പ്രതിസന്ധിയില്‍ തൊഴില്‍ വിപണി

പ്രതിസന്ധിയില്‍ തൊഴില്‍ വിപണി

പല വന്‍കിട കമ്പനികളുടെയും തൊഴില്‍ ശക്തിയില്‍ കുറവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. തൊഴില്‍ വിപണിക്ക് നല്ല വാര്‍ത്തയല്ലിത്. ഐടി മേഖലയിലാണ് പ്രശ്‌നം രൂക്ഷമാകുന്നത്. പരിഹാരം കണ്ടെത്താന്‍ നൂതന മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിച്ചേ മതിയാകൂ

തൊഴില്‍ നഷ്ടമില്ല എന്ന് കമ്പനികള്‍ ആവര്‍ത്തിച്ച് പറഞ്ഞാലും യാഥാര്‍ത്ഥ്യം അതല്ല. ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളുടെ തൊഴില്‍ ശക്തിയില്‍ കാര്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 150 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യന്‍ ഐടി വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട മൂന്ന് കമ്പനികള്‍ ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നിവയാണ്. ഇന്ത്യയിലെ ഏഴ് പ്രധാന ഐടി കമ്പനികള്‍ എല്ലാം കൂടെ 1.24 ദശലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്.

ഏകദേശം 1000-2000 ജീവനക്കാരെ ഓരോ കമ്പനിയും വെട്ടിച്ചുരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ജൂണില്‍ അവസാനിച്ച പാദത്തില്‍ 3,85,809 ജീവനക്കാരാണുള്ളത്. ഏകദേശം 1,414 ജീവനക്കാരുടെ കുറവ് ഈ പാദത്തില്‍ സംഭവിച്ചെന്നാണ് വിലയിരുത്തല്‍. സമാനം തന്നെയാണ് പല ഐടി കമ്പനികളുടെയും അവസ്ഥ.

2017 മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യന്‍ ഐടി മേഖലയിലെ ജീവനക്കാരുടെ എണ്ണം 3.9 ദശലക്ഷമായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 1,50,000 പേരെ കൂടി പുതുതായി ജോലിക്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഇനി നടക്കാന്‍ സാധ്യതയില്ലെന്നു വേണം കരുതാന്‍.

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വിപ്രോ, കോഗ്നിസെന്റ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ തൊഴില്‍ വെട്ടിച്ചുരുക്കുന്നതിന്റെ വാര്‍ത്തകള്‍ സജീവമാകുന്നുണ്ട്. ഒരു പ്രമുഖ ദേശീയ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത് ഈ വര്‍ഷം ചുരുങ്ങിയത് 56,000 പേര്‍ക്കെങ്കിലും ഐടി മേഖലയില്‍ ജോലി നഷ്ടമാകുമെന്നാണ്. പൂനെയിലെ ഐടി മേഖലയിലെ തൊഴില്‍ നഷ്ടത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ വരെ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ജോലി നഷ്ടമാകുമെന്ന തോന്നല്‍ ഐടി ജീവനക്കാരുടെ മാനസിക നില അവതാളത്തിലാക്കുന്നതിലേക്ക് വരെ നയിക്കുന്നുണ്ട്. യാതൊരുവിധ തൊഴില്‍ സുരക്ഷയും ഇല്ലാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നുവെന്നാണ് മേഖലയിലെ ജീവനക്കാരുടെ പൊതുവികാരം. യുഎസിലേക്ക് ചേക്കേറാന്‍ ആഗ്രഹിച്ച നിരവധി യുവാക്കളുടെ മോഹങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംരക്ഷണവാദ നയങ്ങള്‍ മൂലം പൊലിഞ്ഞു പോകുകയും ചെയ്തു. പല കമ്പനികളും നല്ലൊരു പിരിച്ചുവിടല്‍ പാക്കേജ് പോലും നല്‍കാതെയാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കും തൊഴില്‍ നഷ്ടമെന്ന ഭീഷണി വ്യാപിച്ചിട്ടുണ്ട്. പല ഇ-കൊമേഴ്‌സ് കമ്പനികളും കൂട്ടപ്പിരിച്ചുവിടലാണ് നടത്താന്‍ പദ്ധതിയിടുന്നത്. ഇതിന് പുറമെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഓട്ടോമേഷന്റെയുമെല്ലാം വ്യാപനം തൊഴിലുകള്‍ കവര്‍ന്നെടുക്കുമെന്ന വലിയ ഭീഷണി.

ഓട്ടോമേഷന്‍ നല്ലൊരു ശതമാനം തൊഴിലുകളും കവര്‍ന്നെടുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പല പഠനങ്ങളിലൂടെയും പുറത്തുവരുന്നത്. ഇതെല്ലാം നേരിടാന്‍ ഇന്ത്യന്‍ ഐടി വ്യവസായം സജ്ജമായിട്ടുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീഷണിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ വരെ ജീവനക്കാര്‍ ശ്രമിക്കുന്ന സാഹചര്യമുണ്ടാകരുത്.
തൊഴില്‍ നഷ്ടമുണ്ടാകുന്ന സാഹചര്യത്തെ പ്രതിരോധിക്കാന്‍ കമ്പനികള്‍ നൂതനാത്മകമായ, ക്രിയാത്മക മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. മാത്രമല്ല, ജീവനക്കാരുടെ വൈദഗ്ധ്യം പല തലങ്ങളില്‍ മെച്ചപ്പെടുത്തുന്നതിന് നിരന്തര ശ്രമങ്ങളും ഉണ്ടാകണം.

Comments

comments

Categories: Editorial, Slider