ആയുര്‍വേദത്തിലൂന്നിയ നേത്ര ചികില്‍സ

ആയുര്‍വേദത്തിലൂന്നിയ നേത്ര ചികില്‍സ

നേത്രചികില്‍സയില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യം വിളിച്ചോതി മുന്നേറുകയാണ് മാതാ ആയുര്‍വേദ ഐ ഹോസ്പിറ്റല്‍സ് ആന്‍ഡ് സ്‌പെഷാലിറ്റി ഐ ക്ലിനിക്‌സ്. അലോപ്പതിയെ അവസാന വാക്കായി കണക്കാക്കാതെ മികച്ച ചികില്‍സ ഉറപ്പാക്കാന്‍ ആയുര്‍വേദത്തിന് സാധിക്കുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്

ആയുര്‍വേദം ഒരു ജീവിതക്രമമാണ്. ആരോഗ്യമുള്ള ശരീരത്തിനും ചിട്ടയായ ജീവിതത്തിനും ആവശ്യമായ ഒന്ന്. നാം പലപ്പോഴും ചെറുതെന്നു കരുതുന്ന ജലദോഷം മുതല്‍ മാരക രോഗങ്ങള്‍ക്ക് വരെ കൃത്യവും വ്യക്തവുമായ ചികിത്സാ രീതികള്‍ ആയുര്‍വേദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ രോഗങ്ങള്‍ക്കും പ്രത്യേകം ചികിത്സാ വിഭാഗങ്ങളും ആയുര്‍വേദം അനുശാസിക്കുന്നു. ആയുര്‍വേദത്തില്‍ നേത്ര ചികില്‍സയ്ക്കുള്ള സാധ്യതകളെ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് മാതാ ആയുര്‍വേദ ഐ ഹോസ്പിറ്റല്‍സ് ആന്‍ഡ് സ്‌പെഷാലിറ്റി ഐ ക്ലിനിക്‌സ്. കുടപ്പനക്കുന്നും മൂങ്ങോടുമായി രണ്ട് ആശുപത്രികളുണ്ട് ഇവര്‍ക്ക്.

ആയുര്‍വേദ ഡോക്റ്ററുടെ മകളായ ഡോക്റ്റര്‍ പി കെ ശാന്തകുമാരി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നിന്നും തിരുവനന്തപുരം ആയുര്‍വേദ കോളെജില്‍ നിന്നുമാണ് നേത്രചികിത്സയില്‍ പഠനം പൂര്‍ത്തിയാക്കിയത്. 1982 മുതല്‍ നേത്രചികിത്സാ മേഖലയില്‍ സജീവ സാനിധ്യമാണ് ഇവര്‍. ഒരു വര്‍ഷത്തോളം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് തിരുവനന്തപുരം ആയുര്‍വേദ കോളെജായിരുന്നു ഔദ്യോഗികവൃത്തി. 2010ല്‍ പ്രൊഫസറും വകുപ്പ് മേധാവിയുമായാണ് അവിടെനിന്നു വിരമിച്ചത്. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആയുര്‍വേദ അക്കാഡമി വിഭാഗത്തിലെ മികച്ച ഡോക്റ്റര്‍ക്കുള്ള പ്രഥമ പുരസ്‌കാരം കരസ്ഥമാക്കിയ ഡോ. പി കെ ശാന്തകുമാരി കേരളത്തിനകത്തും പുറത്തുമുള്ള ആയുര്‍വേദ കോളെജുകളിലും ആശുപത്രികളിലുമായി വിവിധ കമ്മിറ്റികളിലും അംഗമാണ്. ‘ ആയുര്‍വേദത്തില്‍ നേത്രചികിത്സയെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അറിവ് പരിമിതമാണ്. ഈ മേഖലയില്‍ ആയുര്‍വേദത്തില്‍ മികച്ച ചികില്‍സാ രീതികളുണ്ട്. വൈദഗ്ധ്യം നേടിയ നിരവധിയാളുകളും. ശരിയായ സാധ്യതകളറിഞ്ഞ് ആത്മവിശ്വാസത്തോടെയാണ് സ്വന്തമായി ഈ വിഭാഗം തുടങ്ങാന്‍ തീരുമാനിച്ചത്,’ മാതാ ആയുര്‍വേദ ഐ ഹോസ്പിറ്റല്‍സ് ആന്‍ഡ് സ്‌പെഷാലിറ്റി ഐ ക്ലിനിക്‌സ് മാനേജിംഗ് ഡയറക്റ്ററും ചീഫ് ഫിസിഷ്യനുമായ പി കെ ശാന്തകുമാരി പറയുന്നു.

