ഭൂമിയിലെ ഏറ്റവും ചൂടേറിയ ചില ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് ആഗോള താപനം ഒരു ആഗോളപ്രശ്നം മാത്രമല്ല
ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ടിന്റെ അനസാനത്തോടെ ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ മാരകമായ ചൂടിന് ഇരയാകുമെന്ന് പഠനം. ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഈ ഉഷ്ണ കാറ്റിന് ചെറിയതോതില്‍ ആരംഭം കുറിക്കുമെന്നും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മുന്‍ ഗവേഷകനും ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമായ യുന്‍ സൂണ്‍ ഇമ്മിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭക്ഷണവിതരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഫലഭൂയിഷ്ടമായ സിന്ധു-ഗംഗാ നദീതടങ്ങളിലും ഈ കാലാവസ്ഥ മാറ്റത്തിന്റെ കെടുതികള്‍ പ്രകടമാകും.
2015ലെ വേനല്‍ക്കാലത്ത് ദക്ഷിണേഷ്യയിലുണ്ടായ ഏറ്റവും മാരകമായ ഉഷ്ണക്കാറ്റില്‍ പാക്കിസ്ഥാനിലും ഇന്ത്യയിലുമായി കൊല്ലപ്പെട്ടത് 3,500ഓളം ആളുകളാണ്. ഇപ്പോഴും സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിരക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയുമെന്ന്ന മസാച്യു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ എല്ഫെയ്ത് എല്തഹിര് പറയുന്നു.
അതിനാല്‍ തന്നെ ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ വിഷമത്തിലാക്കുന്ന ഒന്നാണ് ഈ റിപ്പോര്‍ട്ട്. ഭൂമിയിലെ ഏറ്റവും ചൂടേറിയ ചില ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് ആഗോള താപനം ഒരു ആഗോളപ്രശ്നം മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ ശരീരത്തിന് അന്തരീക്ഷോഷ്മാവിനോടും ഉഷ്ണത്തോടും പ്രതികരിക്കാനുള്ള ശേഷിയെ സംബന്ധിച്ച് സൂഷ്മനിരീക്ഷണവും പഠനത്തിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും കര്‍ഷകരും വെളിസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുമായതിനാല്‍ തന്നെ അവരെയാണ് ഈ പ്രശ്നം പ്രധാനമായും നേരിട്ട് ബാധിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ആഗോളതാപനം ചെറുക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അതുവഴി ഈ അവസ്ഥയുടെ തീവ്രത കുറയ്ക്കാനാകുമെന്നും പഠനം പറയുന്നു. സയന്‍സ് അഡ്വാന്‍സസ് എന്ന അന്തര്‍ദേശീയ ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.