‘പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഉത്തരവാദിത്വ ടൂറിസം വികസിപ്പിക്കും’

‘പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഉത്തരവാദിത്വ ടൂറിസം വികസിപ്പിക്കും’

കണ്ണൂര്‍ ജില്ലാ കളക്ടറായും ദേശീയ അംഗീകാരം നേടിയ കണ്ണൂര്‍ വിമാനത്താവള പദ്ധതിയുടെ നേതൃസ്ഥാനം വഹിച്ചും ജില്ലയുടെ വികസനത്തിനു ചാലകശക്തിയായി മാറിയ യുവ ഐഎഎസ് ഉദ്യോഗസ്ഥനാണു പി ബാലകിരണ്‍. ലോകത്തെ കേരള ടൂറിസത്തിലേക്കു ആകര്‍ഷിക്കാനുള്ള ദൗത്യത്തിലാണു ബാലകിരണ്‍.

കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ കണ്ണൂരിനെ ചേര്‍ത്തുനിര്‍ത്തിയ ജനകീയ കളക്ടറാണു പി ബാലകിരണ്‍. ഇപ്പോള്‍ സംസ്ഥാന ടൂറിസം ഡയറക്ടറും കണ്ണൂര്‍ വിമാനത്താവള കമ്പനി എംഡിയുടെ ചുമതലയും വഹിക്കുകയാണു ബാലകിരണ്‍.കണ്ണൂരിന്റെയെന്നല്ല, കേരളത്തിന്റെയാകെ പ്രശംസ നേടിയ കണ്ണൂര്‍ വിമാനത്താവള പദ്ധതിയിലൂടെ ദേശീയ അംഗീകാരം വരെ നേടിയെടുത്ത ഈ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പുതിയൊരു ദൗത്യത്തിലാണ്; കേരളത്തിന്റെ ടൂറിസം ഭൂമികയിലേക്ക് ലോകത്തെയാകെ ആകര്‍ഷിച്ചു കൊണ്ടുവരിക എന്ന ദൗത്യം. ‘ഉത്തരവാദിത്വ ടൂറിസം’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കി കൊണ്ടാണ് അദ്ദേഹം ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.ആയുര്‍വേദത്തെ കേരളത്തിന്റെ ബ്രാന്‍ഡ് ഐക്കണായി ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്ന കര്‍മ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര എക്‌സ്‌പോയും, ഓണക്കാലത്ത് ടൂറിസ്റ്റുകളെ വരവേല്‍ക്കുന്നതിനുള്ള വിപുലമായ പരിപാടികളും സംഘടിപ്പിക്കുന്നതിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നു പി ബാലകിരണ്‍ ‘ഫ്യൂച്ചര്‍ കേരള’യുമായി സംസാരിക്കുന്നു.

ഉത്തരവാദിത്വ ടൂറിസത്തിലൂടെ കേരളത്തിന്റെ ടൂറിസം ഭൂമികയില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരാനാണു താങ്കള്‍ ശ്രമിക്കുന്നത് ?