2003ലാണ് മാതാ ആയുര്‍വേദ ഐ ഹോസ്പിറ്റല്‍ ആരംഭിക്കുന്നത്. കുടുംബത്തിന്റെ ഭാഗമായുണ്ടായിരുന്ന സ്ഥാപനത്തില്‍ വിരമിക്കലിനു ശേഷം ഡോ. ശാന്തകുമാരി പങ്കുചേരുകയായിരുന്നു. ഡോ. ശാന്തകുമാരിയുടെ നേതൃത്വത്തില്‍ നേത്രചികില്‍സയില്‍ മികച്ച മുന്നേറ്റം കൈവരിച്ചിരിക്കുകയാണ് മാതാ എന്ന സ്ഥാപനം. അലോപ്പതിയിലും ആയുര്‍വേദത്തിലും ഒട്ടുമിക്ക രോഗങ്ങള്‍ക്കും മികച്ച ചികില്‍സ ലഭ്യമാണ്. എന്നാല്‍ ആളുകള്‍ പലപ്പോഴും അലോപ്പതിയെ അവസാന വാക്കായി കണക്കാക്കുന്നതായും മികച്ച ചികില്‍സ ഉറപ്പാക്കാന്‍ ആയുര്‍വേദത്തിന് സാധിക്കുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും ശാന്തകുമാരി സൂചിപ്പിക്കുന്നു. ‘ ചികില്‍സിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ നമ്മള്‍ കണ്ടുപിടിക്കണം. പലരീതിയിലും ചികിത്സിക്കാം. പക്ഷെ ശരിയായ വഴി കണ്ടുപിടിച്ചു പരിഹരിക്കുന്നിടത്താണ് ചികില്‍സ ഫലപ്രദമാകുന്നത്.’ ആയുര്‍വേദത്തില്‍ രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് വിവിധ മാര്‍ഗങ്ങളുണ്ടെന്നും ഡോ. ശാന്തകുമാരി വ്യക്തമാക്കുന്നു.

കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആയുര്‍വേദ അക്കാഡമി വിഭാഗത്തിലെ മികച്ച ഡോക്റ്റര്‍ക്കുള്ള പ്രഥമ പുരസ്‌കാരം കരസ്ഥമാക്കിയ ഡോ. പി കെ ശാന്തകുമാരി കേരളത്തിനകത്തും പുറത്തുമുള്ള ആയുര്‍വേദ കോളെജുകളിലും ആശുപത്രികളിലുമായി വിവിധ കമ്മിറ്റികളില്‍ അംഗമാണ്.

സ്‌പെഷാലിറ്റിയില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നേത്ര ചികില്‍സക്ക് മാത്രമാണ് ഇപ്പോഴിവിടെ പ്രധാന്യം നല്‍കുന്നതെന്നും, സൂപ്പര്‍ സ്‌പെഷാലിറ്റിയിലേക്ക് നേത്രചികിത്സാ വിഭാഗത്തെ മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അവര്‍ പറയുന്നു. പിജി കോഴ്‌സുകള്‍ പഠിച്ചുവരുന്നവരും നിലവില്‍ പ്രാക്ടീസ് ചെയ്യുന്നവരും തങ്ങള്‍ തെരഞ്ഞെടുത്ത മേഖല കൈകാര്യം ചെയ്യുന്നതാണ് അഭികാമ്യം. രോഗികളോട് സ്‌പെഷലൈസേഷനെ കുറിച്ച് ബോധവത്ക്കരിക്കാനും ആയുര്‍വേദത്തിന്റെ ശാഖകളെ വിപുലീകരിക്കാനും ഇതിലൂടെ സാധിക്കും. ‘ നേത്ര ചികില്‍സയില്‍ പലകാര്യങ്ങളും തിരിച്ചറിയാന്‍ രോഗിയുടെ സഹായം ആവശ്യമാണ്. അലോപ്പതി ചികില്‍സയില്‍ പരിശോധനാ ഫലങ്ങളിലൂടെ രോഗത്തിന്റെ അവസ്ഥ നിര്‍ണയിക്കാന്‍ സാധിക്കും. ആയുര്‍വേദത്തിന്റെ വ്യത്യസ്തത അവിടെയാണ്, ‘ ശാന്തകുമാരി പറയുന്നു.

