ഇഗ്‌നിസ് ആല്‍ഫ വേരിയന്റിന് എജിഎസ് നല്‍കി മാരുതി സുസുകി

ഇഗ്‌നിസ് ആല്‍ഫ വേരിയന്റിന് എജിഎസ് നല്‍കി മാരുതി സുസുകി

ഈ വര്‍ഷം ജനുവരിയിലാണ് മാരുതി സുസുകി ഇഗ്‌നിസ് അവതരിപ്പിച്ചത്

ന്യൂ ഡെല്‍ഹി : ഇഗ്‌നിസ് ഹാച്ച്ബാക്കിന്റെ ആല്‍ഫ എന്ന ടോപ് വേരിയന്റില്‍ മാരുതി സുസുകി എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് മാരുതി സുസുകി ഇഗ്‌നിസ് അവതരിപ്പിച്ചത്. കഴിഞ്ഞ ആറ് മാസങ്ങളില്‍ മാരുതി സുസുകി ഇഗ്‌നിസിന്റെ വില്‍പ്പന ഉഷാറായിരുന്നു. മാരുതി സുസുകി 2 പെഡല്‍ ടെക്‌നോളജി നല്‍കുന്ന ഏറ്റവും പുതിയ മോഡലാണ് ഇഗ്‌നിസ് ആല്‍ഫ എജിഎസ്. നഗരങ്ങളില്‍ ഡ്രൈവിംഗ് എളുപ്പമാക്കുന്നതിന് 2 പെഡല്‍ സാങ്കേതികവിദ്യ സഹായിക്കുമെന്ന് മാരുതി സുസുകി വ്യക്തമാക്കി. ഇന്ത്യയില്‍ വില്‍ക്കുന്ന ആകെ ഇഗ്‌നിസ് മോഡലുകളുടെ 27 ശതമാനം ഡെല്‍റ്റ, സീറ്റ എന്നീ എജിഎസ് മോഡലുകളാണ്.

ഇഗ്‌നിസ് ആല്‍ഫ എജിഎസ് പെട്രോള്‍ വകഭേദത്തിന് 7,01,143 രൂപയും ഡീസല്‍ വകഭേദത്തിന് 8,08,050 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

മില്ലേനിയലുകള്‍ക്ക് വേണ്ടിയാണ് (എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ചവര്‍) പ്രീമിയം അര്‍ബന്‍ കോംപാക്റ്റ് വാഹനമായ ഇഗ്‌നിസ് സൃഷ്ടിച്ചതെന്ന് മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആര്‍എസ് കല്‍സി പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ സമാനമായ മറ്റൊരു വാഹനം നിലവിലില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. എജിഎസ് സാങ്കേതികവിദ്യ നല്‍കിയ ഇഗ്‌നിസിന്റെ ഡെല്‍റ്റ, സീറ്റ വേരിയന്റുകള്‍ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. പുതുതായി ടോപ് വേരിയന്റായ ഇഗ്‌നിസ് ആല്‍ഫയ്ക്ക് എജിഎസ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ-ജെന്‍ റിജിഡ് പ്ലാറ്റ്‌ഫോമായ സുസുകിയുടെ ടോട്ടല്‍ ഇഫക്റ്റീവ് കണ്‍ട്രോള്‍ ടെക്‌നോളജിയിലാണ് (ടെക്റ്റ്) ഇഗ്‌നിസ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇരട്ട എയര്‍ ബാഗുകള്‍, എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) എന്നിവ മാരുതി സുസുകി ഇഗ്‌നിസിലെ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. ചൈല്‍ഡ് സീറ്റുകള്‍ക്ക് ഐസോഫിക്‌സ്് മൗണ്ടുകളും ലഭിക്കും.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 81.8 ബിഎച്ച്പി കരുത്തും 4,200 ആര്‍പിഎമ്മില്‍ 112 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 4,000 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി കരുത്തും 2,000 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

Comments

comments

Categories: Auto