അയാട്ട സുരക്ഷാ ഓഡിറ്റില്‍ അംഗീകാരം നേടി ഖത്തര്‍ എയര്‍വേയ്‌സ്

അയാട്ട സുരക്ഷാ ഓഡിറ്റില്‍ അംഗീകാരം നേടി ഖത്തര്‍ എയര്‍വേയ്‌സ്

കൊച്ചി: അയാട്ടയുടെ ഓപ്പറേഷണല്‍ സേഫ്റ്റി ഓഡിറ്റില്‍ ഖത്തര്‍ എയര്‍വേയ്‌സ് നൂറ് ശതമാനം പരിപൂര്‍ണത പുലര്‍ത്തി ലോകത്തിലെതന്നെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ എന്ന സ്ഥാനം നിലനിര്‍ത്തി. 2003-ല്‍ നൂറുശതമാനം പൂര്‍ണതയോടെ ആദ്യമായി അയാട്ടയുടെ സുരക്ഷാ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കിയ എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്‌സ്. 2005, 2007, 2009, 2011, 2013, 2015 വര്‍ഷങ്ങളിലും സുരക്ഷാകാര്യങ്ങളില്‍ അയാട്ടയുടെ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ സാധിച്ചിരുന്നു.

ലോകനിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതാണ് അയാട്ടയുടെ സുരക്ഷാ ഓഡിറ്റിംഗ്. എയര്‍ലൈനിന്റെ ഓപ്പറേഷണല്‍ മാനേജ്‌മെന്റ്, കണ്‍ട്രോള്‍ സംവിധാനങ്ങള്‍, വിമാന സര്‍വീസുകള്‍, വിമാനങ്ങളുടെ എന്‍ജിനീയറിംഗ്, അറ്റകുറ്റപ്പണികള്‍, കാബിന്‍ പ്രവര്‍ത്തനം, ഗ്രൗണ്ട് ഹാന്‍ഡിലിംഗ്, കാര്‍ഗോ ഓപ്പറേഷന്‍സ്, ഓപ്പറേഷണല്‍ സെക്യൂരിറ്റി തുടങ്ങിയ കാര്യങ്ങളെല്ലാം വിലയിരുത്തും.

പാരീസ് എയര്‍ ഷോയില്‍ ഖത്തര്‍ എയര്‍വേയ്‌സിന് സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡായ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ അടക്കം ഈ വര്‍ഷം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ ആദ്യത്തെ ഫസ്റ്റ്ക്ലാസ് എയര്‍ലൈന്‍ ലോഞ്ച് തുടങ്ങിയ ബഹുമതികളും ഖത്തറിന്റെ ദേശീയ കാരിയര്‍ നേടിയെടുത്തിരുന്നു. സുരക്ഷയ്ക്ക്് ഖത്തര്‍ എയര്‍ലൈന്‍സ് ഏറ്റവുമധികം പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബെക്കര്‍ പറഞ്ഞു. 2003-ല്‍ ഓഡിറ്റ് പ്രോഗ്രാം ആരംഭിച്ചതുമുതല്‍ ഖത്തര്‍ എയര്‍വേയ്‌സ് ആഗോളതലത്തില്‍ 150 -ല്‍പ്പരം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

Comments

comments

Categories: World