ദോക്‌ലയില്‍ ചൈന സൈനിക നടപടിക്ക് ഒരുങ്ങുന്നു

ദോക്‌ലയില്‍ ചൈന സൈനിക നടപടിക്ക് ഒരുങ്ങുന്നു

നയതന്ത്രതലത്തില്‍ പ്രശ്‌ന പരിഹാരം നീളുന്നു

ന്യൂഡേല്‍ഹി: സിക്കിം അതിര്‍ത്തിയായ ദോക്‌ലയില്‍ ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ രൂപംകൊണ്ട സംഘര്‍ഷം ഒന്നരമാസം പിന്നിട്ടിട്ടും പരിഹാരമാകാതെ നീളുന്നു. ദോക്‌ല മേഖലയില്‍ ഇന്ത്യ വിന്യസിച്ചിട്ടുള്ള സൈനികരെ നീക്കുന്നതിന് ചെറിയ തോതില്‍ സൈനിക നടപടി വേണമെന്ന വിലയിരുത്തലിലേക്ക് ചൈനീസ് സേന എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ സൈനിക നീക്കത്തിനുള്ള ഉത്തരവ് ഉണ്ടായേക്കാമെന്നും ഇതിന് തയാറായിരിക്കണമെന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നു.
ചൈനയുടെ ആറ് മന്ത്രാലയങ്ങളും വിവിധ സ്ഥാപനങ്ങളും ദോക്‌ല വിഷയത്തില്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയത് ആക്രമണത്തിനു മുമ്പ് ഇന്ത്യക്ക് നല്‍കുന്ന മുന്നറിയിപ്പായാണ് ഗ്ലോബല്‍ ടൈംസ് വിലയിരുത്തുന്നത്.

ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക്‌ലയിലേക്ക് എത്തുന്നതിന് ചൈന റോഡ് നിര്‍മാണം ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള യാത്രാമാര്‍ഗത്തെ തടസപ്പെടുത്താന്‍ ചൈനീസ് സൈന്യത്തിന് ഈ റോഡ് സാധ്യത നല്‍കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യ ഈ പദ്ധതിക്ക് എതിരേ രംഗത്തുവന്നു. ഭൂട്ടാനും ചൈനയുടെ റോഡ് നിര്‍മാണത്തെ എതിര്‍ക്കുകയാണ്. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി മറികടന്ന് റോഡ് നിര്‍മാണത്തെ തടസപ്പെടുത്തുകയാണെന്നാണ് ചൈന ആരോപിക്കുന്നത്. ഇന്ത്യ വിന്യസിച്ച സൈനികരെ പിന്‍വലിക്കാതെ ചര്‍ച്ചയ്ക്ക് തയാറല്ലെന്നും ചൈന പറയുന്നു.

ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തെ അറിയിച്ച ശേഷമായിരിക്കും ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിക്ക് ചൈന തയാറാവുക. എങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം അങ്ങേയറ്റം വഷളാകുന്നതിനാണ് അത് വഴിവെക്കുക. നയതന്ത്രപരമായി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നത്. സെപ്റ്റംബറില്‍ ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കു മുമ്പ് പ്രശ്‌ന പരിഹാരം സാധ്യമായില്ലെങ്കില്‍ കൂടുതല്‍ നയതന്ത്ര പ്രതിസന്ധികളിലേക്ക് ഈ വിഷയം നീങ്ങും.

Comments

comments

Categories: Slider, Top Stories