നികുതി നിയമം യുഎഇയുടെ അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുമെന്ന് നിരീക്ഷകര്‍

നികുതി നിയമം യുഎഇയുടെ അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുമെന്ന് നിരീക്ഷകര്‍

ടാക്‌സ് പ്രൊസീജ്യര്‍ ലോ അനുസരിച്ച് എല്ലാ ബിസിനസുകളും അവശ്യമായ എല്ലാ രേഖകളും എഫ്ടിഎയ്ക്ക് നല്‍കേണ്ടതായി വരും. കൃത്യമായ ഓഡിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി അഞ്ച് വര്‍ഷത്തെ സാമ്പത്തിക വിവരങ്ങള്‍ സൂക്ഷിക്കണം.

അബുദാബി: മൂല്യ വര്‍ധിത നികുതിയും (വാറ്റ്) എക്‌സൈസ് നികുതിയും നടപ്പിലാക്കുന്നതിന് മുന്നോടിയായി യുഎഇ കൊണ്ടുവന്ന പുതിയ നികുതി നിയമം അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് നിരീക്ഷണം. പുതിയ നിയമം അനുസരിച്ച് പണത്തിനെ അടിസ്ഥാനമാക്കിയുള്ള ബിസിനസുകള്‍ കണക്കുകള്‍ സൂക്ഷിക്കേണ്ടിവരും. ഇത് അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകെട്ടാന്‍ സഹായിക്കുമെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി.

പുതുതായി കൊണ്ടുവരാന്‍ പോകുന്ന യുഎഇയുടെ നികുതി സംവിധാനത്തില്‍ അടിത്തറ ഉറപ്പിക്കുന്നതിനാണ് കഴിഞ്ഞ ദിവസം യുഎഇ ടാക്‌സ് പ്രൊസീജ്യര്‍ ലോ പുറത്തിറക്കിയത്. ഇതോടൊപ്പം നികുതി സ്വീകരിക്കുതിനെ നിയന്ത്രിക്കുന്നതിനും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ സ്ഥാനം വിശദീകരിക്കാനും നിയമത്തിന് സാധിക്കും. വാറ്റും, എക്‌സൈസ് ടാക്‌സും ഉള്‍പ്പടെയുള്ള നികുതികള്‍ സ്വീകരിക്കുന്നതിലാണ് നിയമം കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നത്.

പക്വതയാര്‍ന്ന സാമ്പദ്‌വ്യവസ്ഥയാണ് യുഎഇയ്ക്കുള്ളത്. എന്നാല്‍ അനൗദ്യോഗികമായ ബിസിനസുകള്‍ അപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ലോ ഫേമായ സ്‌ക്വയര്‍ പാറ്റണ്‍ ബോഗ്ഗ്‌സിന്റെ ടാക്‌സ് ആന്‍ഡ് പബ്ലിക് പോളിസി പാര്‍ട്ണറായ ജെറിമി കോപ് പറഞ്ഞു. ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബിസിനസ്സുകള്‍ അല്ലാതെ ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇതിനെല്ലാം മാറ്റം കൊണ്ടുവരാന്‍ പുതിയ നിയമത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാക്‌സ് പ്രൊസീജ്യര്‍ ലോ അനുസരിച്ച് എല്ലാ ബിസിനസുകളും അവശ്യമായ എല്ലാ രേഖകളും എഫ്ടിഎയ്ക്ക് നല്‍കേണ്ടതായി വരും. കൃത്യമായ ഓഡിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി അഞ്ച് വര്‍ഷത്തെ സാമ്പത്തിക വിവരങ്ങള്‍ സൂക്ഷിക്കണം. ഇതിലൂടെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് നിയമവിദഗ്ധരുടെ നിരീക്ഷണം.

പുതിയ നിയമത്തിന് അനുബന്ധമായ മറ്റ് നിയമങ്ങളും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആറ് മാസം കൊണ്ട് ഇത് നടപ്പാക്കുമെന്ന് യുഎഇ ലോ ഫേമായ അല്‍ തമിമി ആന്‍ഡ് കമ്പനിയിലെ മുതിര്‍ന്ന നികുതി ഉപദേശകനായ ഷിറാസ് ഖാന്‍ പറഞ്ഞു.

Comments

comments

Categories: Arabia