റേസ്‌മോ സ്‌പോര്‍ട്‌സ് കാര്‍ പദ്ധതി നീട്ടിവെയ്ക്കില്ല ; കിംവദന്തി മാത്രമെന്ന് ടാറ്റ മോട്ടോഴ്‌സ്

റേസ്‌മോ സ്‌പോര്‍ട്‌സ് കാര്‍ പദ്ധതി നീട്ടിവെയ്ക്കില്ല ; കിംവദന്തി മാത്രമെന്ന് ടാറ്റ മോട്ടോഴ്‌സ്

അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ടാറ്റ മോട്ടോഴ്‌സ് വക്താവ്

ന്യൂ ഡെല്‍ഹി : ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയിലാണ് ടാമോ റേസ്‌മോ എന്ന സ്‌പോര്‍ട്‌സ് കാര്‍ കണ്‍സെപ്റ്റ് നമ്മള്‍ കണ്ടത്. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഉപ ബ്രാന്‍ഡായ ടാമോ പുറത്തിറക്കുന്ന ആദ്യ ഉല്‍പ്പന്നം എന്ന അലങ്കാരം കൂടി റേസ്‌മോ കണ്‍സെപ്റ്റിന് ചാര്‍ത്തിനല്‍കിയിരുന്നു. ഭാവിയിലെ ഗതാഗത ആവശ്യങ്ങള്‍ക്ക് ലോകത്തിനൊപ്പം ശരിയായ ട്രാക്കില്‍തന്നെയാണ് തങ്ങള്‍ സഞ്ചരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് തെളിയിക്കുന്നതായിരുന്നു ടാമോ എന്ന ഉപ ബ്രാന്‍ഡിന്റെ പിറവി. 2018 ഓട്ടോ എക്‌സ്‌പോയില്‍ റേസ്‌മോ എന്ന സൂപ്പര്‍ കാറിനെ കാണാമെന്ന് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഒരു സുപ്രഭാതത്തിലാണ് ഞെട്ടിപ്പിക്കുന്നതും ആകെ നിരാശപ്പെടുത്തുന്നതുമായ വാര്‍ത്ത നമ്മളെല്ലാം കേട്ടത്. ടാമോ റേസ്‌മോ തല്‍ക്കാലം കണ്‍സെപ്റ്റായിത്തന്നെ തുടരുമെന്നും ഈ സ്‌പോര്‍ട്‌സ് കാര്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്നില്ലെന്നുമുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. ഭാരിച്ച സാമ്പത്തികച്ചെലവാണ് കാരണം എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

കര്‍ശനമായ ചെലവുചുരുക്കള്‍ നാളുകളിലൂടെയാണ് ടാറ്റ മോട്ടോഴ്‌സ് കടന്നുപോകുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് സമ്മതിച്ചു. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും കിണഞ്ഞ് പരിശ്രമിക്കുകയാണ്. എല്ലാ പ്രോജക്റ്റുകളും മാര്‍ക്കറ്റിംഗ് വിഷയങ്ങളും പുന:പരിശോധിക്കപ്പെടുന്ന സമയമാണിതെന്നും ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. അതേസമയം ടാമോ റേസ്‌മോ പ്രോജക്റ്റ് തല്‍ക്കാലം മാറ്റിവെയ്ക്കുകയാണെന്ന വാര്‍ത്ത കിംവദന്തി മാത്രമാണെന്ന് ടാറ്റ മോട്ടോഴ്‌സ് വക്താവ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മിച്ചുതുടങ്ങിയാല്‍ ഇന്ത്യയില്‍ താങ്ങാനാകുന്ന വിലയില്‍ ലഭിക്കുന്ന സ്‌പോര്‍ട്‌സ് കാറുകളിലൊന്നാകും ടാമോ റേസ്‌മോ. അഡ്വാന്‍സ്ഡ് മോണോകോക്ക് സംവിധാനത്തില്‍ നിര്‍മ്മിക്കുന്ന ടാമോ റേസ്‌മോയിലെ 1.2 ലിറ്റര്‍ എന്‍ജിന്‍ 186 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മുകളിലേക്ക് തുറക്കാവുന്ന ബട്ടര്‍ഫ്‌ളൈ ഡോറുകളാവും റേസ്‌മോയില്‍ കാണാനാവുക.

ടാമോ റേസ്‌മോയെ ഇന്ത്യന്‍, വിദേശ മാധ്യമങ്ങള്‍ പ്രശംസകളാല്‍ മൂടുന്ന കാഴ്ച്ചയാണ് ജനീവ മോട്ടോര്‍ ഷോയ്ക്കുശേഷം കണ്ടത്. ടാമോ റേസ്‌മോയെ ആവേശപൂര്‍വ്വം പുകഴ്ത്തുന്നതില്‍ ഇവര്‍ ഒട്ടും പിശുക്ക് കാണിച്ചില്ല. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ ഭാവിയിലേക്കുള്ള ഉറച്ചതും ധീരവുമായ നടപടിയെന്നും വാഴ്ത്തപ്പെട്ടു.

Comments

comments

Categories: Auto