ഉത്തരവാദിത്വ ടൂറിസത്തില്‍ ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന ഒരു പ്രധാന കാര്യം ടൂറിസ്റ്റുകളെ കേരളത്തിന്റെ തനിമയിലേക്ക് ആകര്‍ഷിച്ചു കൊണ്ടു വരികയും ജനങ്ങളെ പങ്കെടുപ്പിച്ച് പ്രാദേശികമായ സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ്. ഇത് ലാഭകരമായി ചെയ്യാന്‍ കഴിയുമെന്നു ഞങ്ങള്‍ തെളിയിക്കാന്‍ പോവുകയാണ്. വലിയ ലാഭമില്ലെങ്കിലും നഷ്ടം ഉണ്ടാകില്ലെന്നു ഞങ്ങള്‍ ഏഴ് ടൂറിസം കേന്ദ്രങ്ങളില്‍ ഇതിനോടകം തെളിയിച്ചിട്ടുമുണ്ട്. പുറത്തു നിന്നും വരുന്ന ടൂറിസ്റ്റുകള്‍ എസി മുറിയില്‍ ടിവി കണ്ട് വിശ്രമിക്കുന്ന രീതി ഇന്ന് ഇല്ല. ആ കാലം മാറുകയാണ്. അവിടെയാണു കേരളത്തിനു മുന്നില്‍ വലിയ സാധ്യതയുള്ളത്. ‘എക്‌സ്പീരിയന്‍സ് ലോക്കലി’ എന്നാണു ടൂറിസ്റ്റുകള്‍ക്കു ഞങ്ങള്‍ നല്‍കുന്ന സന്ദേശം. വിദേശത്തു നിന്നും ടൂറിസ്റ്റുകള്‍ വരുന്നതു കേരളം കാണുന്നതിനാണ്. ഉത്തരവാദിത്വ ടൂറിസത്തിലൂടെ ഇതു നിറവേറ്റാന്‍ സാധിക്കും. ഗവണ്‍മെന്റ് തലത്തില്‍ ഉത്തരവാദിത്വ ടൂറിസത്തിന് സ്റ്റേറ്റ് ലെവല്‍ പ്രോജക്ട് മാത്രമാണ് ഇതു വരെ ഉണ്ടായിരുന്നത്. ഇപ്പോള്‍ പൂര്‍ണമായ ഒരു ഘടന കൊണ്ടുവന്നു. 14 ജില്ലകളിലും സെല്ലുകള്‍ രൂപീകരിച്ചു. കിറ്റ്‌സിനു( Kerala Institute of Tourism and Travel Studies) കീഴില്‍ കോളെജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചു റെസ്‌പോണ്‍സബിള്‍ ടൂറിസത്തില്‍ പരിശീലനത്തിനായി സമ്മര്‍ സ്‌കൂളുകള്‍ ആരംഭിച്ചു. ബജറ്റില്‍ നിശ്ചിത വിഹിതം ആര്‍ടി സെല്ലിനു വേണ്ടി മാറ്റി വെക്കും. ഇതിലേക്കായി എടുക്കാന്‍ പോകുന്ന 40 ഓളം പേര്‍ ഈ ജോലി മാത്രമാണു ചെയ്യാന്‍ പോകുന്നത്. നാട്ടുകാര്‍ക്കു വേണ്ടി ഹോട്ടലുകാര്‍ക്ക് എന്തെല്ലാം സഹായം ചെയ്യാന്‍ പറ്റുമോ ചെയ്തു കൊടുക്കുക, നാട്ടുകാര്‍ക്ക് ടൂറിസത്തില്‍ നിന്ന് വരുമാനം ഉണ്ടാക്കിക്കൊടുക്കുക ഇതായിരിക്കും അവരുടെ ഉത്തരവാദിത്തം.

ടൂറിസത്തിന്റെ കേന്ദ്ര ബിന്ദുവായി യുവാക്കളെ കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. ടൂറിസം എന്നതു മധ്യ വയസിലെത്തിയവരെ സംബന്ധിച്ചിടത്തോളം വിശ്രമ വിനോദമാണ്. എന്നാല്‍ ഇത്തരം വിനോദത്തില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കുറവാണ്. യുവാക്കള്‍ക്കു താല്‍പര്യമുള്ള സാഹസിക ടൂറിസം പോലുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. വിനോദ ടൂറിസത്തിനുപരിയായി യുവാക്കള്‍ താല്‍പര്യം കാണിക്കുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. അതിലൂടെ ഏത് പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റാന്‍ കഴിയും.

കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ വേണ്ടത്ര ഉണ്ടാകുന്നില്ല. കോവളം, വര്‍ക്കല, കുമരകം, മറൈന്‍ ഡ്രൈവ് തുടങ്ങി കുറച്ചു സ്ഥലങ്ങളില്‍ മാത്രം ടൂറിസം ഒതുങ്ങി നില്‍ക്കുകയാണ്. പ്രയോജനപ്പെടുത്താതെ കിടക്കുന്ന കേരളത്തിന്റെ പ്രധാന ആകര്‍ഷണ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ഇതിനു വേണ്ടത്. ഉദാഹരണത്തിനു പൊന്‍മുടി ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണെങ്കിലും അവിടെ ശരിയായ ടൂറിസം സൗകര്യങ്ങളില്ല. ടൂറിസം മേഖലയില്‍ 60 ശതമാനവും ഉടമകളുടെ കൈകളിലാണിരിക്കുന്നത്. ബാക്കി 40 ശതമാനമേ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ളു. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു വേണം വികസന പരിപാടികള്‍ നടപ്പിലാക്കാന്‍. കേരളത്തില്‍ ഒരു പോലെ വികസിപ്പിക്കുകയാണു വേണ്ടത്. ദക്ഷിണ കേരളത്തിലെ പോലെ ഉത്തര കേരളത്തിലും ടൂറിസം ഒരേ പ്രാധാന്യത്തോടെ വികസിപ്പിക്കും. തീര്‍ഥാടന ടൂറിസമാണു കേരളത്തിന്റെ സാധ്യതകളില്‍ ഒന്ന്. പ്രകൃതി രമണീയത ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഇന്റര്‍നാഷണല്‍ എക്‌സപോകള്‍ നടത്തുക, അന്താരാഷ്ട്ര ടൂറിസം പരിപാടികളില്‍ ഭാഗഭാക്കാകുക തുടങ്ങിയ സാധ്യതകളും പ്രയോജനപ്പെടുത്തും. ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സംരംഭമാണ്. ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ രണ്ടു വര്‍ഷത്തിനകം നമ്മള്‍ ഉദ്ദേശിക്കുന്ന തലത്തിലേക്ക് ടൂറിസത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയും.

ഉത്തരവാദിത്ത ടൂറിസത്തിലൂടെ മുന്നോട്ടുവെക്കുന്ന സന്ദേശം എന്താണ്?

പരിസ്ഥിതിക്ക് പ്രശ്‌നങ്ങളുണ്ടാകാത്ത വിധത്തിലാണ് ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്നത്. പ്രാദേശിക ജനതയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ടൂറിസം വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവും നടക്കുക. നാട്ടുകാരെ പങ്കെടുപ്പിച്ചാകും അതാത് പ്രദേശത്ത് ടൂറിസം വികസം നടപ്പാക്കുക. ഏതെല്ലാം മേഖലകളിലാണ് ടൂറിസം വികസനം ആവശ്യമായിട്ടുള്ളത്, അനാവശ്യമായിട്ടുള്ളത് എന്നതില്‍ നാട്ടുകാരുടെ താല്‍പര്യംകൂടി കണക്കിലെടുക്കും. വരുമാനത്തില്‍ ഒരു വിഭാഗം പ്രദേശത്തെ നാട്ടുകാര്‍ക്ക് തന്നെയാകും ലഭിക്കുക. അപ്പോള്‍ പ്രകൃതിയെ നല്ലരീതിയില്‍ സംരക്ഷിച്ചുകൊണ്ടു തന്നെ ടൂറിസം വികസിപ്പിക്കാനും നാട്ടുകാരുടെ എതിര്‍പ്പ് ഇല്ലാതാക്കാനും കഴിയും.

മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന്റെ ഭാവി ശോഭനമാണോ ?

