ജിഎസ്ടി കൗണ്‍സില്‍ ശനിയാഴ്ച; ഇ-വേ മാനദണ്ഡങ്ങളില്‍ തീരുമാനമായേക്കും

ജിഎസ്ടി കൗണ്‍സില്‍ ശനിയാഴ്ച; ഇ-വേ മാനദണ്ഡങ്ങളില്‍ തീരുമാനമായേക്കും

ആന്റി പ്രൊഫിറ്റിംഗ് വകുപ്പ് നടപ്പാക്കുന്നതിനായുള്ള സംവിധാനത്തിനും കൗണ്‍സില്‍ അന്തിമ രൂപം നല്‍കിയേക്കും

ന്യൂഡെല്‍ഹി: ജൂലൈ 1 മുതല്‍ ചരക്കു സേവന നികുതി നടപ്പാക്കി തുടങ്ങിയതിനു ശേഷമുള്ള ആദ്യ സമ്പൂര്‍ണ ജിഎസ്ടി കൗണ്‍സില്‍ യോഗം ശനിയാഴ്ച നടക്കും. നേരത്തേ ജിഎസ്ടിയുടെ നടത്തിപ്പ് രണ്ടാഴ്ച പിന്നിട്ട സന്ദര്‍ഭത്തില്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ഫാബ്രിക്, ഗാര്‍മെന്റ്‌സ് തുടങ്ങിയ മേഖലകളിലെ തൊഴിലുകള്‍ക്കേര്‍പ്പെടുത്തിയിരുന്ന നിരക്ക് കുറച്ച് അഞ്ചു ശതമാനമാക്കാന്‍ ശനിയാഴ്ചത്തെ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തേക്കും.

ചരക്കുസേവന നികുതിക്ക് അനുസൃതമായി വിവിധ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ചരക്കുനീക്കം സുഗമമായിട്ടുണ്ടെന്നാണ് കേന്ദ്ര എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ബോര്‍ഡ് വ്യക്തമാക്കുന്നത്. 29 സംസ്ഥാനങ്ങളില്‍ 25 സംസ്ഥാനങ്ങളും ചെക്ക് പോസ്റ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇ വേ ബില്‍ സംവിധാനം നടപ്പിലാക്കുന്നതോടെ ചരക്കുനീക്കം കൂടുതല്‍ സുഗമമാക്കപ്പെടും എന്നാണ് വിലയിരുത്തല്‍.

50,000 രൂപയ്ക്കു മുകളിലുള്ള ഏതു ചരക്കും അയക്കപ്പെടുന്നതിനു മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്നാണ് ജിഎസ്ടിയിലെ വ്യവസ്ഥ. ഇതു നടപ്പാക്കുന്നതിനായുള്ള ഇ വേ ബില്‍ സംവിധാനത്തിന് ഇനിയും അന്തിമ രൂപമായിട്ടില്ല. ഇക്കാര്യത്തിലും ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചരക്കുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതിന്റെ പരിധി 50,000 രൂപയില്‍ നിന്ന് ഉയര്‍ത്തണമെന്ന് വിവിധ വ്യവസായ മേഖലകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

ജിഎസ്ടിയുടെ നേട്ടങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജിഎസ്ടി നിയമത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആന്റി പ്രൊഫിറ്റിംഗ് വകുപ്പ് നടപ്പാക്കുന്നതിനായുള്ള ഒരു സംവിധാനത്തിനും കൗണ്‍സില്‍ അന്തിമ രൂപം നല്‍കും. ജിഎസ്ടി ആക്റ്റിലെ 171-ാം ഉപവകുപ്പ് പ്രകാരം നികുതി കുറയുന്നതു മൂലം ഉണ്ടാകുന്ന നേട്ടം വ്യാപാരികള്‍ ഉപയോക്താക്കള്‍ക്ക് കൈമാറേണ്ടതാണ്. എന്നാല്‍ ജിഎസ്ടി നടപ്പാക്കിയതിന്റെ ഫലമായി പല മേഖലകളിലും വിലക്കയറ്റമുണ്ടായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം കൗണ്‍സില്‍ പരിശോധിക്കും.

Comments

comments

Categories: Slider, Top Stories