ചക്കമഹോത്സവം ഓഗസ്റ്റ് 9 മുതല്‍

ചക്കമഹോത്സവം ഓഗസ്റ്റ് 9 മുതല്‍

തിരുവനന്തപുരം: ചക്കയുടെ ഉല്‍പ്പാദനവും മൂല്യവര്‍ധനവും വിപണനവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പ്പശാലയും ചക്ക മഹോത്സവവും അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശില്‍പ്പശാലയുടെ ഉദ്ഘാടനം 12ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.

ചക്കയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളേയും വിപണനസാധ്യതകളേയും കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുകയും ഇത് ഉപയോഗപ്പെടുത്താന്‍ കര്‍ഷകരേയും സംരംഭകരേയും പ്രാപ്തരാക്കുകയുമാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. മലേഷ്യ, വിയറ്റ്‌നാം, ബംഗ്ലാദേശ്, തായ്‌ലാന്റ്, ശ്രീലങ്ക തുടങ്ങി എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 17ലധികം ശാസ്ത്രജ്ഞര്‍ ശില്പശാലയില്‍ പ്രബന്ധം അവതരിപ്പിക്കും. ചക്കയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിരീതികള്‍, വിള മെച്ചപ്പെടുത്തലുകള്‍, ചക്ക സംസ്‌കരണത്തിനാവശ്യമായ യന്ത്രോപകരണങ്ങള്‍, പാക്കിംഗ് രീതികളുടെ നിലവാരം ഉറപ്പുവരുത്തല്‍, ഭക്ഷ്യ ആരോഗ്യ സുരക്ഷയില്‍ ചക്കയുടെ പ്രാധാന്യം, ചക്ക ഉല്‍പ്പാദന, സംസ്‌കരണ, വിപണന മേഖലകളിലെ തൊഴില്‍സാധ്യതകള്‍, നൈപുണ്യ വികസന ഏജന്‍സികള്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ശില്‍പ്പശാലയില്‍ നടക്കും.

ചക്കയുടെ സമ്പൂര്‍ണ മൂല്യവര്‍ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി സ്ത്രീകള്‍ക്കായി അഞ്ചുദിവസത്തെ പരിശീലനപരിപാടിയും, കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക പ്രതിനിധികള്‍, നഴ്‌സറി പ്രതിനിധികള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ഒരുക്കുന്ന മുന്നൂറോളം സ്റ്റാളുകളും ചെറുകിട ചക്കവ്യവസായത്തിനുപയോഗിക്കാവുന്ന യന്ത്രങ്ങളുടെ അന്താരാഷ്ട്രതല പ്രദര്‍ശനമത്സരവും നടക്കും.

ചക്ക ഫോട്ടോഗ്രാഫി, ചക്ക കാര്‍വിംഗ്, ജലച്ചായ ചിത്രരചന, പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസരചന, പ്രസംഗം എന്നീ മത്സരങ്ങളും നടക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്, ഇന്റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ്‌വര്‍ക്ക്, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ്, ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാന കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പും കേരള സര്‍വകലാശാലയും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.

ശില്‍പ്പശാലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അസോസിയേറ്റ് ഡയറക്റ്റര്‍ ഓഫ് റിസര്‍ച്ച്, മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, അമ്പലവയല്‍, വയനാട് ഇ-മെയ്ല്‍: adramb@kau.in, rarsamb@kau.in t ഫോണ്‍;04936 260421, വെബ്‌സൈറ്റ്: techmeets.kau.in എന്ന വിലാസത്തില്‍ ബന്ധപ്പെടണം. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീക്കാറാം മീണ, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്രന്‍, ഡയറക്റ്റര്‍ ഇന്‍ ചാര്‍ജ് എ എം സുനില്‍കുമാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

comments

Categories: Business & Economy