ടെസ്‌ലയുടെ സോളാര്‍ റൂഫ് ആദ്യം സ്വന്തമാക്കിയവരില്‍ താനുമുണ്ടെന്ന് ഇലോണ്‍ മസ്‌ക്

ടെസ്‌ലയുടെ സോളാര്‍ റൂഫ് ആദ്യം സ്വന്തമാക്കിയവരില്‍ താനുമുണ്ടെന്ന് ഇലോണ്‍ മസ്‌ക്

താനും ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ജെ ബി സ്‌ട്രോബെലുമാണ് സോളാര്‍ റൂഫിന്റെ ആദ്യ ഉപയോക്താക്കളെന്ന് ഇലോണ്‍ മസ്‌ക്

കാലിഫോര്‍ണിയ : ടെസ്‌ലയ്ക്കുകീഴിലെ സൗരോര്‍ജ്ജ കമ്പനിയായ സോളാര്‍സിറ്റി നിര്‍മ്മിച്ച ഗ്ലാസ് സോളാര്‍ റൂഫ് പാനലുകള്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇലോണ്‍ മസ്‌ക് അനാവരണം ചെയ്തത്. 2017 ല്‍ സോളാര്‍ റൂഫ് പാനലുകള്‍ സ്ഥാപിച്ചുതുടങ്ങുമെന്ന് ആ സമയത്ത് വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുന്നേ, സൗരോര്‍ജ്ജം ലഭ്യമാക്കുന്ന ആദ്യ ടൈലുകള്‍ വീടുകളില്‍ സ്ഥാപിച്ചുകഴിഞ്ഞു, വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നു. സോളാര്‍സിറ്റിയുടെ ഗ്ലാസ് സോളാര്‍ റൂഫ് പാനലുകള്‍ ആദ്യം സ്ഥാപിച്ചത് ആരൊക്കെയെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ താനും കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ജെ ബി സ്‌ട്രോബെലുമാണ് സോളാര്‍ റൂഫിന്റെ ആദ്യ ഉപയോക്താക്കളെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. നിക്ഷേപകര്‍ മുമ്പാകെയാണ് മസ്‌ക് ആ രഹസ്യം അറിയിച്ചത്. സോളാര്‍ റൂഫ് സ്ഥാപിച്ച വീടുകളുടെ ഫോട്ടോകളും അദ്ദേഹം പുറത്തുവിട്ടു. എന്നാല്‍ ഈ ചിത്രത്തില്‍ കാണുന്ന വീട് ആരുടേതെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയില്ല.

സാധാരണ റൂഫിനേക്കാള്‍ ‘സോളാര്‍ റൂഫ്’ സാമ്പത്തികമായി വളരെയധികം താങ്ങാനാകുമെന്ന് ടെസ്‌ല നേരത്തേ പ്രസ്താവിച്ചിരുന്നു. സാധാരണ റൂഫിംഗ് ടൈലുകളേക്കാള്‍ മൂന്ന് മടങ്ങിലധികം ശക്തമാണ് ‘സോളാര്‍ റൂഫ്’ ടൈലുകള്‍. ഭാരമാകട്ടെ പകുതിയോളം മാത്രം. ആസ്ഫാള്‍ട്ട്, കോണ്‍ക്രീറ്റ് എന്നിവയെപ്പോലെ കാലപ്പഴക്കത്തിന്റെ പ്രശ്‌നങ്ങള്‍ തൊട്ടുതീണ്ടില്ല. നിലവില്‍ ലഭ്യമായ റൂഫുകളില്‍ ഏറ്റവും ഈട് നില്‍ക്കുന്നതാണ് ‘സോളാര്‍ റൂഫ്’.

സോളാര്‍, നോണ്‍-സോളാര്‍ എന്നീ രണ്ട് തരത്തില്‍ സോളാര്‍ റൂഫ് ലഭിക്കും. ഗ്ലാസുകൊണ്ട് നിര്‍മ്മിച്ച സോളാര്‍ റൂഫ് ടൈലുകള്‍ വീടിനെ മനോഹരമാക്കും. റൂഫ്, സോളാര്‍ പാനലുകള്‍ എന്നിവ പ്രത്യേകം സ്ഥാപിക്കുന്നതിന് പകരം മേല്‍ക്കൂരയൊന്നാകെ സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിന് സജ്ജമാക്കുകയാണ് ചെയ്യുന്നത്. സോളാര്‍ റൂഫ് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പവര്‍വാള്‍ എന്ന ടെസ്‌ലയുടെ വലിയ ബാറ്ററിയിലാണ് സംഭരിക്കുന്നത്. വീടിന് വേണ്ടതിലധികം വൈദ്യുതി ഇങ്ങനെ സംഭരിക്കാന്‍ കഴിയും.

സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതിന് പാനസോണിക്കുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് ടെസ്‌ല കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ന്യൂ യോര്‍ക്കിന് സമീപം ബഫലോ നഗരത്തിലെ ടെസ്‌ല ഫാക്ടറിയിലാണ് ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍ നിര്‍മ്മിക്കുക.

Comments

comments

Categories: More