കേരള ടൂറിസം ലോകത്തെ അറിയപ്പെടുന്ന ബ്രാന്‍ഡാണ്. കേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തോട് ഇപ്പോള്‍ മറ്റു പല സംസ്ഥാനങ്ങള്‍ മത്സരിക്കുകയാണ്. മെഡിക്കല്‍ ടൂറിസത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡ് ആകേണ്ടത് ആയുര്‍വേദമാണ്. എന്നാലിപ്പോള്‍ മെഡിക്കല്‍ ടൂറിസത്തിന് ആയുര്‍വേദത്തിനു സ്വീകാര്യത കുറവാണ്. കേരളത്തില്‍ കൂടുതല്‍ ആളുകള്‍ ചികിത്സ തേടി വരുന്നത് അറബി നാടുകളില്‍ നിന്നാണ്. അവര്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെയാണു തെരഞ്ഞെടുക്കുന്നത്. പല മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്കും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഓരോ ആശുപത്രി കാണും. അവിടെ നിന്ന് റഫര്‍ ചെയ്ത് വരുന്നവരായിരിക്കും അധികവും. ആയുര്‍വേദ ചികിത്സ തേടി അത്രയധികം പേര്‍ വരുന്നില്ല. അന്താരാഷ്ട്ര എക്‌സ്‌പോ പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ച് ആയുര്‍വേദത്തിന് പ്രചാരണം നല്‍കുകയാണ് മുന്നിലുള്ള ഒരു മാര്‍ഗം. ആയുര്‍വേദ സ്ഥാപന പ്രതിനിധികളെയും ആയുര്‍വേദ ഡോക്ടര്‍മാരെയും പങ്കെടുപ്പിച്ച് മെഡിക്കല്‍ ടൂറിസത്തിന്റെ ഐക്കണാക്കി ആയുര്‍വേദത്തെ മാറ്റാന്‍ സാധിക്കേണ്ടതുണ്ട്. അത്തരമൊരു ഇന്റര്‍നാഷണല്‍ എക്‌സ്‌പോ ഉടന്‍ നടക്കാന്‍ പോവുകയാണ്. വിഷന്‍ 2020-ന്റെ ഭാഗമായി കേരള ടൂറിസം ബ്രാന്‍ഡ് റീ സ്ട്രക്ചര്‍ ചെയ്യുകയാണ് ലക്ഷ്യം.

കേരള ടൂറിസം ലോകത്തെ അറിയപ്പെടുന്ന ബ്രാന്‍ഡാണ്. കേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തോട് ഇപ്പോള്‍ മറ്റു പല സംസ്ഥാനങ്ങള്‍ മത്സരിക്കുകയാണ്. മെഡിക്കല്‍ ടൂറിസത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡ് ആകേണ്ടത് ആയുര്‍വേദമാണ്. എന്നാലിപ്പോള്‍ മെഡിക്കല്‍ ടൂറിസത്തിന് ആയുര്‍വേദത്തിനു സ്വീകാര്യത കുറവാണ്. അന്താരാഷ്ട്ര എക്‌സ്‌പോ പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ച് ആയുര്‍വേദത്തിന് പ്രചാരണം നല്‍കുകയാണു പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം.

സര്‍ക്കാര്‍ നയങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ടൂറിസം മേഖലയെ എത്രത്തോളം ബാധിക്കുന്നുണ്ട് ?

സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വന്ന മദ്യനിരോധനം പോലുള്ള നടപടികള്‍ ബാധിച്ചു. ടൂറിസം മേഖലയില്‍ ഉണര്‍വുണ്ടായെങ്കിലും തൊട്ടുമുമ്പത്തെ സീസണേക്കാള്‍ കുറവാണ്. അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളൊന്നും ഇക്കാലത്തു കേരളത്തില്‍ നടന്നില്ല. അത് വഴി വരുമാനത്തില്‍ ഇടിവു സംഭവിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ നയത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഇതിനായി സോഷ്യല്‍മീഡിയയെ വലിയതോതില്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം.

കണ്ണൂര്‍ ജില്ലാ കളക്ടറായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ എന്തെല്ലാമാണ്?

