നടപ്പാക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഷന്‍ നവീകരണ പ്രക്രിയ: സുരേഷ് പ്രഭു

നടപ്പാക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഷന്‍ നവീകരണ പ്രക്രിയ: സുരേഷ് പ്രഭു

അങ്ങേയറ്റം സുതാര്യമായ രീതിയിലാണ് പുതിയ കരാര്‍ രീതി നടപ്പിലാക്കുക

ന്യൂഡെല്‍ഹി: സ്റ്റേഷന്‍ പുനര്‍വികസന പദ്ധതിയും പുതിയ ലേല രീതിയും അങ്ങേയറ്റം സുതാര്യമായ രീതിയിലാണ് നടപ്പാക്കുകയെന്ന് റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു. സ്‌റ്റേഷന്‍ പുനര്‍വികസനത്തിന്റെ ഭാഗമായി രാജ്യത്താകമാനമുള്ള 100 റെയ്ല്‍വെ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിന് കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവയെല്ലാം വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.ഇതിന് പുറമെ മറ്റ് 300 സ്‌റ്റേഷനുകള്‍ക്കായി സോണല്‍ മാനേജര്‍മാര്‍ റോഡ് ഷോകളും ലേലത്തിന് മുമ്പായുള്ള യോഗങ്ങളും നടത്തുന്നുണ്ട്. മൊത്തത്തില്‍ 400 സ്റ്റേഷനുകളുടെ നവീകരണമാണ് റെയ്ല്‍വേ നിലവില്‍ ലക്ഷ്യമിടുന്നതെന്ന് സുരേഷ് പ്രപഭു ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

പദ്ധതിക്കാവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും സുതാര്യമായ രീതിയില്‍ പ്രീ-ബിഡ്, ടെന്‍ഡര്‍, എല്ലാത്തരം രേഖകളുടെ തയാറക്കല്‍ എന്നിവ നടപ്പാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഷന്‍ പുനര്‍വികസന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്തില്‍ ഒരിടത്തും ഇത്രയും സ്റ്റേഷനുകള്‍ ഒരുമിച്ച് നവീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റിയല്‍ എസ്റ്റേറ്റ് വിപണിയിലുണ്ടായ ഇടിവ് സ്റ്റേഷന്‍ നവീകരണ പദ്ധതിയിലേക്കുള്ള സ്വകാര്യ മേഖലയുടെ താല്‍പ്പര്യത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ മോശം അവസ്ഥ പദ്ധതിയുടെ മുന്നോട്ടുപോക്കിനെ ബാധിക്കില്ല. നാഷണല്‍ ബില്‍ഡിംഗ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍(എന്‍ബിസിസി -ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാരിന്റെ നിര്‍മാണ കമ്പനി), ഇന്ത്യന്‍ റെയ്ല്‍വേ സ്റ്റേഷന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍- (ഐആര്‍എസ്ഡിസി), സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവരും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്.

വളരേ സുതാര്യമായ കരാര്‍ രീതിയാണ് പദ്ധതിക്കായി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. നാല് ഘട്ടങ്ങളായാണ് കരാര്‍ പ്രക്രിയ നടപ്പാക്കുന്നത്. ഒന്നാമതായി തങ്ങളുടെ ആവശ്യകതകള്‍ വെബ്‌സൈറ്റില്‍ നല്‍കു. ആര്‍ക്ക് വേണമെങ്കിലും കരാറിനായി അപേക്ഷ നല്‍കാനും രൂപരേഖ സമര്‍പ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവും സാമ്പത്തികവുമായി ഘടകങ്ങളെ അടിസ്ഥാനമാക്കി ലഭിച്ച രൂപരേഖയെ വിശകലനം ചെയ്യും. മേഖലയിലെ വിദഗ്ദ്ധര്‍ പിന്നീട് നിര്‍ദേശങ്ങളെ വിലയിരുത്തും. പിന്നീട് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും. വാണിജ്യപരമായി ഈ നിര്‍ദേശത്തെ വിലയിരുത്താന്‍ ആരെയും അനുവദിക്കും. പങ്കാളിത്തം, സുതാര്യത, നവീകരണം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇത് മികച്ച മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റേഷന്‍ വികസന പദ്ധതിയെ മാര്‍ട്ട് സിറ്റികളുമായി ബന്ധിപ്പിക്കുന്നതിനായി ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 100 സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കപ്പെടുമ്പോള്‍ കുറഞ്ഞത് 100 സ്റ്റേഷനുകള്‍ നവീകരിക്കപ്പെടുകയാണെന്നും സുരേഷ് പ്രഭു പറഞ്ഞു.

Comments

comments

Categories: Slider, Top Stories