ആര്‍കോം-എയര്‍സെല്‍ ലയനത്തിന് സുപ്രീംകോടതിയുടെ അനുമതി വേണം: ടെലികോം വകുപ്പ്

ആര്‍കോം-എയര്‍സെല്‍ ലയനത്തിന് സുപ്രീംകോടതിയുടെ അനുമതി വേണം: ടെലികോം വകുപ്പ്

2 ജി സ്‌പെക്ട്രത്തിന്റെ വില്‍പ്പനയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും 2006ല്‍ സുപ്രീംകോടതി എയര്‍സെലിനെ വിലക്കിയിട്ടുണ്ട്

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡും (ആര്‍കോം) എയര്‍സെലും തമ്മിലുള്ള ലയന ഇടപാടിനെ തങ്ങള്‍ അംഗീകരിക്കുന്നതിന് മുന്‍പ് സുപ്രീംകോടതിയുടെ ക്ലിയറന്‍സ് വേണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനു( എന്‍സിഎല്‍ടി) മുന്നില്‍ ഫയല്‍ ചെയ്യും മുമ്പ് കരാര്‍ തങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇടപാടിനെതിരെ നേരത്തെ ചില വായ്പാദാതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വായ്പാദാതാക്കള്‍ ഉപാധികളോടെയുള്ള യോജിപ്പ് അറിയിച്ചിട്ടുണ്ട്.

2006 ജനുവരി 6 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2 ജി സ്‌പെക്ട്രത്തിന്റെ വില്‍പ്പനയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും സുപ്രീംകോടതി എയര്‍സെലിനെ വിലക്കിയിട്ടുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് എന്‍സിഎല്‍ടിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ജെഎസ് ഖേത്തര്‍ അധ്യക്ഷനായ ബെഞ്ചാണ് എയര്‍സെല്ലിനെ വിലക്കിയത്.

2 ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മലേഷ്യന്‍ വ്യവസായിയായ ടി അനന്തകൃഷ്ണന്‍ ഇന്ത്യന്‍ കോടതികളില്‍ തുടര്‍ച്ചയായി ഹാജരായില്ലെങ്കില്‍ എയര്‍സെല്ലിന്റെ 2ജി ലൈസന്‍സ് ഉപയോഗം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള മാക്‌സിസ് ഗ്രൂപ്പിന് 74 ശതമാനം ഓഹരികളാണ് എയര്‍സെല്ലിലുള്ളത്. സിബിഐ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും അതിനും അനന്തകൃഷ്ണന്‍ ഇതുവരെ തയാറായിട്ടില്ല.

എയല്‍സെല്‍-ആര്‍കോം ലയന പദ്ധതി സുപ്രീംകോടതിയുടെ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും കോടതി ഇതുവരെ എക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള എതിര്‍പ്പുകളും ഉയര്‍ത്തിയിട്ടില്ലെന്നുമാണ് ആര്‍കോം ഉപദോഷ്ടാവ് എന്‍സിഎല്‍ടിയില്‍ അറിയിച്ചിട്ടുള്ളത്. കടം കുറയ്ക്കുന്നതിനൊപ്പം റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടുന്നതിനും എയര്‍സെല്ലുമായുള്ള ലയനം ആര്‍കോമിന് നിര്‍ണായകമാണ്. 11,000 കോടി രൂപയ്ക്ക് ബ്രോക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റിന് തങ്ങളുടെ ടവര്‍ ബിസിനസ് വില്‍ക്കുന്നതിന് ആര്‍കോമിന് പദ്ധതിയുണ്ട്.

തങ്ങളുടെ വയര്‍ലെസ് യൂണിറ്റിനെ എയര്‍സെല്ലുമായി ലയിപ്പിക്കാനും ആര്‍കോം ആലോചിക്കുന്നുണ്ട്. ഇതുവഴി തങ്ങള്‍ക്കുള്ള ഏകദേശം 45,000 കോടി രൂപയുടെ കടബാധ്യതയില്‍ 25000 കോടി രൂപ നീക്കം ചെയ്യാനാവുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ഈ പദ്ധതി അവതരിപ്പിച്ച ശേഷം കടബാധ്യത തിരിച്ചടയ്ക്കാന്‍ ആര്‍മോകിന് ഡിസംബര്‍ വരെ വായ്പാദാതാക്കള്‍ സമയം നീട്ടി നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Top Stories