ഓണവിപണി ലക്ഷ്യമിട്ട് സോണി

ഓണവിപണി ലക്ഷ്യമിട്ട് സോണി

രാജ്യത്തെ അംഗീകൃത ഇലക്ട്രോണിക് ബ്രാന്‍ഡുകളില്‍ ഒന്നാണ് സോണി ഇന്ത്യ. ഇന്ത്യയിലെ ഭൂരിഭാഗം പട്ടണങ്ങളിലും നഗരപ്രദേശങ്ങളിലും ശക്തമായ സാന്നിധ്യം അറിയിച്ച് മുന്നേറുന്ന സോണി കേരളത്തിലെ ഉത്സവകാല വിപണിയെ കീഴടക്കാനുള്ള ശ്രമത്തിലാണ്. പുതിയ ഉല്‍പന്നശ്രേണി അവതരിപ്പിച്ചുകൊണ്ട് മികച്ച വില്‍പന പ്രതീക്ഷിച്ചാണ് സോണി ഓണക്കാലത്തെ വരവേല്‍ക്കുന്നത്. കേരള വിപണിയെകുറിച്ചുള്ള പ്രതീക്ഷകള്‍ സോണി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ കെനിചിരോ ഹൈബി ഫ്യൂച്ചര്‍ കേരളയുമായി പങ്കുവെയ്ക്കുന്നു.

ജിഎസ്ടി എന്ന പുതുക്കിയ നികുതി സമ്പ്രദായത്തെകുറിച്ച് എന്താണ് അഭിപ്രായം?

ജിഎസ്ടി രാജ്യത്തിന് വളരെ ഗുണകരമാണ്. ഇതുവഴി കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താം. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വളരെയധികം പ്രേരകമായ ഒന്നാണിത്. ഞങ്ങളും ജിഎസ്ടിയെ നല്ല രീതിയില്‍ സ്വീകരിക്കുന്നു. മികച്ച അവസരമായാണ് സോണി ഈ മാറ്റത്തെ കാണുന്നത്.

ഇന്ത്യന്‍ വിപണിയെ എങ്ങനെ നോക്കിക്കാണുന്നു?

വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയാണ് ഇന്ത്യയുടേത്. ആഗോള വിപണികളെ പിടിച്ചുലയ്ക്കുന്ന ബ്രെക്‌സിറ്റ് പോലുള്ളവയെ മറികടന്ന് ഒരു ബൂം കാഴ്ചവെയ്ക്കാന്‍ ഇന്ത്യന്‍ വിപണിക്കാവുന്നുണ്ട്.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, വെര്‍ച്ച്വല്‍ റിയാലിറ്റി തുടങ്ങിയ പുതിയ കാലത്തെ സാങ്കേതികവിദ്യകള്‍ ഞങ്ങളുടെ ഉല്‍പന്നങ്ങളില്‍ അവതരിപ്പിക്കുകയാണ് മുന്നോട്ടുള്ള പദ്ധതി

കെനിചിരോ ഹൈബി,

മാനേജിംഗ് ഡയറക്റ്റര്‍

സോണി ഇന്ത്യ

കേരളാ വിപണിയെകുറിച്ച് എന്താണ് അഭിപ്രായം?

കേരളാ വിപണിക്ക് ഞങ്ങള്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ഓണം പോലെയുള്ള ആഘോഷങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ ബിസിനസ്. ടിവി, കംപ്യൂട്ടര്‍ എന്നിവയുടെ വില്‍പനയാണ് കൂടുതലായി നടക്കുന്നത്.

സോണിയുടെ കേരളത്തിനു വേണ്ടിയുള്ള സ്ട്രാറ്റജികള്‍ എന്തെല്ലാമാണ് ?

ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളാണ് കേരളത്തിലെ ഉപഭോക്താക്കള്‍ക്കാവശ്യം. നല്ല സാങ്കേതികവിദ്യ തിരിച്ചറിയാനുള്ള കഴിവും ടെക്‌നോളജിയിലെ പുതിയ മാറ്റങ്ങളെകുറിച്ചുള്ള അറിവും ഉള്ളവരാണ് ഇവിടുത്തെ ഉപഭോക്താക്കള്‍. കേരളത്തിലെ ആളുകളുടെ അറിവിനെയും ആവശ്യങ്ങളെയും മുന്നില്‍കണ്ടാണ് ഞങ്ങളിവിടെ പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നത്.

ഉല്‍പന്നങ്ങളില്‍ ഭൂരിഭാഗവും പ്രീമിയം ക്വാളിറ്റിയും വിലയേറിയവയുമാണല്ലോ. ഉയര്‍ന്ന വിഭാഗക്കാരെയാണോ ലക്ഷ്യമിടുന്നത് ?

പ്രീമിയം വിഭാഗം മാത്രമല്ല താങ്ങാനാവുന്ന വിലയിലും സോണി ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കാമറകളുടെ വിഭാഗത്തില്‍. ഉയര്‍ന്ന പിക്‌സലിലുള്ള കാമറകള്‍ ഇടത്തരം ഉപഭോക്താക്കള്‍ക്കും താങ്ങാനാവുന്ന രീതിയില്‍ വിപണിയില്‍ അവതരിപ്പിച്ചു വരുന്നുണ്ട്.

എന്തെല്ലാമാണ് പുതിയ ഭാവിപദ്ധതികള്‍ ?

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, വെര്‍ച്ച്വല്‍ റിയാലിറ്റി തുടങ്ങിയ പുതിയ കാലത്തെ സാങ്കേതികവിദ്യകള്‍ ഞങ്ങളുടെ ഉല്‍പന്നങ്ങളില്‍ അവതരിപ്പിക്കുകയാണ് മുന്നോട്ടുള്ള പദ്ധതി.

കുറഞ്ഞവിലയില്‍ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകുന്നു. വിപണിയിലെ ഇത്തരം മാറ്റങ്ങളെ എങ്ങനെ നോക്കികാണുന്നു ?

നെറ്റ്‌വര്‍ക്കിംഗ് വര്‍ധിപ്പിക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായാണ് ഇത്തരം പുതിയ പ്രവണതകള്‍. തികച്ചും മത്സരാധിഷ്ഠിത മേഖലയാണിത്. ഓരോ പ്രദേശത്തിനും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ അവിടേക്ക് എത്തിക്കാനാണ് ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ടത്. ഇതുവഴി ബിസിനസ് വളര്‍ത്തണം. അതിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

Comments

comments

Categories: FK Special, Slider