ജൈവ ഇന്ധന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി

ജൈവ ഇന്ധന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി

പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു

ന്യൂ ഡെല്‍ഹി : റോഡ്, ജല ഗതാഗത ആവശ്യങ്ങള്‍ക്കായി വലിയ തോതില്‍ ജൈവ ഇന്ധന വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനായി നിതിന്‍ ഗഡ്കരി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. കാറുകളും കപ്പലുകളും മെഥനോളില്‍ പ്രവര്‍ത്തിക്കുന്നതിന് ചൈന നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും നിതി ആയോഗിനോട് കേന്ദ്ര മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു.

നിതി ആയോഗ് അംഗം വികെ സാരസ്വതും രാസവള, പെട്രോളിയം & പ്രകൃതി വാതക, പുനരുല്‍പ്പാദന ഊര്‍ജ്ജ, കപ്പല്‍ ഗതാഗത, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി കുറച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും അനുകൂലമായാണ് സംസാരിച്ചത്. അതേസമയം മെഥനോള്‍ പോലെ വിലകുറഞ്ഞ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.

തദ്ദേശീയമായി മെഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒഡിഷയിലെ താല്‍ച്ചറില്‍ ഇതുസംബന്ധിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ പ്രോജക്റ്റ് പ്രവര്‍ത്തിച്ചുവരുന്നു. മെഥനോള്‍ ഉല്‍പ്പാദനത്തിന് പദ്ധതി തയ്യാറാക്കാന്‍ നിതി ആയോഗ് ശ്രമം നടത്തുന്നു.

കല്‍ക്കരിയില്‍നിന്ന് മെഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷനായ ആര്‍ആര്‍ സോന്ദി മെഥനോള്‍ ഉല്‍പ്പാദനത്തെക്കുറിച്ച് വിശദീകരിച്ചു. 2023 ഓടെ പ്രതിദിനം 1,500-5,000 ടണ്‍ മെഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് ഇന്ത്യയിലുണ്ടാകുമെന്ന് സോന്ദി പറഞ്ഞു. നിലവില്‍ സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യ മെഥനോള്‍ ഇറക്കുമതി ചെയ്യുന്നത്.

 

Comments

comments

Categories: Auto