1.4 ബില്യണ്‍ ദിര്‍ഹത്തിന്റെ ഷോപ്പിംഗ് മാളുമായി മജീദ് അല്‍ ഫുട്ടൈം

1.4 ബില്യണ്‍ ദിര്‍ഹത്തിന്റെ ഷോപ്പിംഗ് മാളുമായി മജീദ് അല്‍ ഫുട്ടൈം

കാരിഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റാണ് സിറ്റി സെന്റര്‍ അല്‍ ജസിറയുടെ പ്രധാന ആകര്‍ഷണം

അബുദാബി: അബുദാബിയില്‍ 1.4 ബില്യണ്‍ ദിര്‍ഹത്തിന്റെ സിറ്റി സെന്റര്‍ മാള്‍ നിര്‍മിക്കാന്‍ ഒരുങ്ങി മജീദ് അല്‍ ഫുട്ടൈം. എയര്‍പോര്‍ട്ട് റോഡിനും മുറൂര്‍ റോഡിനും ഇടയിലാണ് സിറ്റി സെന്റര്‍ അല്‍ ജസീറ നിര്‍മിക്കുന്നത്.

ഒക്‌റ്റോബര്‍ 2017 ന് മാളിന്റെ നിര്‍മാണം ആരംഭിച്ച് 2021 ല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

അല്‍ ജസീറ സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബുമായി ചേര്‍ന്നാണ് റീട്ടെയ്ല്‍ ഭീമന്‍ മാള്‍ നിര്‍മിക്കുന്നത്. സിറ്റി സെന്റര്‍ അല്‍ ജസിറയുടെ പ്രധാന ആകര്‍ഷണം കാരിഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റായിരിക്കും.

ഇത് കൂടാതെ 153 റീട്ടെയ്ല്‍ സ്റ്റോറുകളും 15 സ്‌ക്രീന്‍ വിഒഎക്‌സ് സിനിമയും കുടുംബമായി ആഘോഷിക്കുന്നതിനായി മാജിക് പ്ലാനെറ്റും മാളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റി സെന്റര്‍ ക്ലിനിക്, ഫിറ്റ്‌നസ് സെന്റര്‍, റസ്റ്റോറന്റുകള്‍ എന്നിവയും ഇവിടെയുണ്ടാകും. 2,15,000 സ്‌ക്വയര്‍ മീറ്ററിലാണ് പദ്ധതി നിര്‍മിക്കുന്നത്. ഇതില്‍ 80,500 സ്‌ക്വയര്‍ മീറ്റര്‍ വാടകയ്ക്ക് നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മജീദ് അല്‍ ഫുട്ടൈം പറഞ്ഞു.

അബുദാബിയില്‍ നിര്‍മിക്കുന്ന പുതിയ ലൈഫ്‌സ്റ്റൈല്‍ ഡെസ്റ്റിനേഷന്റ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍ ജസിറ സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ അല്‍ ജസിറ ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയര്‍മാന്‍ സയീദ് മൊഹമ്മെദ് ബിന്‍ ബട്ടി അല്‍ ക്യുബൈസി പറഞ്ഞു. നിക്ഷേപം വര്‍ധിപ്പിക്കാനുള്ള അല്‍ ജസിറയുടെ താല്‍പ്പര്യത്തിലേക്കുള്ള പ്രധാന കൂട്ടിച്ചേര്‍ക്കലാണ് പുതിയ ഷോപ്പിംഗ് മാളെന്ന് സംയുക്ത സംരംഭത്തിന്റെ ചെയര്‍മാനായ മൊഹമ്മെദ് ഹാജി ഖൗരി പറഞ്ഞു. 2026 ആവുമ്പോഴേക്കും യുഎഇയിലെ കമ്പനിയുടെ മൊത്തം നിക്ഷേപം 30 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തുക എന്ന മജീദ് അല്‍ ഫുട്ടൈമിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതി.

Comments

comments

Categories: Arabia