സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഇറാഖ്

സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഇറാഖ്

സൗദിയുമായുള്ള സാമ്പത്തിക, നിക്ഷേപ ബന്ധം ശക്തമാക്കാനാണ് ഇറാഖിന്റെ ശ്രമം

ബാഗ്ദാദ്: സൗദി അറേബ്യയുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി ഇറാഖ് ഗവണ്‍മെന്റ്. സൗദിയുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാന്‍ ഇറാഖ് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടു. വാണിജ്യം, വ്യവസായം, മിനറല്‍സ്, കാര്‍ഷികം എന്നിവയുടെ ചുമതലയുള്ള മന്ത്രിമാരെയും കമ്മിറ്റില്‍ ഉള്‍പ്പെടുത്തും.

സൗദിയുമായുള്ള സാമ്പത്തിക, നിക്ഷേപ ബന്ധം ശക്തമാക്കാന്‍ ഇറാഖ് ശ്രമിക്കുമെന്ന് കാബിനറ്റ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ഇറാഖി ആത്മീയനേതാവ് മോഖ്തദ അല്‍ സദറിന് ജെദ്ദയില്‍ സൗദി കിരീടവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാന്‍ സ്വീകരണം നല്‍കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ഇതിന്റെ ഭാഗമായി സൗദിയിലെ പ്രധാന സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്താന്‍ ധനകാര്യ, ജലവിഭവ സഹമന്ത്രിമാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ചുമതലപ്പെടുത്തിയതായും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വാണിജ്യം, വ്യവസായം, കാര്‍ഷികം, പൊതു- സ്വകാര്യ മേഖലകള്‍ എന്നിവയില്‍ റിയാദുമായുള്ള സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗവണ്‍മെന്റിന്റെ തീരുമാനം.

നിരവധി വര്‍ഷങ്ങളായി സൗദിയുമായുള്ള ബന്ധത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇറാഖ് ഗവണ്‍മെന്റ് സ്വീകരിച്ച ആദ്യത്തെ നടപടിയാണിത്. ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കംമിട്ടിരുന്നു.

ഫെബ്രുവരിയില്‍ സൗദി വിദേശകാര്യ മന്ത്രിയുടെ ചരിത്രപരമായ ഇറാഖ് സന്ദര്‍ശനമാണ് പ്രശ്‌നം പരിഹാരത്തിനുള്ള ആദ്യപടിയായത്. 1990 ന് ശേഷം സൗദി മന്ത്രി നടത്തുന്ന ആദ്യത്തെ ഇറാഖ് സന്ദര്‍ശനമായിരുന്നു അത്. പിന്നീട് രാജ്യങ്ങളിലെ ഉന്നത നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നു. അറബ് ലീഗ് സമ്മിറ്റിനിടെ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായി സല്‍മാന്‍ രാജാവ് കൂടിക്കാഴ്ച നടത്തിയത് അല്‍ അബാദിയുടെ സൗദി സന്ദര്‍ശനത്തിന് വഴിവെച്ചു. കഴിഞ്ഞ മാസം ഇറാഖി ആഭ്യന്തരമന്ത്രി നടത്തിയ സൗദി സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സുരക്ഷ സഹകരണത്തിന് തുടക്കമിട്ടിരുന്നു.

ഇറാഖുമായി സഹകരിക്കാനുള്ള സൗദിയുടെ തീരുമാനവും ഏറ്റവും പ്രധാനപ്പെട്ട അറബ് രാജ്യവുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാനുള്ള അല്‍ അബാദിയുടെ താല്‍പ്പര്യവുമാണ് ഇരു രാജ്യങ്ങളിലെ നേതാക്കള്‍ തമ്മിലുള്ള സന്ദര്‍ശനങ്ങളിലൂടെ വ്യക്തമാകുന്നത്. ഇറാഖിലേക്കുള്ള ഇറാന്റെ അനാവശ്യമായ ഇടപെടലുകളെ പ്രതിരോധിക്കുന്നതിനായി സൗദി അറേബ്യയുമായി അടുക്കണമെന്ന് നിരവധി ഇറാഖി രാഷ്ട്രീയ നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്.

Comments

comments

Categories: Arabia, Slider