വേണം സമ്പാദ്യ വിചാരം

വേണം സമ്പാദ്യ വിചാരം

സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍
ആപത്തു കാലത്ത് കാ പത്തു തിന്നാം.

മലയാളി തലമുറകളായി കേട്ടുപോരുന്ന പഴഞ്ചൊല്ലാണിത്. നല്ല കാലത്ത് നന്നായി പ്രയത്‌നിച്ചാല്‍ വിഷമഘട്ടങ്ങളില്‍ അത് ഉപകാരപ്പെടുമെന്ന് ഇത് സൂചിപ്പിക്കുന്നു. സമ്പത്തിന്റെ കാര്യവും അങ്ങനെയാണ്. കയ്യില്‍ പണം മിച്ചം വരുമ്പോള്‍ അത് സമ്പാദ്യമാക്കി മാറ്റിയാല്‍ ഭാവിയില്‍ അത് പ്രയോജനപ്പെടും. എന്നാല്‍ എല്ലായ്‌പ്പോഴും കാലവും അവസരവും ഒരുപോലെയാവണമെന്നില്ല. അതിനാല്‍ പണസമ്പാദനത്തിനായി വന്നുചേരുന്ന അവസരങ്ങള്‍ ശരിയായി വിനിയോഗിക്കണം. വ്യക്തമായ ആസൂത്രണമില്ലാതെ പണം ചെലവഴിക്കുന്നവര്‍ക്ക് ഒന്നു ശ്രദ്ധിച്ചാല്‍ സമ്പാദിക്കാനാവും. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന, വരുമാനം കുറഞ്ഞവര്‍ക്ക് ഇതിനായി പണം കണ്ടെത്തുന്നത് ബുദ്ധിമുട്ടായി തോന്നാം. എങ്കിലും വരുമാനത്തില്‍ മിച്ചം പിടിക്കാനായാല്‍ അവര്‍ക്കും ഇതിനു കഴിയും.

വ്യക്തമായ ആസൂത്രണമില്ലാതെ പണം ചെലവഴിക്കുന്നവര്‍ക്ക് ഒന്നു ശ്രദ്ധിച്ചാല്‍ സമ്പാദിക്കാനാവും. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന, വരുമാനം കുറഞ്ഞവര്‍ക്ക് ഇതിനായി പണം കണ്ടെത്തുന്നത് ബുദ്ധിമുട്ടായി തോന്നാം. എങ്കിലും വരുമാനത്തില്‍ മിച്ചം പിടിക്കാനായാല്‍ അവര്‍ക്കും ഇതിനു കഴിയും

നിത്യജീവിതത്തില്‍ പണച്ചെലവുകള്‍ ഒരിക്കലും വേണ്ടെന്നുവയ്ക്കാനാവില്ല. പക്ഷേ. ചെലവുകള്‍ നിയന്ത്രിച്ച് വരുമാനത്തില്‍ നിന്ന് മിച്ചം പിടിക്കാനാകണം. അല്ലെങ്കില്‍ എങ്ങനെയാണ് മറ്റ് വരുമാന സ്രോത സുകള്‍ ഇല്ലാത്ത അവസ്ഥയില്‍ സമ്പാദ്യത്തിനായി പണം കണ്ടെത്താനാവുക. അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെയാണ് ചെലവുകള്‍ വരിക. ഇതില്‍ അനാവശ്യമെന്നു തോന്നുന്നത് തീര്‍ത്തും ഒഴിവാക്കിയെ തീരൂ. അത്യാവശ്യമല്ലാത്തവ മാറ്റിവയ്ക്കാം. അതായത് വൈദ്യുതി, വെള്ളം, ടെലിഫോണ്‍ ചാര്‍ജുകള്‍, നികുതികള്‍ എന്നിവ കൃത്യമായി അടക്കേണ്ടതുണ്ട്. ഇത്തരം നിര്‍ബന്ധിത ചെലവുകള്‍ നേരിടേണ്ടി വരുന്ന മാസങ്ങളില്‍ അത്യാവശ്യമല്ലാത്ത മറ്റു ചെലവുകള്‍ മാറ്റിവച്ച് വരുമാനത്തില്‍ മിച്ചം പിടിക്കാന്‍ ശ്രമിക്കണം. വായ്പകള്‍ എടുക്കുന്നത് കഴിവതും ഒഴിവാക്കണം. വായ്പ തിരിച്ചടവുകള്‍ വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ഓര്‍മ്മിക്കുക. അന്നന്നത്തെ ചെലവുകള്‍ എഴുതിയോ കമ്പ്യൂട്ടറിലോ മൊബീല്‍ ഫോണിലോ സൂക്ഷിക്കുന്നത് വരവ് ചെലവുകള്‍ വിശകലനം ചെയ്യാനുള്ള മാര്‍ഗരേഖയായി ഉപയോഗിക്കാം. ഇത് ചെലവുകള്‍ കൂടുതല്‍ എവിടെയാണെന്നറിയുന്നതിനും വരുമാന ചോര്‍ച്ച തടയുന്നതിനും സഹായകമാകും. വീടുമായി ഏകോപനമില്ലാതെ സാധനങ്ങളും ഹോട്ടല്‍ ഭക്ഷണവും വാങ്ങുന്നത് വരുമാന നഷ്ടമുണ്ടാക്കുന്നതിന് ഉദാഹരണങ്ങളാണ്. യാത്രകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും കരുതലിനായി എടിഎമ്മില്‍ നിന്നും ബാങ്ക് എക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതും പിന്നീട് തിരിച്ചടയ്ക്കാതെ ചെലവഴിച്ചു കളയുന്നതും സാമ്പത്തിക നഷ്ടമാണ് വരുത്തുന്നതെന്ന് തിരിച്ചറിയണം. വരുമാനവും പതിവു ചെലവുകളും എത്രയെന്നു കണ്ടെത്തി ആസൂത്രണം ചെയ്താല്‍ സമ്പാദ്യത്തിന് പണം സ്വരൂപിക്കാം.

