ജര്‍മ്മനിയില്‍ കാര്‍ നിര്‍മ്മാതാക്കള്‍ അമ്പത് ലക്ഷം ഡീസല്‍ കാറുകളുടെ അറ്റകുറ്റങ്ങള്‍ തീര്‍ക്കും

ജര്‍മ്മനിയില്‍ കാര്‍ നിര്‍മ്മാതാക്കള്‍ അമ്പത് ലക്ഷം ഡീസല്‍ കാറുകളുടെ അറ്റകുറ്റങ്ങള്‍ തീര്‍ക്കും

എമിഷന്‍ ഫില്‍റ്ററിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പുതിയ എന്‍ജിന്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കും

ബെര്‍ലിന്‍ : രൂക്ഷമായ മലിനീകരണം സൃഷ്ടിക്കുന്ന അഞ്ച് മില്യണ്‍ ഡീസല്‍ കാറുകളുടെ അറ്റകുറ്റങ്ങള്‍ തീര്‍ക്കാന്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് ബഹിര്‍ഗമനം മൂലമുണ്ടാകുന്ന മലിനീകരണ തോത് കുറയ്ക്കാനാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ആലോചിക്കുന്നത്. ഇതുവഴി ഈ വാഹനങ്ങള്‍ നിരോധിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ജര്‍മ്മന്‍ അസ്സോസിയേഷന്‍ ഓഫ് ദ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി അഥവാ വിഡിഎ വ്യക്തമാക്കി.

എമിഷന്‍ ഫില്‍റ്ററിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ എന്‍ജിന്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ നൈട്രജന്‍ ഓക്‌സൈഡ് ബഹിര്‍ഗമന തോത് 25 മുതല്‍ 30 ശതമാനം വരെയായി കുറയ്ക്കാമെന്ന് വാഹന നിര്‍മ്മാതാക്കള്‍ കണക്കുകൂട്ടുന്നു.

മെഴ്‌സിഡസ് ബെന്‍സ് ബ്രാന്‍ഡിന്റെ ഉടമസ്ഥരായ ഡയ്മ്‌ലര്‍, ബിഎംഡബ്ല്യു, മിനി ബ്രാന്‍ഡുകള്‍ സ്വന്തമായ ബിഎംഡബ്ല്യു, ഔഡി, ഫോക്‌സ്‌വാഗണ്‍, പോര്‍ഷെ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ ഫോക്‌സ്‌വാഗണ്‍, ഇപ്പോള്‍ പിഎസ്എ ഗ്രൂപ്പിന് കീഴിലുള്ള ഒപെല്‍ എന്നീ വാഹന നിര്‍മ്മാണ കമ്പനികള്‍ രൂക്ഷമായ മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ കാറുകളുടെ അറ്റകുറ്റങ്ങള്‍ തീര്‍ക്കാമെന്ന് സമ്മതിച്ചു.

സുസ്ഥിര മൊബിലിറ്റി ഫണ്ടിലേക്ക് സാമ്പത്തിക സംഭാവന നല്‍കാമെന്നും കാര്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. നഗരങ്ങളില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ പരിഹാര കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഈ ഫണ്ട് വിനിയോഗിക്കും.

 

Comments

comments

Categories: Auto