റോബോട്ട് ഫാര്‍മസിസ്റ്റുകളുമായി ദുബായ് ഹോസ്പിറ്റല്‍

റോബോട്ട് ഫാര്‍മസിസ്റ്റുകളുമായി ദുബായ് ഹോസ്പിറ്റല്‍

35,000 മരുന്നുകള്‍ വരെ സൂക്ഷിക്കാനും ഒരു മിനിറ്റിനുള്ളില്‍ ഏകദേശം 12 മരുന്നുകുറിപ്പുകള്‍ നല്‍കാനും റോബോട്ടുകള്‍ക്ക് സാധിക്കും

ദുബായ്: ദുബായ് ഹോസ്പിറ്റലിന്റെ ഫാര്‍മസിയില്‍ എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുക റോബോട്ട് ഫാര്‍മസിസ്റ്റുകള്‍. രാജ്യത്തെ രണ്ടാമത്തെ സ്മാര്‍ട്ട് ഫാര്‍മസിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് റോബോട്ട് ഫാര്‍മസിസ്റ്റിന്റെ സേവനം ലഭ്യമാകുക.

ബാര്‍കോഡുകളിലുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് അവശ്യമായ മരുന്നുകള്‍ നല്‍കുന്നതിനുള്ള സാങ്കേതികവിദ്യയായിരിക്കും ദുബായ് ഹോസ്പിറ്റലിന്റെ സ്മാര്‍ട്ട് ഫാര്‍മസിയില്‍ ഉപയോഗിക്കുക. മാനുഷികമായ തെറ്റുകള്‍ കുറയ്ക്കാന്‍ റോബോട്ടുകളുടെ വരവ് സഹായകമാകും. 35,000 മരുന്നുകള്‍ വരെ സൂക്ഷിക്കാനും ഒരു മിനിറ്റിനുള്ളില്‍ ഏകദേശം 12 മരുന്നുകുറിപ്പുകള്‍ നല്‍കാനും റോബോട്ടുകള്‍ക്ക് സാധിക്കും. മരുന്നുകള്‍ക്കായി ദീര്‍ഘനേരം കാത്തിരിക്കുന്നതില്‍ നിന്ന് ഉപഭോക്താക്കളെ ഇത് രക്ഷിക്കും.

എല്ലാ ഡിഎച്ച്എ ആശുപത്രികളിലും റോബോട്ടുകളുടെ സേവനം ലഭ്യമാക്കുമെന്ന് ഡിഎച്ച്എയുടെ ബോര്‍ഡ് ചെയര്‍മാനും ഡയറക്റ്റര്‍ ജനറലുമായ ഹുമൈദ് അല്‍ ഖതാമി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷം ജനുവരിയില്‍ റഷീദ് ഹോസ്പിറ്റലില്‍ ആദ്യത്തെ സ്മാര്‍ട്ട് ഫാര്‍മസി കൊണ്ടുവന്നിരുന്നു.

സ്മാര്‍ട്ട് ടെക്‌നോളജി നടപ്പിലാകുന്നതോടെ മരുന്നുകള്‍ നല്‍കുന്ന നടപടികള്‍ പൂര്‍ണമായും കടലാസ് രഹിതമാകും. രോഗിയുടെ മരുന്നുകള്‍ ഡോക്റ്റര്‍ കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ റോബോട്ട് ആ മരുന്നുകുറിപ്പ് സ്റ്റോര്‍ ചെയ്തുവെക്കും. മരുന്നുകള്‍ എടുക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കുന്നതിലൂടെ രോഗികള്‍ക്ക് മരുന്ന് എടുക്കേണ്ടതിന്റെ നിര്‍ദേശങ്ങള്‍ പറഞ്ഞുകൊടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഫാര്‍മസിസ്റ്റിന് സാധിക്കും.

ഡിഎച്ച്എയുടെ ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്റ്റര്‍ ഡോ. അലി അല്‍ സയേദ്, ദുബായ് ഹോസ്പിറ്റലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. അബ്ദുള്‍ റഹ്മാന്‍ അല്‍ ജസ്മി, ദുബായ് ഹോസ്പിറ്റലിന്റെ സാമ്പത്തിക, ഭരണനിര്‍വ്വഹണ ഡയറക്റ്റര്‍ ഡോ ഖല്‍ധൂന്‍ നബന്‍ എന്നിവര്‍ സ്മാര്‍ട്ട് ഫാര്‍മസിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

 

Comments

comments

Categories: Arabia