ഫെയിം പദ്ധതി : അറുപത് ശതമാനത്തിലധികം സബ്‌സിഡി നല്‍കിയത് ഹൈബ്രിഡ് നാലുചക്രങ്ങള്‍ക്ക്

ഫെയിം പദ്ധതി : അറുപത് ശതമാനത്തിലധികം സബ്‌സിഡി നല്‍കിയത് ഹൈബ്രിഡ് നാലുചക്രങ്ങള്‍ക്ക്

ഈ വര്‍ഷം ജൂണ്‍ വരെ ആകെ നല്‍കിയത് 196.77 കോടി രൂപയുടെ സബ്‌സിഡി

ന്യൂ ഡെല്‍ഹി : ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫെയിം ഇന്ത്യാ പദ്ധതി പ്രകാരം ഈ വര്‍ഷം ജൂണ്‍ വരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 196.77 കോടി രൂപയുടെ സബ്‌സിഡി. ഇതില്‍ അറുപത് ശതമാനത്തിലധികം സബ്‌സിഡി അനുവദിച്ചത് മൈല്‍ഡ് ഹൈബ്രിഡ് നാലുചക്ര വാഹനങ്ങള്‍ക്കാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യാ (ഫെയിം ഇന്ത്യാ) പദ്ധതി അവതരിപ്പിച്ചത്.

ഇലക്ട്രിക്, ഹൈബ്രിഡ് ബൈക്കുകള്‍ക്ക് 29,000 രൂപ വരെയും കാറുകള്‍ക്ക് 1.38 ലക്ഷം രൂപ വരെയുമാണ് സബ്‌സിഡി നല്‍കുന്നത്.

പദ്ധതിയനുസരിച്ച് 2015 ഏപ്രില്‍ മുതല്‍ 2017 ജൂണ്‍ 30 വരെ മൈല്‍ഡ് ഹൈബ്രിഡ് നാലുചക്ര വാഹനങ്ങള്‍ക്ക് ആകെ 124.77 കോടി രൂപയാണ് സബ്‌സിഡി നല്‍കിയത്. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ഘന വ്യവസായ സഹമന്ത്രി ബാബുല്‍ സുപ്രിയോ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി.

പദ്ധതിക്കുകീഴില്‍ ഇതുവരെ ആകെ 1.45 ലക്ഷം വാഹനങ്ങള്‍ക്കാണ് സബ്‌സിഡി അനുവദിച്ചത്. ഫെയിം ഇന്ത്യാ പദ്ധതി 2020 വരെ ദീര്‍ഘിപ്പിച്ചേക്കും. നിലവിലെ ഒന്നാം ഘട്ട ഫെയിം ഇന്ത്യാ പദ്ധതി അടുത്ത മാസം 30 വരെ നീട്ടിയിട്ടുണ്ട്.

ആകെ 95,980 മൈല്‍ഡ് ഹൈബ്രിഡ് നാലുചക്ര വാഹനങ്ങള്‍ക്കും 2,446 ഹൈബ്രിഡ് വാഹനങ്ങള്‍ക്കുമാണ് ഫെയിം ഇന്ത്യാ പദ്ധതി വഴി സബ്‌സിഡി നല്‍കിയത്. സാധാരണ ബാറ്ററി ഉപയോഗിക്കുന്ന കുറഞ്ഞ വേഗതയുള്ള 41,872 ഇരുചക്ര വാഹനങ്ങള്‍ക്ക് ഇതേ കാലയളവില്‍ 31.4 കോടി രൂപയും സബ്‌സിഡിയായി അനുവദിച്ചു.

 

Comments

comments

Categories: Auto