‘മലിനീകരണമില്ലാ’ മേഖലകള്‍ നിശ്ചയിച്ചില്ലെങ്കില്‍ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് എന്‍ഒസി നല്‍കില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍

‘മലിനീകരണമില്ലാ’ മേഖലകള്‍ നിശ്ചയിച്ചില്ലെങ്കില്‍ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് എന്‍ഒസി നല്‍കില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വാഹനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങള്‍ കണ്ടെത്തിനിശ്ചയിക്കണം

ന്യൂ ഡെല്‍ഹി : ഡെല്‍ഹി-ദേശീയ തലസ്ഥാന മേഖലയില്‍നിന്ന് ഒഴിവാക്കിയ പഴക്കംചെന്ന ഡീസല്‍ കാറുകള്‍ മറ്റിടങ്ങളില്‍ ഓടിക്കുന്നതിന് മുമ്പ് അതാത് സംസ്ഥാനങ്ങള്‍ മലിനീകരണമില്ലാ മേഖലകള്‍ കണ്ടെത്തിനിശ്ചയിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. അല്ലാത്തപക്ഷം ഇത്തരം വാഹനങ്ങള്‍ക്ക് എതിര്‍പ്പില്ലാ സാക്ഷ്യപത്രം (എന്‍ഒസി) നല്‍കില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. വാഹനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങള്‍ കണ്ടെത്തിനിശ്ചയിക്കണമെന്നാണ് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.

വായുസഞ്ചാരം കൂടുതലായ പ്രദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്നും അവിടങ്ങളില്‍ നിരോധിത വാഹനങ്ങള്‍ ഓടിക്കുന്നതിന് അനുമതി നല്‍കാമെന്നുമാണ് ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പത്ത് വര്‍ഷത്തില്‍ക്കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിന് സ്ഥലങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ തയ്യാറല്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. ഉത്തര്‍ പ്രദേശും മറ്റ് ചില സംസ്ഥാനങ്ങളും സ്ഥലങ്ങള്‍ കണ്ടെത്തിയതായി ഡെല്‍ഹി സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബെഞ്ച് മുമ്പാകെ അറിയിച്ചു.

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കാനും നിരത്തുകളില്‍ തടയാനും കഴിഞ്ഞ വര്‍ഷമാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഡെല്‍ഹി സര്‍ക്കാരിനെ നിര്‍ദ്ദേശിച്ചത്. ഡെല്‍ഹി-ദേശീയ തലസ്ഥാന മേഖലയില്‍നിന്ന് ഒഴിവാക്കിയ പതിനഞ്ച് വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ ഓടിക്കുന്നതിന് അനുമതി നല്‍കാമെന്നാണ് പിന്നീട് ട്രിബ്യൂണല്‍ വ്യക്തമാക്കിയത്. എന്നാല്‍ വാഹനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കണ്ടെത്തിയെങ്കില്‍ മാത്രമേ ഡെല്‍ഹി ആര്‍ടിഒ എതിര്‍പ്പില്ലാ സാക്ഷ്യപത്രം നല്‍കൂ.

Comments

comments

Categories: Auto