40% നികുതിദായകര്‍ എന്റോള്‍മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ല

40% നികുതിദായകര്‍ എന്റോള്‍മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ല

ബാക്കിയുള്ള 27 ലക്ഷം നികുതിദായകര്‍ക്കും അവസാന തീയതിക്കകം എന്റോള്‍മെന്റ് പൂര്‍ത്തിയാക്കാന്‍ ജിഎസ്ടിഎന്‍ പ്രാപ്തമാണ്

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി അഥവാ ജിഎസ്ടിക്ക് കീഴിലുള്ള ആദ്യ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി സമാഗതമായിരിക്കെ ജിഎസ്ടി നെറ്റ്‌വര്‍ക്കില്‍ 40 ശതമാനത്തോളം നികുതിദായകര്‍ ഇതുവരെ എന്റോള്‍മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ല. വാറ്റ്, സേവന നികുതി, കേന്ദ്ര നികുതി എന്നിവയിലെ 71 ലക്ഷത്തിലധികം നികുതിദായകര്‍ ജിഎസ്ടി പോര്‍ട്ടലില്‍ തങ്ങളുടെ എക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. പക്ഷേ ഇതില്‍ 44 ലക്ഷം പേര്‍ മാത്രമാണ് എന്റോള്‍മെന്റ് പ്രക്രിയ ഇതുവരെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അപൂര്‍ണമായ എന്റോള്‍മെന്റുകളുള്ള 27 ലക്ഷം നികുതിദായകരാണ് ഉള്ളതെന്ന് ജിഎസ്ടിഎന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘ജിഎസ്ടിആര്‍-3ബി ആദ്യ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി ഓഗസ്റ്റ് 20 ആണ്. ഈ തിയതിക്ക് മുമ്പായി ബി ഭാഗം പൂര്‍ത്തിയാക്കി എന്റോള്‍മെന്റ് ഫോം സമര്‍പ്പിക്കാത്തവര്‍ക്ക് ഈ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ജിഎസ്ടി ഐടി സംവിധാനം അനുമതി നല്‍കില്ല’ ജിഎസ്ടിഎന്‍ ചെയര്‍മാന്‍ നവീന്‍ കുമാര്‍ പറഞ്ഞു. താല്‍ക്കാലിക ഐഡി സജീവമാക്കാനുള്ള പ്രാരംഭ പ്രക്രിയയ്ക്കുശേഷം ഒരു നികുതിദായകന്‍ ജിഎസ്ടി പോര്‍ട്ടലിലെ ബി ഭാഗം പൂരിപ്പിച്ച് നല്‍കണം. അധികാരപ്പെട്ട ആളുടെ പേരുള്‍പ്പെടെ ബിസിനസിന്റെ പ്രസക്തമായ വിവരങ്ങള്‍, പ്രമോട്ടറുടെ വിവരങ്ങള്‍, നികുതിദായകന്റെ ബാങ്ക് എക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തണം.

നികുതിദായകന്റെ വിവരങ്ങള്‍ ഇല്ലെങ്കില്‍ ജിഎസ്ടി സംവിധാനം ചലാന്‍ നല്‍കില്ല. ബി ഭാഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പേമെന്റ്, റിട്ടേണുകള്‍, ലെഡ്ജറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജിഎസ്ടി സംവിധാനത്തിന് ലഭ്യമാക്കാന്‍ സാധിക്കില്ല.

ഇത് ജിഎസ്ടിആര്‍-3ബി, ജിഎസ്ടിഎന്‍ ഫയലിംഗുകളെ തടസപ്പെടുത്തും. ജൂണിലെ ആദ്യത്തെ രണ്ടാഴ്ചയില്‍ ഫയലിംഗ് 2 ലക്ഷത്തിലെത്തിയിരുന്നു. ബി ഭാഗത്തിന്റെ ഫയലിംഗ് ഓരോ ദിവസവും കൂടുതലായി കൈകാര്യം ചെയ്യാന്‍ ജിഎസ്ടി സംവിധാനം പ്രാപ്തമാണ്. അതിനാല്‍ തന്നെ ജിഎസ്ടിആര്‍-3ബി ഫയലിംഗിനുള്ള അവസാന തീയതിക്കകം ബാക്കി 27 ലക്ഷം നികുതിദായകര്‍ക്കും ഫലയിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ജിഎസ്ടിഎന്‍ ചൂണ്ടിക്കാണിക്കുന്നത്.

അപൂര്‍ണമായ എന്റോള്‍മെന്റുകള്‍ നടത്തിയിട്ടുള്ള 27 ലക്ഷം നികുതിദായകര്‍ക്കും തങ്ങള്‍ ഇ മെയിലുകളും എസ്എംഎസുകളും അയച്ചിട്ടുണ്ടെന്നും അവശേഷിക്കുന്ന പ്രക്രിയകള്‍ അവര്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിഎസ്ടിഎന്‍ സിഇഒ പ്രകാശ് കുമാര്‍ പറഞ്ഞു. നികുതി ദായകര്‍ക്കും നികുതി ഉദ്യോഗസ്ഥര്‍ക്കും സഹായം നല്‍കുന്നതിനായി രണ്ട് കോള്‍ സെന്ററുകള്‍ ജിഎസ്ടിഎന്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പരിശീലനം ലഭിച്ച 400 പ്രൊഫഷണലുകലാണ് നികുതിദായകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

Comments

comments

Categories: Top Stories