തിരുവമ്പാടിയില്‍ വിമാനത്താവളത്തിനായി സാധ്യതാപഠനം

തിരുവമ്പാടിയില്‍ വിമാനത്താവളത്തിനായി സാധ്യതാപഠനം

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അപര്യാപ്തതകള്‍ പരിഗണിച്ചാണ് നീക്കം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വിമാനത്താവളം തിരുവമ്പാടിയില്‍ സ്ഥാപിക്കുന്നതിന് സാധ്യതാ പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്, മലപ്പുറം ജില്ലാ കലക്റ്റര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ക്കും ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രണ്ടായിരത്തിലേറെ ഏക്കര്‍ വിസ്തൃതിയുള്ള തിരുവമ്പാടി റബ്ബര്‍ എസ്റ്റേറ്റിലാണ് പുതിയ വിമാനത്താവളം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. മുക്കം മുന്‍സിപ്പാലിറ്റിയിലും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലുമായാണ് വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയുടെ വലിപ്പക്കുറവും അറ്റകുറ്റപ്പണികളും കാരണം വലിയ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗ് നടത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതിനാലാണ് കോഴിക്കോട് പുതിയൊരു വിമാനത്താവളത്തിനായുള്ള ആലോചനയുണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തിനായി കൂടുതല്‍ സ്ഥലമേറ്റെടുക്കുന്നത് പ്രതിസന്ധിയിലായതിനാലും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതിയില്ലാത്തതിനാലും പുതിയ വിമാനത്താവളമാണ് മുന്നിലുള്ള ഏക പോംവഴി.

വിമാനത്താവളത്തിനായി തിരുവമ്പാടിയിലെ സ്ഥലം വിട്ടുനല്‍കാന്‍ റബര്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് സന്നദ്ധതഅറിയിച്ചിട്ടുണ്ടെന്നാണ് മലബാര്‍ ഡെപലപ്‌മെന്റ് കൗണ്‍സില്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കരിപ്പൂരില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ നിര്‍മിക്കുന്ന കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്.

Comments

comments

Categories: Slider, Top Stories