ഫെറാരി ജിടിസി4ലൂസ്സോ, ജിടിസി4ലൂസ്സോ ടി ഇന്ത്യയില്‍

ഫെറാരി ജിടിസി4ലൂസ്സോ, ജിടിസി4ലൂസ്സോ ടി ഇന്ത്യയില്‍

എക്‌സ് ഷോറൂം വില 4.20 കോടി മുതല്‍ 5.20 കോടി രൂപ വരെ

ന്യൂ ഡെല്‍ഹി : ഫെറാരി ഇന്ത്യയില്‍ ജിടിസി4ലൂസ്സോ, ജിടിസി4ലൂസ്സോ ടി മോഡലുകള്‍ അവതരിപ്പിച്ചു. വി12 എന്‍ജിന്‍ വഹിക്കുന്ന ജിടിസി4ലൂസ്സോ മോഡലിന് 5.20 കോടി രൂപയാണ് എക്‌സ് ഷോറൂം വില. വി8 എന്‍ജിനുമായി വരുന്ന ഫെറാരി ജിടിസി4ലൂസ്സോ ടി വേരിയന്റിന് 4.20 കോടി രൂപ നല്‍കിയാല്‍ മതി. ഫെറാരി എഫ്എഫിന് പകരമാണ് ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്.

കൂടുതല്‍ ആനുപാതികമായ ഷൂട്ടിംഗ് ബ്രേക്ക് ഡിസൈന്‍ ഭാഷ, ഫ്‌ളെയേഡ് വീല്‍ ആര്‍ച്ചുകള്‍, അഗ്രസീവ് ഫ്രണ്ട് എന്‍ഡ് എന്നിവയാണ് ഫെറാരി ജിടിസി4ലൂസ്സോയില്‍ ദര്‍ശിക്കാനാകുന്നത്. ഹാച്ച്ബാക്ക് ഡിസൈനിലാണ് പിന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. കാറിന്റെ അഗ്രഷന്‍ വര്‍ധിപ്പിക്കുന്നതിന് വലിയ ഡിഫ്യൂസര്‍ സഹായിക്കുന്നു. ഫെറാരി വി12 ന്റെ ട്രേഡ്മാര്‍ക്കായ ക്വാഡ് എക്‌സ്‌ഹോസ്റ്റാണ് ജിടിസി4ലൂസ്സോയ്ക്ക് നല്‍കിയിരിക്കുന്നത്.

ഗ്രാന്‍ഡ് ടൂറിസ്‌മോ കൂപ്പെ എന്നതിന്റെ ചുരുക്കെഴുത്താണ് ജിടിസി. 4 വീല്‍ ഡ്രൈവ്, 4 സീറ്റര്‍ എന്നിവ സൂചിപ്പിക്കുന്നതിനാണ് 4 എന്ന് നല്‍കിയിരിക്കുന്നത്. ലക്ഷ്വറി എന്നതിന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുന്നതാണ് ലൂസ്സോ.

4-സീറ്റര്‍ ഫെറാരിയുടെ ഇന്റീരിയറില്‍ ആഡംബരത്തിന്റെ തൃശ്ശൂര്‍ പൂരമാണ്. മികച്ച തുകല്‍പ്പണികള്‍ കാബിനില്‍ എല്ലായിടത്തും കാണാം. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പാസഞ്ചറിനായി അധികമൊരെണ്ണം കൂടി നല്‍കിയിരിക്കുന്നു. ഫെറാരി എഫ്എഫ് മോഡലിനേക്കാള്‍ റിയര്‍ ലെഗ്‌റൂം 16 മില്ലി മീറ്റര്‍ വര്‍ധിപ്പിച്ചിരിക്കുന്നു. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരമാകും.

ഫെറാരി ജിടിസി4ലൂസ്സോയിലെ എഫ്140 65-ഡിഗ്രി വി12 എന്‍ജിന്‍ 681 ബിഎച്ച്പി കരുത്തും 697 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് ജിടിസി4ലൂസ്സോയ്ക്ക് കേവലം 3.4 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 345 കിലോമീറ്ററാണ് ടോപ് സ്പീഡ്. 7 സ്പീഡ് ഡുവല്‍ ക്ലച്ച് യൂണിറ്റാണ് പ്രധാന ഗിയര്‍ബോക്‌സ്. വി12 ലെ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിന് രണ്ടാമതൊരു 2-സ്പീഡ് ഗിയര്‍ബോക്‌സ് കൂടി ലഭിക്കും. മുന്‍ ചക്രങ്ങള്‍ക്ക് നിശ്ചിത സ്പീഡ് വരെ ഈ ഗിയര്‍ബോക്‌സ് കരുത്ത് പകരും.

ഫെറാരി ജിടിസി4ലൂസ്സോ ടി വേരിയന്റിന് 3.9 ലിറ്റര്‍ വി8 എന്‍ജിനാണ് കരുത്ത് പകരുന്നത്. 610 ബിഎച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Auto