ബില്യണ്‍ ഡോളര്‍ വ്യവസായത്തിലേക്ക് എത്തിക്കാന്‍ കഴിയുന്ന മേഖലയാണ് ആയുര്‍വേദം. പക്ഷെ ഈ രംഗത്തെ ഡോക്റ്റര്‍മാര്‍ ഉല്‍പ്പന്നവിപണന മേഖലകളിലേക്ക് കടക്കാന്‍ പൊതുവെ താല്‍പര്യപ്പെടാറില്ലെന്നും അതിനോടു തനിക്ക് യോജിപ്പില്ലന്നും ശാന്തകുമാരി അഭിപ്രായപ്പെടുന്നു. പുതിയ മരുന്ന് കണ്ടുപിടിക്കാന്‍ ഡോക്റ്റര്‍ ആവശ്യമാണ് എന്നാല്‍ അവ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കണ്ടുപിടിത്തവുമായി കൂടിക്കലരാന്‍ പാടില്ലെന്നും മാര്‍ക്കറ്റിംഗും അഡ്മിനിസ്‌ട്രേഷനും വേറിട്ട മേഖലകളായി നിലകൊണ്ടാല്‍ മറ്റു സാധ്യതകള്‍ക്ക് വഴി തുറക്കുമെന്നും അവര്‍ സൂചിപ്പിക്കുന്നു.

ഒരേ സമയം നാല് രോഗികളെ കിടത്തി ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യം മാത്രമാണ് തുടക്കത്തില്‍ മാതാ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നത്. കേശവദാസപുരത്തായിരുന്നു ആദ്യം ഹോസ്പിറ്റല്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇത് കുടപ്പനക്കുന്നിലേക്ക് മാറ്റുകയായിരുന്നു. നേത്രരോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ‘ ഹെല്‍ത്തി ഐസ്’ എന്നൊരു പ്രത്യേക യൂണിറ്റും കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തിരുപ്പതിയിലും ദുബായിലും പരിശീലനം സിദ്ധിച്ച വിദഗ്ധ ഡോക്റ്ററും മാതായുടെ കീഴില്‍ സേവനം നല്‍കി വരുന്നു. മാസത്തില്‍ രണ്ട് ദിവസം കോഴിക്കോട് രാമനാട്ടുകരയില്‍ ഒപി ചികിത്സയും നല്‍കുന്നുണ്ട്. ‘ മള്‍ട്ടി സ്‌പെഷാലിറ്റി എന്ന ആശയം സാക്ഷാത്കരിക്കാനുള്ള തയാറെടുപ്പിലാണ് ഞങ്ങള്‍. കണ്ണില്‍ സംഭവിക്കാവുന്ന വിവിധ രോഗങ്ങള്‍ക്കായി വ്യത്യസ്ത ചികില്‍സാ വിഭാഗങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം. അതാത് വകുപ്പുകളില്‍ മികച്ച മുന്നേറ്റം ഇതിലൂടെ സാധ്യമാകും. 2020 ഓടെ വിതുരയില്‍ അത് സാക്ഷാത്കരിക്കപ്പെടുമെന്നും കരുതുന്നു. സ്‌പെഷാലിറ്റി പരിശീലനത്തിനുള്ള അവസരവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്, ‘ ശാന്തകുമാരി പറയുന്നു.

ഒരേ സമയം നാല് രോഗികളെ കിടത്തി ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യം മാത്രമാണ് തുടക്കത്തില്‍ മാതാ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നത്. ഇന്ന് കുടപ്പനക്കുന്നും മൂങ്ങോടുമായി രണ്ട് ആശുപത്രികളുണ്ട്. നേത്രരോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ‘ ഹെല്‍ത്തി ഐസ്’ എന്നൊരു പ്രത്യേക യൂണിറ്റും കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്നു

ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന മിക്ക അനുകൂല്യങ്ങളും അലോപ്പതി ചികില്‍സയ്ക്കാണ് അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ ആളുകള്‍ക്ക് ഏത് ചികില്‍സാ രീതി വേണമെന്നു തെരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതായും ആയുര്‍വേദത്തെ കൂടുതല്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ ചികില്‍സ ആളുകളിലേക്ക് കൂടുതല്‍ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കി നല്‍കേണ്ടതാണെന്നും ശാന്തകുമാരി വ്യക്തമാക്കുന്നു.

Comments

comments

Categories: FK Special, Slider