ജിസിസിയിലെ ജനസംഖ്യ വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്പാനിഷ് നിര്‍മാണക്കമ്പനി

ജിസിസിയിലെ ജനസംഖ്യ വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്പാനിഷ് നിര്‍മാണക്കമ്പനി

ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവ് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും ഇത് കമ്പനിയെ വളര്‍ച്ചയിലേക്ക് നയിക്കുമെന്നും അക്‌സിയോണ

ദുബായ്: എണ്ണവിലയിലുണ്ടായ ഇടിവിനേക്കാള്‍ ജനസംഖ്യയിലുണ്ടായ വളര്‍ച്ച ജിസിസിയുടെ നിര്‍മാണ മേഖലയെ മുന്നോട്ടു നയിക്കുമെന്ന് സ്പാനിഷ് നിര്‍മാണ കമ്പനിയായ അക്‌സിയോണ. ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവ് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും ഇത് കമ്പനിയെ വളര്‍ച്ചയിലേക്ക് നയിക്കുമെന്നുമാണ് അക്‌സിയോണ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ എണ്ണ വില ഇടിഞ്ഞതോടെയുണ്ടായ പ്രതിസന്ധി അവസാനിപ്പിക്കാനാകും.

നിലവില്‍ മാര്‍ക്കറ്റില്‍ അടിസ്ഥാനസൗകര്യ പദ്ധതികളുടെ നിര്‍മാണമാണ് കൂടുതല്‍ നടക്കുന്നതെന്ന് അക്‌സിയോണയുടെ മിഡില്‍ ഈസ്റ്റ് ഡയറക്റ്റര്‍ ജീസസ് സാന്‍ചോ പറഞ്ഞു. മേഖലയിലെ ജനസംഖ്യയില്‍ തുടര്‍ച്ചയായ വളര്‍ച്ചയുണ്ടാകുന്നതിനാല്‍ ഹെല്‍ത്ത്‌കെയര്‍, ഹൗസിംഗ്, വാണിജ്യം എന്നീ ആവശ്യങ്ങള്‍ക്കോ ഗതാഗതമേഖലയ്‌ക്കോ വേണ്ടി കൂടുതല്‍ അടിസ്ഥാനസൗകര്യ പദ്ധതികള്‍ കൊണ്ടുവരേണ്ടതായി വരും.

സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റേയും ഐസിഎഇഡബ്യുവിന്റേയും കണക്കുകള്‍ അനുസരിച്ച് ജിസിസിയിലെ ജനസംഖ്യയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. യുകെയിലും യുഎസിലും ഉണ്ടാവുന്നതിന്റെ ആറ് മടങ്ങ് വളര്‍ച്ചയാണ് ഇവിടെയുള്ളത്. യുഎഇയില്‍ ഓരോ മൂന്ന് മിനിറ്റിലും ഒരു കുട്ടി വീതം ജനിക്കുന്നുണ്ടെന്നാണ് കണക്ക്.

ജനസംഖ്യയില്‍ ഉയര്‍ന്ന വളര്‍ച്ചയുണ്ടാകുന്നത് ജലം, വൈദ്യുതി പോലുള്ള അവശ്യ മേഖലകളിലെ പദ്ധതികളിലും സ്വാധീനം ചെലുത്തും. കൂടുതല്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വരുന്നത് അക്‌സിയോണയുടെ മിഡില്‍ ഈസ്റ്റ് മേഖലയിലെ വളര്‍ച്ച പ്രതിവര്‍ഷം 10 ശതമാനമാകാന്‍ കാരണമാകും. കഴിഞ്ഞ വര്‍ഷം 1.3 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ ലാഭം. ഇതില്‍ 70 ശതമാനവും സ്വന്തമാക്കിയത് യുഎഇയില്‍ നിന്നായിരുന്നു.

നിലവില്‍ കമ്പനി ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് യുഎഇയിലാണെന്നും കരാറുകള്‍ നല്‍കുന്നത് രാജ്യം ഇതുവരെ അവസാനിപ്പിച്ചിട്ടില്ലെന്നും സാന്‍ചോ വ്യക്തമാക്കി. കമ്പനി അംഗമായ കണ്‍സോഷ്യത്തിനാണ് ദുബായ് മെട്രോ നവീകരിക്കുന്നതിനുള്ള 2.5 ബില്യണ്‍ ഡോളറിന്റെ കരാര്‍ ലഭിച്ചത്. ഇതുകൂടാതെ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ സോളാര്‍ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള 800 മില്യണ്‍ ഡോളറിന്റെ കരാറും കമ്പനിക്ക് മുതല്‍ക്കൂട്ടായി.

യുഎഇ കൂടാതെ സൗദി അറേബ്യയാണ് കമ്പനി പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു രാജ്യം. വിഷന്‍ 2030 ന്റെ ഭാഗമായി ഉയര്‍ന്നുവന്നിരിക്കുന്ന നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പദ്ധതിയും വികസന അജണ്ടകളും സ്വകാര്യനിക്ഷേപം നടത്താന്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നുതരുമെന്ന വിശ്വാസത്തിലാണ് അക്‌സിയോണ.

എണ്ണവിലയില്‍ ഇടിവുണ്ടായതോടെ ജിസിസി രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ പണം ചെലവാക്കുന്നത് വെട്ടിക്കുറക്കാനും ചില പദ്ധതികളുടെ നിര്‍മാണം നീട്ടിവെയ്ക്കാനും തൊഴിലുകള്‍ വെട്ടിക്കുറക്കാനും നിര്‍ബന്ധിതരായി. മേഖലയിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ സൗദി അറേബ്യയിലെ കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തില്‍ കരാറുകളില്‍ 2015 ല്‍ ഉണ്ടായതിനേക്കാള്‍ 51 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇത് വ്യക്തമാക്കുന്നത് മിഡില്‍ ഈസ്റ്റിലെ നിര്‍മാണ മേഖലയിലുണ്ടായ ഇടിവാണെന്ന് ഇ ആന്‍ഡ് വൈ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിയിലെ നിര്‍മാതാക്കളായ അല്‍ ഖോതാരി 2015 ല്‍ 8000 ത്തില്‍ അധികം തൊഴിലുകളാണ് വെട്ടിക്കുറച്ചത്. അതുപോലെ ബിന്‍ലാദിന്‍ ഗ്രൂപ്പിലെ രണ്ട് ലക്ഷം വരുന്ന തൊഴിലാളികളില്‍ നിന്ന് 60,000 പേരെ പറഞ്ഞുവിട്ടെന്നും കണ്‍സല്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Arabia