ഓഹരി വിറ്റഴിക്കല്‍ എയര്‍ ഇന്ത്യയുടെ വിപുലീകരണത്തിന് തടസമാകില്ല: അശ്വനി ലൊഹാനി

ഓഹരി വിറ്റഴിക്കല്‍ എയര്‍ ഇന്ത്യയുടെ വിപുലീകരണത്തിന് തടസമാകില്ല: അശ്വനി ലൊഹാനി

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ആഗോള വിപുലീകരണ പദ്ധതികളെ തടസപ്പെടുത്തില്ലെന്ന് എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അശ്വനി ലൊഹാനി. ഓഹരി വിറ്റഴിക്കുകയെന്ന വേദനയേറിയ തീരുമാനം കമ്പനിക്കും അതിന്റെ ജീവനക്കാര്‍ക്കും മെച്ചപ്പെട്ട ഭാവിയിലേക്കുള്ള വാതില്‍ തുറക്കും. ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച് ജീവനക്കാര്‍ക്കുള്ള ആശങ്ക അകറ്റുന്നതിനായി താന്‍ അവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ എയര്‍ക്രാഫ്റ്റുകളെയും പൈലറ്റുമാരെയും ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അശ്വനി ലൊഹാനി കൂട്ടിച്ചേര്‍ത്തു.

ഉദാസീനരായി ഇരിക്കേണ്ടതില്ലെന്നും തങ്ങളുടെ പ്രാപ്തിയുടെ 100 ശതമാനവും കാഴ്ചവെക്കണമെന്നും ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഓഹരിവിറ്റഴിക്കലില്‍ തീരുമാനമെടുക്കുമ്പോള്‍ തൊഴിലാളികളുടെ യഥാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കുമെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യയുടെ ദേശീയ, അന്താരാഷ്ട്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ മുന്നോട്ടു നീങ്ങുകയാണ്. ഒക്‌റ്റോബര്‍ വരെ ഓരോ മാസവും പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസ് ആരംഭിക്കും. സ്റ്റോക്‌ഹോമിലേക്കുള്ള പുതിയ റൂട്ട് ഓഗസ്റ്റില്‍ ആരംഭിക്കും. ഒരു മാസത്തിനുശേഷം കോപ്പന്‍ഹേഗനിലേക്ക് മറ്റൊരു റൂട്ട് ആരംഭിക്കും. ഒക്‌റ്റോബറില്‍ ന്യൂഡെല്‍ഹി- ലോസ് ആഞ്ചലസ് ഫ്‌ളൈറ്റ് ആരംഭിക്കും. ഇസ്രയേലിലെ ടെല്‍ അവിവ്, യുഎസിലെ ഡല്ലാസ്, ഹ്യൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ സര്‍വീസ് തുടങ്ങാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ലൊഹാനി പറഞ്ഞു.

നിലവില്‍ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഫാര്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഗള്‍ഫ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ള 30 ഡെസ്റ്റിനേഷനുകളിലേക്ക് എയര്‍ ഇന്ത്യയുടെ നെറ്റ്‌വര്‍ക്ക് എത്തുന്നു. വിദേശ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യയുടെ വരുമാനത്തിന്റെ 65 ശതമാനവും ലഭിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിന് കമ്പനിയുടെ പ്രവര്‍ത്തന ലാഭം ഉയര്‍ത്തുമെന്ന പ്രതീക്ഷയും ലൊഹാനി പങ്കുവെച്ചു. 2015-16ല്‍ 110 കോടിയായിരുന്നു എയര്‍ലൈന്റെ പ്രവര്‍ത്തന ലാഭം. ഇത് 150 കോടി രൂപയാക്കി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Slider, Top Stories