ഓരോ ദിവസത്തെയും വരവു ചെലവുകള്‍ എഴുതിസൂക്ഷിക്കുന്നത് ശീലമാക്കണം. മാത്രമല്ല ഇത് കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നത് അവര്‍ക്കിടയില്‍ ചെലവുകളെയും വരുമാനത്തെയും കുറിച്ച് ധാരണയുണ്ടാകാന്‍ സഹായകമാണ്. പലപ്പോഴും കുട്ടികള്‍ കുടുംബ വരുമാനവും ചെലവുകളും അറിയാറില്ല. അവരെ അറിയിക്കാറില്ല എന്നു പറയുകയാവും ചിലപ്പോള്‍ കൂടുതല്‍ ശരി. സാമ്പത്തിക കാര്യങ്ങള്‍, പ്രത്യേകിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരെ അറിയിക്കാതെ വളര്‍ത്തണമെന്നതാണ് പല മാതാപിതാക്കളുടെയും കാഴ്ചപ്പാട്. അങ്ങനെയാവുമ്പോള്‍ കുടുംബത്തിന്റെ സാമ്പത്തിക ചിത്രം കുട്ടികള്‍ അറിയാതെ പോകുന്നു. പക്ഷേ, വളര്‍ന്നുവരുന്ന ഭാവി തലമുറ എന്ന നിലയ്ക്ക് കുടുംബത്തിന്റെ വരുമാനവും സമ്പാദ്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും കുട്ടികള്‍ അറിയണം. അത് അനാവശ്യച്ചെലവുകളും ധൂര്‍ത്തും ഒഴിവാക്കി പണം കരുതലോടെ കൈകാര്യം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കും. അതുകൊണ്ടാണ് പണം സംബന്ധമായി വീടുകളില്‍ സംസാരിക്കുമ്പോള്‍ കുട്ടികളെയും അതില്‍ ഉള്‍പ്പെടുത്തണമെന്നു പറയുന്നത്.

കുടുംബത്തിന്റെ വരുമാനവും സമ്പാദ്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും കുട്ടികള്‍ അറിയണം. അത് അനാവശ്യച്ചെലവുകളും ധൂര്‍ത്തും ഒഴിവാക്കി പണം കരുതലോടെ കൈകാര്യം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കും

നല്ല ആരോഗ്യം ഉണ്ടാവണമെന്ന് ആഗ്രഹിക്കുംപോലെ സമ്പാദ്യവും നല്ലതാവണം. ഓരോരുത്തര്‍ക്കും സമ്പാദ്യത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളാണുണ്ടാവുക. സമ്പാദ്യം ആദായം പ്രദാനം ചെയ്യുന്നതായിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. ഇന്ന് ബാങ്കുകളിലെ സേവിംഗ്‌സ് ഡിപ്പോസിറ്റ്, സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ്, ഇന്‍ഷുറന്‍സ്, കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍, ചിട്ടി, ഭൂമിയും സ്വര്‍ണ്ണവും വാങ്ങല്‍, ഇന്‍ഷുറന്‍സ്, ഓഹരി, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിങ്ങനെ സമ്പാദ്യത്തിനായി വിവിധ മാര്‍ഗങ്ങളുണ്ട്. ഓരോരുത്തര്‍ക്കും അനുയോജ്യമായ സമ്പാദ്യ രീതികള്‍ വ്യത്യസ്തമായിരിക്കും. മാത്രമല്ല എല്ലാ മാര്‍ഗങ്ങളും ഒരേ സമയം പ്രയോജനപ്പെടുത്തിയാലും നല്ല ആദായം ലഭിക്കണമെന്നില്ല. ഓരോന്നിനെക്കുറിച്ചും ശരിയായി മന സിലാക്കിയതിനുശേഷം മാത്രം വേണം അതില്‍ സമ്പാദ്യം തുടങ്ങാന്‍. നിക്ഷേപകനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് കൂടുതല്‍ ആദായം നല്‍കുന്നതാണ് ഏറ്റവും നല്ല സമ്പാദ്യം. അത് സുരക്ഷിതവുമായിരിക്കണം.
rajeev.lakshman@gmail.com

Comments

comments

Categories: FK Special, Slider