3,000 കോടി രൂപയുടെ ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

3,000 കോടി രൂപയുടെ ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

വില്‍പ്പനയ്ക്കു വെക്കുന്ന ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുന്ന ഒരു ആഭ്യന്തര നിക്ഷേപകനെ കണ്ടെത്താനാണ് കമ്പനിയുടെ നീക്കം

മുംബൈ: യാത്ര, ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലെയ്ഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് പ്രൈമറി, സെക്കണ്ടറി ഓഹരികളുടെ വില്‍പ്പനയിലൂടെ 3,000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിന് ഒരുങ്ങുന്നു. ഐപിഒ അടക്കമുള്ള ഫണ്ട് സമാഹരണ പദ്ധതികളില്‍ ഉപദേശം നല്‍കുന്നതിനായി ഒരു ആഭ്യന്തര നിക്ഷേപ ബാങ്കിനെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമിച്ചിട്ടുണ്ടെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഐസിഐസിഐ വെഞ്ച്വേഴ്‌സ്, സെക്വോയ കാപ്റ്റല്‍, ടാറ്റ കാപിറ്റല്‍ ഗ്രോത്ത് ഫണ്ട്, ആല്‍ഫാ ടിസി ഹോള്‍ഡിംഗ്‌സ്, ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നവയുടെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭമാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. കമ്പനിയിലെ 60 ശതമാനത്തിലധികം ഓഹരികള്‍ ഇന്ത്യന്‍ ഓഹരിയുടമകളുടെ കൈയിലാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സ്റ്റാര്‍ ഹെല്‍ത്ത് അവസാനമായി ഫണ്ട് സമാഹരണം നടത്തിയത്. ഇതിന്റെ മൂല്യം സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 2010ല്‍ ഐസിഐസിഐ വെഞ്ച്വേഴ്‌സ് ന്യൂനപക്ഷ ഓഹരിക്കായി 120 കോടി രൂപ സ്റ്റാര്‍ ഹെല്‍ത്തില്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റ പ്രീമിയം 1513 കോടി രൂപയും ലാഭം 136 കോടി രൂപയുമായിരുന്നു. അതേസമയം സ്വകാര്യ ഇക്വിറ്റി നിക്ഷേപകരില്‍ ഒരാള്‍ കമ്പനിയിലെ ഓഹരികള്‍ വില്‍ക്കാന്‍ നീക്കമിടുന്നുണ്ടെന്നാണ് സൂചനകള്‍.

വില്‍പ്പനയ്ക്കു വെക്കുന്ന ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുന്ന ഒരു ആഭ്യന്തര നിക്ഷേപകനെ കണ്ടെത്താനാണ് കമ്പനിയുടെ നീക്കം. നിലവിലെ ചട്ടങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനത്തിലധികം വിദേശ നിക്ഷേപം അനുവദിക്കുന്നില്ല. എന്നാല്‍ ഐപിഒയ്ക്ക് പോകാന്‍ അന്തിമമായി കമ്പനി തീരുമാനിച്ചാല്‍ ഈ നീക്കത്തില്‍ മാറ്റമുണ്ടായേക്കാം. സ്റ്റാര്‍ ഹെല്‍ത്തിന് സ്ഥിരമായി വളരുന്ന വിപണി പങ്കാളിത്തവും പ്രവര്‍ത്തന ലാഭവുമുണ്ടെന്നേ കമ്പനി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏതാനും പാദങ്ങളില്‍ കമ്പനിക്ക് 40 ശതമാനം വളര്‍ച്ചയാണുണ്ടായത്.

Comments

comments

Categories: Business & Economy