ടാറ്റ ഗ്രൂപ്പുമായുള്ള വന്‍ സഖ്യ പദ്ധതിയില്‍ നിന്ന് ഭാരതി എന്റര്‍പ്രൈസസ് പിന്‍മാറി

ടാറ്റ ഗ്രൂപ്പുമായുള്ള വന്‍ സഖ്യ പദ്ധതിയില്‍ നിന്ന് ഭാരതി എന്റര്‍പ്രൈസസ് പിന്‍മാറി

ജിയോ ഉയര്‍ത്തുന്ന കടുത്ത സമ്മര്‍ദവും ലയനത്തിലെ സങ്കീര്‍ണതകളും പിന്‍മാറ്റത്തിന് കാരണമായി

ന്യൂഡെല്‍ഹി: ടാറ്റാ ഗ്രൂപ്പിന്റെ ടെലികോം, വിദേശ കേബിള്‍, എന്റര്‍പ്രൈസ് സംരംഭങ്ങള്‍, ഡിടിഎച്ച്, ടിവി ബിസിനസ് എന്നീ ബിസിനസുകളുമായി കൂടിച്ചേര്‍ന്ന് വന്‍ സഖ്യം സൃഷ്ടിക്കാനുള്ള നീക്കം ഭാരതി എന്റര്‍പ്രൈസസ് ഉപേക്ഷിച്ചു. ഇന്ത്യന്‍ ടെലികോം വിപണിയില്‍ കനത്ത മത്സരം നിലവില്‍ നടക്കുന്നതിനാല്‍ ടെലിനോര്‍ ഇന്ത്യയെ ഏറ്റെടുക്കാനുള്ള നീക്കവും അവര്‍ അവസാനിപ്പിച്ചിട്ടുണ്ട്. സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതിക്ക് ജൂണ്‍ അവസാനത്തിലെ കണക്കു പ്രകാരം 87,840 കോടി രൂപയുടെ കടബാധ്യതയാണുള്ളത്. തങ്ങളുടെ ടവര്‍ ശാഖയായ ഭാരതി ഇന്‍ഫ്രാടെല്ലിലെ ഓഹരികളുടെ തന്ത്രപരമായ വില്‍പ്പന വഴി ഈ കടബാധ്യതയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നേടാനാണ് ഭാരതിയുടെ ശ്രമം.

ഭാരതി എയര്‍ടെലിന്റെ മൂന്നിലൊന്നിനു മുകളില്‍ ഓഹരികള്‍ സ്വന്തമാക്കിയിട്ടുള്ള സിംഗപ്പൂര്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും ലയന നീക്കത്തിലെ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. വിപണിയില്‍ റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടുന്നതിനായാണ് വന്‍ സഖ്യത്തിന് ഭാരതി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നുത്.

ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത ടാറ്റ ടെലിസര്‍വീസസ്, ടാറ്റ സ്‌കൈ, ലിസ്റ്റ് ചെയ്യപ്പെട്ട ടാറ്റ കമ്മ്യൂണിക്കേഷന്‍ എന്നിവയും ടാറ്റയുടെ ഡിടിഎച്ച് വിഭാഗവും ഭാരതി എയര്‍ടെലുമായി ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇരുഭാഗവും നടത്തിയിരുന്നു. ടാറ്റസണ്‍സിന്റെ ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ ഫെബ്രുവരിയില്‍ സ്ഥാനമേറ്റതിനെ തുടര്‍ന്ന് ഈ ചര്‍ച്ചകള്‍ക്ക് വേഗം കൈവന്നിരുന്നു.

ജിയോയുമായുള്ള പോരാട്ടത്തില്‍ ഉപഭോക്തൃ അടിത്തറ നിലനിര്‍ത്തുന്നതില്‍ എയര്‍ടെല്‍ പിന്നോട്ടു പോകുന്നുവെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. ടാറ്റയുടെ എന്റര്‍പ്രൈസ് ഡിടിഎച്ച് ബിസിനസുകള്‍ ആകര്‍ഷകമാണെങ്കിലും അവ എയര്‍ടെലിന്റെ മുഗണനാ മേഖലകള്‍ക്ക് പുറത്തുള്ളവയാണ്. കൂടാതെ, ടാറ്റാ ടെലിയുടെ കൈവശമുള്ള സ്‌പെക്ട്രത്തിന്റെ ഫ്രീക്വന്‍സി എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ വിന്യസിച്ചിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്. ടാറ്റ ടെലിയുടെ എയര്‍വേവുകള്‍ ഏറ്റെടുക്കുന്നതിനും അവ 4 ജി സേവനത്തിന് ഉപയോഗിക്കുന്നതിനും 1.7 ബില്യണ്‍ ഡോറളാണ് എയര്‍ടെല്‍ ചെലവഴിക്കേണ്ടി വരിക. സാമ്പത്തിക സമ്മര്‍ദം നേരിടുന്ന സമയത്ത് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. ഐഡിയ സെല്ലുലാര്‍-വോഡഫോണ്‍ ഇന്ത്യ എന്നിവയുടെ ലയനം വഴി ടെലികോം മേഖലയിലെ മല്‍സരം കൂടുതല്‍ കനക്കുമെന്നാണ് എയര്‍ടെല്‍ കണക്കുകൂട്ടുന്നത്.

നഷ്ടത്തിലായ തങ്ങളുടെ ടെലികോം ബിസിനസിനെ കൈയൊഴിയാന്‍ ടാറ്റയ്ക്കുമുള്ള അവസരമായിരുന്നുവിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടെലികോം ബിസിനസില്‍ നിന്ന് പുറത്തുകടക്കാന്‍ ടാറ്റ ശ്രമിക്കുന്നുണ്ട്. വോഡഫോണിനോടും ഇതുസംബന്ധമായി ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ 30,000 കോടിയോളം രൂപയുടെ കടവും മുന്‍ പങ്കാളികളായ എന്‍ടിടി ഡോകോമയുമായുള്ള തര്‍ക്കവും കാരണം ഈ ചര്‍ച്ചയില്‍ മുന്നോട്ട് പോകാനായില്ല.

Comments

comments

Categories: Business & Economy