യുഎഇയിലെ മാളുകളില്‍ കേമന്‍ ദുബായ് മാള്‍

യുഎഇയിലെ മാളുകളില്‍ കേമന്‍ ദുബായ് മാള്‍

യൂഗോവ് ബ്രാന്‍ഡ് ഇന്‍ഡക്‌സ് പ്രസിദ്ധീകരിച്ച ആഗോള ബ്രാന്‍ഡ് ഹെല്‍ത്ത് റാങ്കിംഗില്‍ മാള്‍ ഒാഫ് എമിറേറ്റ്‌സും സിറ്റി സെന്റര്‍ ദെയ്‌റയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍

അബുദാബി: ദുബായിലെ ഏറ്റവും വലിയ മാളായ ദുബായ് മാളിനെ യുഎഇയിലെ ഏറ്റവും ആരോഗ്യകരമായ മാള്‍ ബ്രാന്‍ഡായി തെരഞ്ഞെടുത്തു. യൂഗോവ് ബ്രാന്‍ഡ് ഇന്‍ഡക്‌സ് പ്രസിദ്ധീകരിച്ച ആഗോള ബ്രാന്‍ഡ് ഹെല്‍ത്ത് റാങ്കിംഗിലാണ് 36.8 സ്‌കോര്‍ നേടി ഇമാറിന്റെ ദുബായ് മാള്‍ ആദ്യ സ്ഥാനത്ത് എത്തിയത്.

രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മാള്‍ ഓഫ് എമിറേറ്റ്‌സിന് 33.4 പോയിന്റാണ് ലഭിച്ചത്. 25.7 സ്‌കോര്‍ നേടിയ സിറ്റി സെന്റര്‍ ദെയ്‌റയാണ് മൂന്നാം സ്ഥാനത്ത്. റീട്ടെയ്ല്‍ മാര്‍ക്കറ്റില്‍ മത്സരം ശക്തമായി നിലനില്‍ക്കുന്നുണ്ടെങ്കിലും യുഎഇയിലെ പ്രധാന വാണിജ്യ, വിനോദ കേന്ദ്രം എന്ന നിലയില്‍ ദുബായ് മാളും മജീദ് അല്‍ ഫുട്ടൈമിന്റെ മാള്‍ ഓഫ് ദ എമിറേറ്റ്‌സും ഉപഭോക്താക്കളുടെ ശക്തമായ പിന്തുണ നിലനിര്‍ത്തിയെന്ന് യുഗോവിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഡാറ്റ പ്രൊഡക്ഷന്‍ മേധാവി സ്‌കോട്ട് ബൂത്ത് പറഞ്ഞു.

ദുബായ് ഡൗണ്‍ടൗണ്‍ ഡിസ്ട്രിക്റ്റിലെ തുടര്‍ച്ചയായ വികസനങ്ങളും ദുബായ് മാളിന് ഗുണകരമായി. യുഎഇയിലെ പ്രധാന മാളുകളുമായുള്ള അന്തരം കുറക്കുന്നതിനായി 2015 ല്‍ നടപ്പാക്കിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ മാള്‍ ഓഫ് എമിറേറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശക്തിപകര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാളുകളുടെ കഴിഞ്ഞ 12 മാസത്തെ അടിസ്ഥാനമാക്കിയുള്ള മൊത്തത്തിലുള്ള ബ്രാന്‍ഡ് ഹെല്‍ത്ത് കണക്കാക്കിയാണ് ഇന്‍ഡക്‌സ് തയാറാക്കിയത്. ബ്രാന്‍ഡിന്റെ നിലവാരം, മൂല്യം, അഭിപ്രായം, സംതൃപ്തി, ഖ്യാതി, ഉപഭോക്താക്കള്‍ മറ്റുള്ളവര്‍ക്ക് ബ്രാന്‍ഡ് നിര്‍ദേശിക്കുന്നുണ്ടോ തുടങ്ങിയ ഘടകങ്ങളാണ് യുഗോവ് പരിഗണിച്ചത്.

യുഎഇയിലെ ശക്തമായ റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയിലും ഇമാര്‍ ആദ്യ സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഡമാക്കിനെ വളരെ ദൂരം പിന്നിലാക്കിയാണ് 38.8 സ്‌കോറുമായി കമ്പനി ഒന്നാമതെത്തിയത്. ഡമാക് 18.7 സ്‌കോര്‍ സ്വന്തമാക്കിയപ്പോള്‍ 14.9 പോയിന്റുമായി നഖീല്‍ മൂന്നാം സ്ഥാനത്തെത്തി.

ഉപഭോക്താക്കര്‍ക്കിടയില്‍ ഇമാറിന് മികച്ച സ്ഥാനമാണുള്ളത്. ബ്രാന്‍ഡ് ഇന്‍ഡക്‌സില്‍ പങ്കെടുത്ത ആയിരക്കണക്കിന് ഉപഭോക്താക്കളില്‍ വലിയ വിഭാഗം പേരും ഇമാറിന്റെ ഉയര്‍ന്ന നിലവാരത്തിലും പോസിറ്റീവായ റെപ്യൂട്ടേഷനിലും സംതൃപ്തരാണെന്ന് ബൂത്ത് വ്യക്തമാക്കി. ഡൗണ്‍ടൗണ്‍ ദുബായ് ഡിസ്ട്രിക്റ്റില്‍ ഇമാര്‍ നടത്തുന്ന വികസപ്രവര്‍ത്തനങ്ങളും ദുബായ് ക്രീക് ഹാര്‍ബറിലെ നിര്‍മാണത്തില്‍ കമ്പനി ഉള്‍പ്പെടുന്നതും മറ്റുള്ള വമ്പന്‍ പദ്ധതികളുമെല്ലാം ജനങ്ങള്‍ക്കിടയില്‍ ബ്രാന്‍ഡിന്റെ സ്ഥാനം ഉയര്‍ത്താന്‍ കാരണമായെന്നും അദ്ദേഹം.

ദുബായിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള എമിറേറ്റ്‌സ് എന്‍ബിഡിയെ പ്രമുഖ റീട്ടെയ്ല്‍ ബാങ്കായും ജൂമൈറ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സിനെ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം യുഎഇയിലെ ഏറ്റവും ആരോഗ്യകരമായ ബ്രാന്‍ഡ് എമിറേറ്റ്‌സാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വാട്ട്‌സാപ്പും ഗൂഗിളും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തായിരുന്നു.

Comments

comments

Categories: Arabia, Slider