അസിം പ്രേംജി ട്രസ്റ്റിന് ലഭിക്കുക 5,000 കോടിയോളം രൂപ

അസിം പ്രേംജി ട്രസ്റ്റിന് ലഭിക്കുക 5,000 കോടിയോളം രൂപ

എപിപിഐ, എപിടി എന്നിവയ്ക്ക് 16.81 ശതമാനം ഓഹരികളാണ് വിപ്രോയില്‍ ഉള്ളത്

ബെംഗളുരു: വിപ്രോ ലിമിറ്റഡ് പ്രഖ്യാപിച്ച 11,000 കോടി രൂപയുടെ ഓഹരി വാങ്ങലിലൂടെ വിപ്രോ തലവന്‍ അസിം പ്രേംജിയുടെ സാമൂഹിക സേവന സംരംഭങ്ങളായ അസിം പ്രേംജി ഫിലാന്‍ട്രൊഫിക് ഇനിഷ്യേറ്റീവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (എപിപിഐ), അസിം പ്രേംജി ട്രസ്റ്റ് (എപിടി) എന്നിവയ്ക്ക് ലഭിക്കുക ഏകദേശം 5,000 കോടിയോളം രൂപ. മറ്റ് പ്രമോട്ടര്‍മാരേക്കാള്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കുന്നതിന് എപിപിഐയും എപിടിയും മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയോട് അനുമതി തേടിയിട്ടുണ്ട്.

സാമൂഹിക സേവനങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട് വര്‍ധിപ്പിക്കുന്നതിനാണ് എപിപിഐയും എപിടിയും ശ്രദ്ധിക്കുന്നത്. മറ്റു പ്രൊമോട്ടര്‍ ഗ്രൂപ്പുകളെ അപേക്ഷിച്ച് തങ്ങളുടെ കൈകളിലുള്ള ഇക്വിറ്റി ഓഹരികളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനാണ് ഇരു ട്രസ്റ്റുകളും ലക്ഷ്യമിടുന്നതെന്ന് ജൂലൈ 28ന് ബിഎസ്‌സിയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ വിപ്രോ വ്യക്തമാക്കുന്നു. രണ്ട് ട്രസ്റ്റുകള്‍ക്കും കുറഞ്ഞത് 5000 കോടി രൂപ ലഭിക്കുമെന്നാണ് ഓഹരി തിരികെവാങ്ങലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്. പ്രമൊട്ടര്‍ ഗ്രൂപ്പിലെ മറ്റ് നിക്ഷേപകര്‍ തിരികെ നല്‍കുന്ന ഓഹരികള്‍ക്ക് അനുസരിച്ച് ഈ തുക വര്‍ധിക്കാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടികാണിക്കുന്നു.

മുന്‍പത്തെ ഓഹരി തിരികെ വാങ്ങലിലും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പ്രതിനിധിയായി സെബിയുടെ അനുമതിയോടെ രണ്ട് ട്രസ്റ്റുകളും പങ്കെടുത്തുവെന്ന് വിപ്രോ വക്താവ് പറഞ്ഞു. ഇപ്പോഴത്തെ ഓഹരി തിരികെ വാങ്ങലിലും സമാനമായ അഭ്യര്‍ത്ഥന അവര്‍ നടത്തിയിട്ടുണ്ട്. സെബിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വര്‍ഷം ജൂണില്‍ വിപ്രോ നടത്തിയ 2,500 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങലിലൂടെ എപിപിഐയ്ക്കും എപിടിക്കും 1963 കോടി രൂപ ലഭിച്ചിരുന്നു.

8 പ്രമോട്ടര്‍ ഗ്രൂപ്പുകള്‍ വഴി വിപ്രോയുടെ 56.37 ശതമാനം ഓഹരികളാണ് പ്രേംജിയുടെയും കുടുംബത്തിന്റെയും കൈവശമുള്ളത്. എപിപിഐ, എപിടി എന്നിവയ്ക്ക് 16.81 ശതമാനം ഓഹരികളുമുണ്ട്. അതിനാല്‍ രാജ്യത്തെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായ വിപ്രോയില്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ മൊത്തം ഓഹരികള്‍ 73.18 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപ്രോയുടെ വരുമാനം 7.7 ബില്യണ്‍ ഡോളറായിരുന്നു. ഓഹരി തിരികെ വാങ്ങല്‍ കഴിഞ്ഞ മാസമാണ് വിപ്രോ പ്രഖ്യാപിച്ചത്. 34.3 കോടി ഓഹരികള്‍ ഓഹരിയൊന്നിന് 320 രൂപ പ്രകാരം തിരികെ വാങ്ങാനാണ് പദ്ധതി. ഈ പ്രക്രിയ നവംബറോടെ പൂര്‍ത്തികരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ മുന്‍നിര ഐടി കമ്പനികളായ വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്, ഇന്‍ഫോസിസ് തുടങ്ങിയവ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വളര്‍ച്ചയ്ക്കായുള്ള പോരാട്ടത്തിലാണ്. മൊത്തം വ്യവസായത്തിന്റെ നാലിലൊന്ന് സംഭാവന ചെയ്യുന്ന ടിസിഎസും ഇന്‍ഫോസിസും വിപ്രോയും സമീപവര്‍ഷങ്ങളില്‍ മന്ദഗതിയിലാണ് വളര്‍ന്നത്.

2016ല്‍ ബിഎസ്‌സി സെന്‍സെക്‌സ് 2 ശതമാനം ഉയര്‍ന്നപ്പോള്‍ ടിസിഎസിന്റെ ഓഹരികളുടെ മൂല്യം 3.2 ശതമാനവും ഇന്‍ഫോസിസിന്റേത് 8.5 ശതമാനവും, വിപ്രോയുടേത് 15.33 ശതമാനവും ഇടിഞ്ഞു. നിക്ഷേപകരുടെ വിശ്വാസം തിരികെയെത്തിക്കുന്നതിനായാണ് ഐടി കമ്പനികള്‍ ഓഹരി തിരികെവാങ്ങലിലേക്ക് തിരിഞ്ഞത്. മുംബൈ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ടിസിഎസ് 16,000 കോടി രൂപയുടെ ഓഹരികള്‍ ഈ വര്‍ഷം ആദ്യം തിരികെ വാങ്ങിയിരുന്നു.

രാജ്യത്തുടനീളമുള്ള പ്രൈമറി സ്‌കൂളുകളുിലെ വിദ്യാഭ്യാസ നിലവാരം എപിടി വഴി മെച്ചപ്പെടുത്തുകയാണ് അസിം പ്രേംജി ചെയ്ത് വരുന്നത്. സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് ഗ്രാന്റുകള്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് എപിപിഐ രൂപീകരിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy