെയും വോഡഫോണിന്റെയും മാര്‍ക്കറ്റിംഗ് ടീമിനെ സംയോജിപ്പിക്കുകയെന്നതാണ്. സംയോജിത സംരംഭം രണ്ട് കോര്‍പറേറ്റ് ബ്രാന്‍ഡുകളെയും നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത ആയിട്ടില്ല. രണ്ടു ബ്രാന്‍ഡിനെയും മുന്നോട്ടുകൊണ്ടുപോകുക എന്നതിന് കൂടുതല്‍ മാര്‍ക്കറ്റിംഗ് ടീം ആവശ്യമായി വരുമെന്നും അത് നടപ്പാക്കാനിടയില്ലെന്നും നിതിന്‍ സോണി പറഞ്ഞു. വോഡഫോണിനും ഐഡിയയും ഒന്നു ചേരുമ്പോള്‍ ഒരു പരിധിയില്‍ ആവശ്യമുള്ളതിലധികം ടവറുകള്‍ ഉണ്ടാകുന്ന സ്ഥിതി വരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്‌സ് പറയുന്നത്.

Comments

comments

Categories: Business & Economy