ആദ്യ കൊമേഴ്‌സ്യല്‍ പ്രോജക്റ്റില്‍ പിരാമല്‍ റിയല്‍റ്റി നിക്ഷേപിക്കുന്നത് 2,400 കോടി രൂപ

ആദ്യ കൊമേഴ്‌സ്യല്‍ പ്രോജക്റ്റില്‍ പിരാമല്‍ റിയല്‍റ്റി നിക്ഷേപിക്കുന്നത് 2,400 കോടി രൂപ

കുര്‍ളയില്‍ പതിനാറ് ഏക്കറിലാണ് ‘അഗസ്ത്യ കോര്‍പ്പറേറ്റ് പാര്‍ക്ക്’ ഉയരുന്നത്

മുംബൈ : പിരാമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ പിരാമല്‍ റിയല്‍റ്റി തങ്ങളുടെ ആദ്യ കൊമേഴ്‌സ്യല്‍ പ്രോജക്റ്റില്‍ നിക്ഷേപിക്കുന്നത് 2,400 കോടി രൂപ. മുംബൈ കുര്‍ളയില്‍ പതിനാറ് ഏക്കറിലാണ് പിരാമല്‍ റിയല്‍റ്റിയുടെ ആദ്യ കൊമേഴ്‌സ്യല്‍ പ്രോജക്റ്റായ ‘അഗസ്ത്യ കോര്‍പ്പറേറ്റ് പാര്‍ക്ക്’ ഉയരുന്നത്.

രണ്ട് ഘട്ടങ്ങളിലായി നിര്‍മ്മിക്കുന്ന അഗസ്ത്യ കോര്‍പ്പറേറ്റ് പാര്‍ക്കില്‍ ആകെ 1.9 മില്യണ്‍ ചതുരശ്ര അടി സെയ്‌ലബിള്‍ ഏരിയ ഉണ്ടാകും. എട്ട് ലക്ഷം ചതുരശ്ര അടി വരുന്ന മൂന്ന് കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യ ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനി ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രോജക്റ്റ് പൂര്‍ണ്ണമായി പൂര്‍ത്തിയാക്കുന്നതിന് മൂന്ന് വര്‍ഷംകൂടി വേണ്ടിവരുമെന്നാണ് പിരാമല്‍ റിയല്‍റ്റി കരുതുന്നത്.

വില്‍പ്പന, വാടക എന്നീ വകയില്‍ ആകെ 5,300 കോടി രൂപയുടെ വരുമാനം അഗസ്ത്യ കോര്‍പ്പറേറ്റ് പാര്‍ക്കില്‍നിന്ന് പ്രതീക്ഷിക്കുന്നതായി പിരാമല്‍ എന്റര്‍പ്രൈസസ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആനന്ദ് പിരാമല്‍ പറഞ്ഞു. പിരാമല്‍ റിയല്‍റ്റിയുടെ ആകെ വരുമാനത്തിന്റെ മുപ്പത് ശതമാനത്തോളം ആദ്യ കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സില്‍നിന്ന് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പുതിയ ഓഫീസിനായി ഒക്ടോബറില്‍ 438 കോടി രൂപ ചെലവഴിച്ച് 1.76 ലക്ഷം ചതുരശ്ര അടി കാര്‍പ്പറ്റ് ഏരിയ പിരാമല്‍ എന്റര്‍പ്രൈസസ് സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പിനുകീഴിലെ 800 ഓളം ജീവനക്കാര്‍ വരും ദിവസങ്ങളില്‍ പുതിയ ഓഫീസ് സമുച്ചയത്തിലേക്ക് മാറും.

അഗസ്ത്യ കോര്‍പ്പറേറ്റ് പാര്‍ക്കിനായി സ്ഥലം വാങ്ങിയതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ആകെ 2,400 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്. പ്രോജക്റ്റിന്റെ രണ്ടാം ഘട്ടം രൂപകല്‍പ്പന ചെയ്തതായി ആനന്ദ് പിരാമല്‍ അറിയിച്ചു.

ആഗോള സ്വകാര്യ ഓഹരി നിക്ഷേപ കമ്പനികളായ വാര്‍ബര്‍ഗ് പിന്‍കസ്, ഗോള്‍ഡ്മാന്‍ സാക്‌സ് എന്നിവയില്‍നിന്നാണ് പ്രോജക്റ്റിനായി പ്രധാനമായും ഫണ്ട് സമാഹരിച്ചത്. ഈ രണ്ട് കമ്പനികള്‍ ആകെ 434 മില്യണ്‍ ഡോളറാണ് പിരാമല്‍ റിയല്‍റ്റിയില്‍ നിക്ഷേപിച്ചത്. കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വിപുലീകരിക്കുന്നതിന് മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ ഭൂമി അന്വേഷിക്കുകയാണ് പിരാമല്‍ റിയല്‍റ്റി.

പ്രധാന നഗരങ്ങളില്‍ പ്രൈം ഓഫീസ് സ്‌പേസ് വാടകയ്‌ക്കെടുക്കുന്ന പ്രവണത ശക്തമായി തുടരുന്നുവെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ സിബിആര്‍ഇ ഓഫീസ് മാര്‍ക്കറ്റ് വ്യൂ എന്ന പേരില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2017-18 ഒന്നാം പാദത്തില്‍ 10 മില്യണ്‍ ചതുരശ്ര അടി ഓഫീസ് സ്‌പേസാണ് ഇന്ത്യയില്‍ വാടകയ്ക്ക് നല്‍കിയത്. ഈ കലണ്ടര്‍ വര്‍ഷം രണ്ടാം പാദത്തില്‍ ഓഫീസ് സ്‌പേസ് ആവശ്യകത ഒന്നാം പാദത്തേക്കാള്‍ 28 ശതമാനം വര്‍ധിച്ചു.

മുംബൈ മുളുന്ദിലെ റസിഡന്‍ഷ്യല്‍ പ്രോജക്റ്റിനായി 1,800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പിരാമല്‍ റിയല്‍റ്റി ഈ വര്‍ഷമാദ്യം വ്യക്തമാക്കിയിരുന്നു. ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്, കുര്‍ള, മുളുന്ദ്, താനെ, വര്‍ളി എന്നിവിടങ്ങളിലായി ആകെ 12 മില്യണ്‍ ചതുരശ്ര അടി വരുന്ന കൊമേഴ്‌സ്യല്‍, റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ പിരാമല്‍ റിയല്‍റ്റി.

 

Comments

comments

Categories: Business & Economy