കണ്ണൂര്‍ കളക്ടറായി മൂന്നു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിനായുള്ള 800 ഏക്കറിന്റെ മൂന്നാം ഘട്ടം സ്ഥലമെടുപ്പ് ഞാനുള്ളപ്പോളാണ് നടന്നത്. വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ 2016ല്‍ നടത്തിയിരുന്നു. സ്വപ്‌നത്തല്‍ പോലും ചിന്തിച്ചിട്ടില്ല കണ്ണൂര്‍ വിമാനത്താവളത്തിന്റെ എംഡി ആകുമെന്ന്. ഈ ഉത്തരവാദിത്വം ഭാഗ്യമാണ്; ഒപ്പം തന്നെ വലിയ ഉത്തരവാദിത്വവുമാണ്. കണ്ണൂര്‍ വിമാനത്താവളം മറ്റ് വിമാനത്താവളത്തില്‍ നിന്നും വ്യത്യസ്തമായ പദ്ധതിയാണ്. മലബാറിന്റെ വികസന സ്വപ്‌നങ്ങളുടെ കേന്ദ്രം കൂടിയാണ്. കണ്ണൂര്‍ വിമാനത്താവളം ജനങ്ങള്‍ക്കു യാത്ര പോയി വരാനുള്ള സംവിധാനം മാത്രല്ല. മലബാറിന്റെ സമഗ്ര വികസനത്തിനുള്ള രാസത്വരകമായി മാറാന്‍ പോകുകയാണ്. റോഡ് പണി വരുമ്പോഴും വ്യവസായം വരുമ്പോഴും എതിര്‍പ്പുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ ആളുകള്‍ ഇങ്ങോട്ടു ചോദിക്കുകയാണ് എയര്‍പോര്‍ട്ട് വന്നല്ലോ, റോഡ് നിര്‍മിക്കുന്നില്ലേ എന്ന്. അവര്‍ക്ക് അഴീക്കലില്‍ തുറമുഖം വേണം. നാലുവരി പാതവേണം. വ്യവസായം വേണം. കണ്ണൂര്‍ വികസന വിരോധികളുടെ നാടാണെന്നതു തെറ്റിദ്ധാരണയാണ്. മൂന്നു വര്‍ഷം നല്ല അനുഭവങ്ങളാണ് കണ്ണൂര്‍ തന്നിട്ടുള്ളത്. വലിയ തോതില്‍ സ്‌നേഹിക്കുന്ന ആളുകളാണ് അവിടെയുള്ളത്.

കരിയറിന്റെ തുടക്കം എങ്ങനെയാണ്?

സ്വദേശം ഹൈദ്രബാദാണ്. പത്താം ക്ലാസ് വരെ അവിടെയാണു പഠിച്ചത്. ഐഐടി ചെന്നൈയില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ചെയ്തു. ഡിആര്‍ഡിഒയില്‍ നാല് വര്‍ഷം മിസൈല്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചു.ബ്രഹ്‌മോസ്‌ ക്രൂയിസ് മിസൈലിലാണ് കമാന്‍ഡ്‌മെന്റല്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചത്. 2007ല്‍ ഐപിഎസ് സെലക്ഷന്‍ കിട്ടി. പഞ്ചാബ് കേഡറില്‍. രണ്ടാമതും എഴുതി 2008-ല്‍ കേരള കേഡറില്‍ ഐഎഎസ് കിട്ടി. അഞ്ച് ജില്ലകളില്‍ പ്രവര്‍ത്തിക്കാന്‍ പറ്റി. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായാണ് ആദ്യ പോസ്റ്റിംഗ്. തിരുവല്ലയിലും കാസര്‍കോഡും സബ് കളക്ടറായി രണ്ടു വര്‍ഷം ജോലി ചെയ്തു. കാസര്‍കോട് ഇരിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നബാര്‍ഡിന്റെ 200 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കിയതും ചെങ്ങറ സമരക്കാര്‍ക്കു വേണ്ടി പുനരധിവാസ പദ്ധതി നടപ്പിലാക്കിയതും കണ്ണൂര്‍ ജില്ലയിലെ പൊതുസ്ഥലങ്ങള്‍ വികലാംഗര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ മാറ്റിയെടുത്തതും അഭിമാനകരമായ നേട്ടങ്ങളായി കാണുന്നു. ഐടി മിഷന്‍ പദ്ധതിയിലും രണ്ടു വര്‍ഷം ഉണ്ടായിരുന്നു.

ഓണത്തിന് ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരിക്കും ?

സെപ്തംബര്‍ മൂന്നു മുതല്‍ ഒമ്പത് വരെയാണ് ഓണത്തിന്റെ പരിപാടികള്‍. ഇതിനായി ഏഴോളം കമ്മിറ്റികള്‍ രൂപീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 30 ഓളം വേദികളിലായി കലാസാഹിത്യ പരിപാടികള്‍ നടക്കും. 14 ജില്ലാ കേന്ദ്രങ്ങളിലും ഇത്തരം പരിപാടികള്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറേക്കൂടി നല്ല രീതിയില്‍ നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.

Comments

comments

Categories: FK Special, Slider