റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ശതമാനം കുറച്ചു

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ശതമാനം കുറച്ചു

ഭവന, വാഹന വായ്പകളുടെ പലിശ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് നടപടി

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി (എംപിസി) അടിസ്ഥാന പലിശ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ഹ്രസ്വകാല പലിശ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6 ശതമാനമാക്കി. റിവേഴ്‌സ് റിപ്പോ നിരക്ക് ആറില്‍ നിന്ന് 5.75 ശതമാനമായി കുറച്ചിട്ടുണ്ട്. ഭവന, വാഹന വായ്പകളുടെ പലിശ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് നടപടി. കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശനിരക്കില്‍ അര ശതമാനം കുറച്ചിരുന്നു.

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ജൂണില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 1.54 ശതമാനത്തിലെത്തിയതിനാല്‍ വിപണി പ്രതീക്ഷിച്ചതിന് സമാനമായാണ് പലിശ നിരക്ക് കുറച്ചത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആര്‍ബിഐ ലക്ഷ്യംവെക്കുന്ന പണപ്പെരുപ്പനിരക്കിലും(2-3.5) താഴെയായിരുന്നു ജൂണിലെ പണപ്പെരുപ്പ നിരക്ക്.

2016 ഒക്‌റ്റോബറിലാണ് അവസാനമായി കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചത്. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലാണ് ഇന്നലെ പണ നയസമിതി യോഗം ചേര്‍ന്നത്.

ആറംഗ പണനയ സമിതിയില്‍ ഡോ.ചേതന്‍ ഘാട്ടെ, ഡോ.പമി ദുവ,ഡോ.വൈറല്‍ വി ആചാര്യ, ഡോ. ഉര്‍ജിത് പട്ടേല്‍ എന്നിവരാണ് 25 അടിസ്ഥാന പോയന്റുകള്‍ പലിശ നിരക്കില്‍ കുറയ്ക്കുന്നതിന് അനുകൂല നിലപാടെടുത്തത്. ഡോ. രവിന്ദ്ര എച്ച് ദോലക്യ 50 ബേസിസ് പോയ്ന്റുകള്‍ കുറയ്ക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഡോ. മൈക്കല്‍ ഡെബാബ്രത പത്ര നിലവിലെ സ്ഥിതി തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്. നയനിലപാട് നിഷ്പക്ഷമായി നിലനിര്‍ത്താനും സമ്പദ് വ്യവസ്ഥയില്‍ നിന്നു വരുന്ന വിവരങ്ങള്‍ നിരീക്ഷിക്കാനും എംപിസി തീരുമാനിച്ചിട്ടുണ്ട്. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 6.25 ശതമാനമായി ക്രമീകരിച്ചു.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക് ജൂണില്‍ 1.54 ശതമാനമായി കുറഞ്ഞെങ്കിലും ഇത് സുസ്ഥിരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പച്ചക്കറികളുടെ വിലയിലുണ്ടാകുന്ന വര്‍ധനയുടെ പശ്ചാത്തലത്തില്‍ സിപിഐ പണപ്പെരുപ്പം ഉയരുമെന്നാണ്് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്.

2009 ഫെബ്രുവരി മുതല്‍ മാനുഫാക്ചറിംഗ് രംഗത്ത് കുത്തനെ ഇടിവുണ്ടായതായി ജൂലൈയിലെ നിക്കെയുടെ പിഎംഐ ഡാറ്റ വ്യക്തമാക്കുന്നു. പിഎംഐ ജൂണിലെ 50.9ല്‍ നിന്ന് ജൂലൈയില്‍ 47.9ലേക്കാണ് താഴ്ന്നത്.

Comments

comments

Categories: Slider, Top Stories