യുഎന്‍ ഖത്തറിനെ ഉപരോധിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍

യുഎന്‍ ഖത്തറിനെ ഉപരോധിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍

തീവ്രവാദ സംഘടനകളുമായുള്ള ഖത്തറിന്റെ ബന്ധം യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അന്വേഷിക്കണമെന്നും ആവശ്യം

അബുദാബി: ഖത്തറിനെ ഉപരോധിക്കണമെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി അറബ് രാജ്യങ്ങള്‍. തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നെന്നും ഇറാനുമായി സൗഹൃദം സ്ഥാപിച്ചെന്നും ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ രാജ്യത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ ഖത്തറിനെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യങ്ങള്‍.

കൗണ്‍സിലിലെ റൊട്ടേറ്റിംഗ് സീറ്റുകളില്‍ ഒന്നില്‍ ഇരിക്കുന്ന ഈജിപ്റ്റ് വഴിയാണ് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരായി ശബ്ദമുയര്‍ത്തുന്നത്. തീവ്രവാദ സംഘടനകളുമായുള്ള ഖത്തറിന്റെ ബന്ധം കൗണ്‍സില്‍ അന്വേഷിക്കണമെന്നാണ് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് പ്രമുഖ അന്താരാഷ്ട്ര അഭിഭാഷകന്‍ റോബര്‍ട്ട് ആംസ്റ്റര്‍ഡാം വ്യക്തമാക്കി. ഇറാഖിലെ തീവ്രവാദ ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ രാജ കുടുംബാംഗത്തെ മോചിപ്പിക്കുന്നതിനായി ഖത്തര്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കിയെന്ന ആരോപണം കൗണ്‍സില്‍ അന്വേഷിക്കണമെന്ന് ഈജിപ്റ്റ് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇൗ ആരോപണം ഖത്തര്‍ നേരത്തെ തള്ളിയിരുന്നു.

ഭീകര വിരുദ്ധ ഉടമ്പടി ലംഘിച്ചതിനാല്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ വോട്ടെടുപ്പ് നടത്തണമെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഈജിപ്റ്റ് ആവശ്യപ്പെട്ടെന്നും ആംസ്റ്റര്‍ഡാം പറഞ്ഞു. എന്നാല്‍ ഭീകര വിരുദ്ധ ഉടമ്പടി ലംഘിച്ചതിന്റെ പേരില്‍ ഖത്തറിന് മേല്‍ ഉപരോധം കൊണ്ടുവരുക അസാധ്യമാണെന്ന് അദ്ദേഹം വിലയിരുത്തി.

നിലവില്‍ അല്‍ ഖ്വൊയ്ദ, താലിബാന്‍ തുടങ്ങിയ ഭീകരവാദ സംഘടനകള്‍ക്കും ഇതുമായി ബന്ധപ്പെട്ട ആളുകള്‍ക്കും മേലാണ് യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ഇറാന് എതിരേ ആയുധ ഉപരോധവും കൊണ്ടുവന്നിട്ടുണ്ട്. യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംഘടനകളുമായി ഖത്തറിന് നേരിട്ട് ബന്ധമുണ്ടെന്നും ഇറാനുമായുള്ള ആയുധ ഉപരോധം ലംഘിച്ചെന്നും തെളിഞ്ഞാല്‍ മാത്രമേ ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യത തെളിയൂ. മാത്രമല്ല വോട്ടിനിട്ട് അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഇത് നടപ്പാവൂയെന്നും അംസ്റ്റര്‍ഡാം പറഞ്ഞു.

Comments

comments

Categories: Arabia