ദുബായിലെ ടോര്‍ച്ച് ടവറില്‍ തീപിടിച്ചു

ദുബായിലെ ടോര്‍ച്ച് ടവറില്‍ തീപിടിച്ചു

2015 ലും ഈ കെട്ടിടത്തില്‍ തീ പിടിച്ചിരുന്നു

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ ഒന്നായ ദുബായിലെദു ടോര്‍ച്ച് ടവറില്‍ തീപിടിച്ചു. ഇന്നലെ വെളുപ്പിനോടെയാണ് തീപിടിത്തമുണ്ടായത്. ദുബായ് സിവില്‍ ഡിഫന്‍സ് ഉടന്‍ എത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

ടോര്‍ച്ച് ടവറിന്റെ മുകളിലെ നിലകളിലാണ് ആദ്യം തീ പിടിച്ചതെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകും. പിന്നീട് തീ വളരെവേഗം പടരുകയായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. 2015 ലും ഈ കെട്ടിടത്തില്‍ തീ പിടിച്ചിരുന്നു.

തീ അണക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ദുബായ് പൊലീസ് കമ്മാന്‍ഡര്‍ ചീഫും ദുബായ് സിവില്‍ ഡിഫന്‍സ് ഡയറക്റ്റര്‍ ജനറല്‍ സ്ഥലത്തെത്തി. കെട്ടിടത്തിലുള്ള എല്ലാവരേയും ഒഴിപ്പിച്ചു. ടോര്‍ച്ച് ടവറിലെ താമസക്കാരെ പ്രിന്‍സസ് ടവറില്‍ താമസിപ്പിക്കാന്‍ തീരുമാനമായി.

തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തം ദുബായിലെ കെട്ടിടങ്ങളില്‍ ഉപയോഗിക്കുന്ന ആവരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

യുകെയില്‍ 80 പേരുടെ ജീവന്‍ കവര്‍ന്ന ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തമുണ്ടായി രണ്ട് മാസം തികയുന്നതിന് മുന്‍പാണ് ഈ സംഭവം. യുകെയില്‍ അപകടമുണ്ടായപ്പോള്‍തന്നെ കെട്ടിടങ്ങള്‍ മോടികൂട്ടിന്‍ ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കളെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു.

2011 ലെ ഏറ്റവും ഉയരം കൂടിയ റസിഡന്‍ഷ്യല്‍ കെട്ടിടമായിരുന്നു ടോര്‍ച്ച്. എന്നാല്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച 23 മറീനയും പ്രിന്‍സസ് ടവറും ഇതിനെ പിന്നിലാക്കുകയായിരുന്നു. 79 നിലകളുള്ള ടോര്‍ച്ച് ടവറില്‍ 1,105 ഫഌറ്റുകളാണുള്ളത്.

Comments

comments

Categories: Arabia