മിഡില്‍ ഈസ്റ്റ് വിമാനകമ്പനികളിലെ ചരക്ക് നീക്കത്തില്‍ ഇടിവ്

മിഡില്‍ ഈസ്റ്റ് വിമാനകമ്പനികളിലെ ചരക്ക് നീക്കത്തില്‍ ഇടിവ്

മേഖലകളിലെ വിമാനകമ്പനികളുടെ ചരക്ക്‌നീക്കം 0.1 ശതമാനം കുറഞ്ഞ് 13.9 ശതമാനത്തില്‍ എത്തി്. 17 വര്‍ഷത്തിലെ ആദ്യത്തെ ഇടിവാണിത്

ജനീവ: ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ മിഡില്‍ ഈസ്റ്റ് വിമാനകമ്പനികള്‍ കൈമാറ്റം ചെയ്ത അന്താരാഷ്ട്ര ചരക്കുകളില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 17 വര്‍ഷത്തിലെ ആദ്യത്തെ ഇടിവാണിതെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പറഞ്ഞു.

മേഖലകളിലെ വിമാനകമ്പനികളുടെ പങ്ക് 0.1 ശതമാനം കുറഞ്ഞ് 13.9 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തില്‍ 14 ശതമാനമായിരുന്നു. ഇടിവുവരാനുണ്ടായ കാരണം അയാട്ട വ്യക്തമാക്കിയിട്ടില്ല. ഇതിന് വിപരീതമായി മേഖലയിലെ ചരക്ക് ഡിമാന്‍ഡില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 7.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി വാര്‍ഷിക നിരക്കിനേക്കാള്‍ (10.8 ശതമാനം) കുറവാണ് ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കപ്പാസിറ്റിയില്‍ 1.5 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അയാട്ട കൂട്ടിച്ചേര്‍ത്തു.

മറ്റുള്ള മേഖലകളിലെ വിമാനകമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരമാണ് വളര്‍ച്ചയില്‍ കുറവ് വരാന്‍ കാരണമായത്. പ്രത്യേകിച്ച ഏഷ്യ- യൂറോപ്പ് റൂട്ടുകളിലെ ഡിമാന്‍ഡില്‍ കാര്യമായ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ വളര്‍ച്ച മുകളിലേക്കാണെന്നും അയാട്ട വ്യക്തമാക്കി. 2017 ന്റെ ആദ്യം മുതല്‍ 10 ശതമാനം വളര്‍ച്ചനേടി മികച്ച പ്രകടനമാണ് ഈ മേഖലകളില്‍ നിന്നുള്ള വിമാനകമ്പനികള്‍ പ്രകടിപ്പിക്കുന്നത്. ജൂണില്‍ ചരക്കിന്റെ അളവില്‍ പ്രതിവര്‍ഷം 3.7 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാവുകയും ശേഷി 2.2 ശതമാനത്തിന്റെ വളര്‍ച്ച നേടുകയും ചെയ്തു.

2017 ലെ ആദ്യ പകുതിയില്‍ ആഗോളതലത്തിലെ ചരക്ക് ഡിമാന്‍ഡ് 10.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്. 2010 ന് ശേഷമുണ്ടായ ഏറ്റവും മികച്ച അര്‍ധ വാര്‍ഷിക പ്രകടനമായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ശരാശരി വളര്‍ച്ച നിരക്കായ 3.9 ശതമാനത്തേക്കള്‍ മൂന്ന് ഇരട്ടിയുടെ വര്‍ധനവാണ് ആദ്യപകുതിയില്‍ കൈവരിച്ചത്. ശക്തമായ ആഗോള സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിമാനത്തിലൂടെയുള്ള ചരക്ക് നീക്കം മികച്ച നിലയിലാണ്. ഡിമാന്‍ഡിലും മികച്ച വളര്‍ച്ചയാണുള്ളതെന്നും അയാട്ടയുടെ ചീഫ് എക്‌സിക്യൂട്ടീല് അലക്‌സാന്‍ഡ്രെ ഡീ ജൂനിയാക് പറഞ്ഞു.

ജൂണിലെ ആഗോള ചരക്ക് ഡിമാന്‍ഡില്‍ 11 ശതമാനത്തിന്റേയും കപ്പാസിറ്റിയില്‍ 5.2 ശതമാനത്തിന്റേയും വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം മോശം പ്രകടനം കാഴ്ചവെച്ച ആഗോള വ്യവസായത്തില്‍ ഇത്തവണ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ലോക വ്യവസായത്തില്‍ 2.4 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1.3 ശതമാനമായിരുന്നു.

മിഡില്‍ ഈസ്റ്റിലെ വിമാനകമ്പനികള്‍ യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ 3.7 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണുണ്ടായത്. എട്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാവിലക്കും വിമാനത്തിനുള്ളില്‍ വലിയ ഇലക്ടോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം കൊണ്ടുവന്നതും ഇവിടത്തെ വിമാനകമ്പനികളുടെ പ്രകടനത്തെ കാര്യമായി ബാധിച്ചെന്നും അയാട്ട പറഞ്ഞു.

Comments

comments

Categories: Arabia