മുകേഷ് അംബാനിയുടെ അസാമാന്യ വളര്‍ച്ച

മുകേഷ് അംബാനിയുടെ അസാമാന്യ വളര്‍ച്ച

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി വളര്‍ന്നിരിക്കുകയാണ് മുകേഷ് അംബാനി. കുടുംബ ബിസിനസ് വിഭജിക്കപ്പെട്ടുകഴിഞ്ഞ ശേഷം മുകേഷിനുണ്ടായ ബിസിനസ് വളര്‍ച്ച മികച്ച സ്ട്രാറ്റജിയുടെ ഫലം കൂടിയാണ്

ടെലികോം വിപ്ലവത്തിലൂടെ മുകേഷ് അംബാനി നടത്തുന്ന തേരോട്ടം അദ്ദേഹത്തിന്റെ സമ്പത്തില്‍ അസാധാരണമാം വിധമുള്ള വളര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്.ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാറിക്കഴിഞ്ഞു റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അധിപന്‍. ഇന്ത്യയിലെ സാധാരണക്കാരിലേക്ക് 4ജി സേവനം എത്തിക്കുന്നതിനായുള്ള റിലയന്‍സ് ജിയോ എന്ന സംരംഭത്തിലൂടെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മുകേഷ് അംബാനി.

തന്റെ സമ്പത്തിലേക്ക് ഈ വര്‍ഷം 12.1 ബില്ല്യണ്‍ ഡോളര്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് മുകേഷ് അംബാനി. റിലയന്‍സിന്റെ ഓഹരികളില്‍ റെക്കോഡ് വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ പ്രഖ്യാപിച്ച ജിയോ ഫോണ്‍ മുകേഷിന്റെ ടെലികോം സംരംഭത്തെ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് മുഴുവന്‍ എത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1,500 രൂപ റീഫണ്ടബിള്‍ ഡിപ്പോസിറ്റില്‍ സ്മാര്‍ട്ട്‌ഫോണിന്റെ എല്ലാ സവിശേഷതകളോടും കൂടിയ ഫീച്ചര്‍ ഫോണാണ് ജിയോ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നത്.

അതേസമയം, ഈ വമ്പന്‍ ടെലികോം സംരംഭത്തിനായി മുകേഷ് നടത്തിയ നിക്ഷേപത്തിന്റെ നേട്ടങ്ങള്‍ ഇതുവരെ കണ്ടുതുടങ്ങിയിട്ടുമില്ല. ഏകദേശം 31 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അംബാനി ജിയോയ്ക്കായി നടത്തിയിരിക്കുന്നത്. റിലയന്‍സ് ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള ബാധ്യതയുടെ നല്ലൊരു ശതമാനവും ജിയോയുടെ സംഭാവനയാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബീല്‍ ഫോണ്‍ മാര്‍ക്കറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന സംരംഭമായി ജിയോ മാറുമെന്നാണ് മുകേഷ് അംബാനിയുടെ പ്രതീക്ഷ. ആ ധാരണ വെച്ചാണ് ഇപ്പോള്‍ നടത്തുന്ന വമ്പന്‍ നിക്ഷേപങ്ങളും.

റിലയന്‍സിന്റെ ആസ്തികളില്‍ ഒരു രത്‌നമാണ് ജിയോ എന്നാണ് മുകേഷ് അംബാനി തന്നെ മുമ്പ് വ്യക്തമാക്കിയത്. 10 വര്‍ഷത്തിനുള്ളില്‍ സമൂഹത്തിലും ബിസിനസിലും ജിയോക്കുള്ള മൂല്യം എത്രയോ മടങ്ങ് വര്‍ധിക്കുമെന്നാണ് മുകേഷിന്റെ പ്രതീക്ഷ. ഡാറ്റ സര്‍വീസ് രംഗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ കമ്പനിയായി ജിയോയെ മാറ്റുമെന്നാണ് അംബാനി ആവര്‍ത്തിച്ച് പറയുന്നത്.

2016 സെപ്റ്റംബര്‍ നാലിനാണ് സൗജന്യ കോളും 4ജി ഡാറ്റയും ഉള്‍പ്പെടെ ഉപഭോക്താക്കളുടെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി റിലയന്‍സ് ജിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചത്. അത് ടെലികോം രംഗത്ത് പുതിയ ധ്രുവീകരണങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഇടവെച്ചു. ടെലികോം വ്യവസായത്തിലെ നിലവിലെ വമ്പന്‍ കമ്പനികളായ എയര്‍ടെലിന്റേയും വോഡഫോണിന്റേയും ഐഡിയയുടേയും വരുമാനത്തില്‍ ജിയോ കാര്യമായ ഇടിവ് വരുത്തുകയും ചെയ്തു. നിരക്കുകള്‍ താഴ്ത്തി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടും കമ്പനികളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലായി. ഇതിനെത്തുടര്‍ന്നാണ് ഐഡിയയും വോഡഫോണും ലയിക്കാനുള്ള തീരുമാനത്തിലെത്തിയത്. പ്രവര്‍ത്തനമാരംഭിച്ച് വെറും 170 ദിവസങ്ങള്‍ക്കുള്ളിലാണ് 100 ദശലക്ഷം ഉപഭോക്താക്കളെ അവര്‍ നേടിയെടുത്തത്. ഇതിനോടകം തന്നെ 125 ദശലക്ഷം ഉപഭോക്താക്കളെ ജിയോ നേടിക്കഴിഞ്ഞെന്നാണ് അംബാനി അവകാശപ്പെടുന്നത്.

നാളെയുടെ സംരംഭമാകാന്‍ ശേഷിയുള്ള കമ്പനിയെന്ന നിലയിലാണ് ജിയോയില്‍ അംബാനി ഇത്ര വലിയ നിക്ഷേപം നടത്തുന്നത്. അത് ഇന്ത്യയിലെ ടെലികോം സമവാക്യങ്ങളെ ആകെ മാറ്റിമറിക്കുകയും ചെയ്തു.

മത്സരം ഏത് ദിശയില്‍ പോകുമെന്നതിനെ ആശ്രയിച്ചിരിക്കും ജിയോയുടെ ഭാവി വരുമാനം നിര്‍ണയിക്കപ്പെടുക. അംബാനി ഉദ്ദേശിക്കുന്ന പോലെ ഇന്ത്യയിലെ ടെലികോം മേഖലയിലെ കുത്തക കമ്പനിയായി ജിയോ മാറിയാല്‍ ആഗോളതലത്തിലുള്ള ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ അദ്ദേഹത്തെ മുന്‍നിരയില്‍ എത്തിക്കുന്നതിന് വരെ അത് കാരണമായേക്കാം. എന്നാല്‍ ജിയോയുടെ തേരോട്ടം തടയാന്‍ മറ്റ് ടെലികോം കമ്പനികള്‍ എന്തെല്ലാം തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും അത്.

Comments

comments

Categories: Editorial, Slider