ബജാജ് ക്യൂട്ടിനെ ഡീലര്‍ഷിപ്പില്‍ കണ്ടു ; ഇന്ത്യ കാത്തിരിക്കുന്നു

ബജാജ് ക്യൂട്ടിനെ ഡീലര്‍ഷിപ്പില്‍ കണ്ടു ; ഇന്ത്യ കാത്തിരിക്കുന്നു

ഒരു ലിറ്റര്‍ ഇന്ധനം ഉപയോഗിച്ച് 35 കിലോമീറ്റര്‍ ഓടിക്കാന്‍ കഴിയും. നാല് പേര്‍ക്ക് സസുഖം യാത്ര ചെയ്യാം

ന്യൂ ഡെല്‍ഹി : ഭാരതം കാത്തിരിക്കുന്ന കുഞ്ഞന്‍ വാഹനം ബജാജ് ക്യൂട്ടിനെ ഗുജറാത്തിലെ ഒരു ഡീലര്‍ഷിപ്പില്‍ കണ്ടു. ഓട്ടോമോട്ടീവ് വെബ്‌സൈറ്റായ റഷ്‌ലെയ്ന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ബജാജ് ക്യൂട്ട് എന്ന ക്വാഡ്രിസൈക്കിളിനെ ഇന്ത്യന്‍ വിപണിയില്‍ അധികം വൈകാതെ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. യൂറോപ്പ്, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളില്‍ നിലവില്‍ ബജാജ് ക്യൂട്ട് ക്വാഡ്രിസൈക്കിള്‍ വില്‍ക്കുന്നുണ്ട്.

216 സിസി സിംഗിള്‍ സിലിണ്ടര്‍ ഡിടിഎസ്-ഐ പെട്രോള്‍ എന്‍ജിനാണ് ഈ കുഞ്ഞന്റെ ഹൃദയം. ഈ എന്‍ജിന്‍ 18 എച്ച്പി കരുത്തും 20 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ കൂട്ടുകൂടിയിരിക്കുന്നത്. ഒരു ലിറ്റര്‍ ഇന്ധനം ഉപയോഗിച്ച് 35 കിലോമീറ്റര്‍ ഓടിക്കാന്‍ കഴിയും. നാല് പേര്‍ക്ക് സസുഖം യാത്ര ചെയ്യാം. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം. ടേണിംഗ് റേഡിയസ് 3 മീറ്റര്‍. 2,752 എംഎം ആണ് വാഹനത്തിന്റെ നീളം. വീതി 1,312 എംഎം, ഉയരം 1,652 എംഎം, വീല്‍ബേസ് 1,925 എംഎം.

2015 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനിരുന്നതാണ് ബജാജ് ക്യൂട്ട്. എന്നാല്‍ ലൈറ്റ് വെയ്റ്റും സുരക്ഷാ ഫീച്ചറുകളുടെ അഭാവത്തെയും തുടര്‍ന്നുള്ള ആശങ്കകള്‍ കണക്കിലെടുത്ത് ഇത്തരം വാഹനങ്ങളുടെ (ക്വാഡ്രിസൈക്കിള്‍) വില്‍പ്പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ കാര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഈ വാഹനം അര്‍ഹത നേടിയില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ക്വാഡ്രിസൈക്കിള്‍ എന്ന പുതിയ വാഹന കാറ്റഗറി സൃഷ്ടിച്ചു. വാണിജ്യ വാഹന സെഗ്‌മെന്റില്‍ വില്‍പ്പന നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ബജാജ് ക്യൂട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.

തുടക്കത്തില്‍ ആര്‍ഇ60 എന്നാണ് ക്യൂട്ടിനെ വിളിച്ചിരുന്നത്. നിലവിലെ ഓട്ടോറിക്ഷകള്‍ക്ക് പകരം സിറ്റി ഡ്രൈവിംഗിന് ഉപയോഗിക്കുന്നതിനാണ് വാഹനം രൂപകല്‍പ്പന ചെയ്തത്. ത്രീ വീലറിന്റെ എല്ലാ സവിശേഷതകളുമുള്ള നാലുചക്ര വാഹനമാണ് ബജാജ് ക്യൂട്ട് ക്വാഡ്രിസൈക്കിള്‍. രണ്ട് ലക്ഷം രൂപയായിരിക്കും ഓണ്‍ റോഡ് വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായിട്ടാകും ബജാജ് ക്യൂട്ട് വിപണിയിലെത്തിക്കുന്നത്. തുടര്‍ന്ന് പാസഞ്ചര്‍ വിപണിയിലേക്ക് ഒരു വേരിയന്റ് അവതരിപ്പിക്കും.

 

Comments

comments

Categories: Auto