യുഎഇയില്‍ പുതിയ നികുതി നിയമം

യുഎഇയില്‍ പുതിയ നികുതി നിയമം

യുഎഇയില്‍ മികച്ച ടാക്‌സ് സംവിധാനവും സമ്പദ് വ്യവസ്ഥയില്‍ വൈവിധ്യവും കൊണ്ടുവരുന്നതിന് ടാക്‌സ് പ്രൊസീജ്യര്‍ നിയമം ശക്തമായ ചുവടുവെപ്പായിരിക്കും: ഷേയഖ് ഹംദന്‍ ബിന്‍ റഷീദ്

അബുദാബി: ആടുത്ത വര്‍ഷം ജനുവരി മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പിലാക്കുന്നതിന് മുന്നോടിയായി യുഎഇ പുതിയ നിയമം കൊണ്ടുവന്നു. സമ്പദ്‌വ്യവസ്ഥയില്‍ വൈവിധ്യം കൊണ്ടുവരാന്‍ സാധിക്കുന്ന പുതിയ നികുതി നിയമം യുഎഇ പ്രസിഡന്റ് ഷേയ്ഖ് ഖലീഫയാണ് പ്രഖ്യാപിച്ചത്.

മികച്ച നികുതി സംവിധാനം യുഎഇയില്‍ കൊണ്ടുവരുന്നതിനും നികുതി സ്വീകരിക്കുന്നതിനെ നിയന്ത്രിക്കുന്നതിനും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ സ്ഥാനം വിശദീകരിക്കാനും ടാക്‌സ് പ്രൊസീജ്യര്‍ നിയമത്തിന് സാധിക്കും. വാറ്റും, എക്‌സൈസ് ടാക്‌സും ഉള്‍പ്പടെയുള്ള നികുതികള്‍ സ്വീകരിക്കുന്നതിലാണ് നിയമം കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതെന്ന് ഗവണ്‍മെന്റിന്റെ ന്യൂസ് ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വ്യക്തിഗത വരുമാന നികുതിയെക്കുറിച്ച് നിയമത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഏകീകൃത വാറ്റ് കരാറും ഏകീകൃത എക്‌സൈസ് ടാക്‌സ് കരാറും അംഗീകരിച്ചതിന് പിന്നാലെയാണ് ധനമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പുതിയ നിയമം കൊണ്ടുവന്നത്. യുഎഇയില്‍ മികച്ച ടാക്‌സ് സംവിധാനവും സമ്പദ് വ്യവസ്ഥയില്‍ വൈവിധ്യവും കൊണ്ടുവരുന്നതിനും ടാക്‌സ് പ്രൊസീജ്യര്‍ നിയമം ശക്തമായ ചുവടുവെപ്പായിരിക്കുമെന്ന് ധനകാര്യ മന്ത്രിയും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ ചെയര്‍മാനുമായ ഷേയഖ് ഹംദന്‍ ബിന്‍ റഷീദ് വ്യക്തമാക്കി.

ഗവണ്‍മെന്റിന്റെ വരുമാനത്തില്‍ വൈവിധ്യം കൊണ്ടുവരുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനും വേണ്ടി നികുതി നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഈ നിയമത്തിന് സാധിക്കുമെന്നും അദ്ദേഹം. മെച്ചപ്പെട്ട ഭാവിക്കുവേണ്ടി അടിസ്ഥാന സൗകര്യങ്ങളും വികസനങ്ങളും കൊണ്ടുവരാന്‍ വരുമാന സ്രോതസ്സുകള്‍ വര്‍ധിക്കുന്നതിലൂടെ സാധിക്കുമെന്നും ഷേയ്ഖ് ഹമധാന്‍ കൂട്ടിച്ചേര്‍ത്തു.

എഫ്ടിഎയുടേയും നികുതി ധാതാക്കളുടേയും അവകാശങ്ങളേക്കുറിച്ചും കടമകളേക്കുറിച്ചും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നികുതി നടപടികള്‍, ഓഡിറ്റ്, ഒബ്ജക്ഷന്‍സ്, മടക്കി നല്‍കല്‍, നികുതി സ്വീകരണം, ടാക്‌സ് രജിസ്‌ട്രേഷന്‍, ടാക്‌സ് റിട്ടേണിനുള്ള മുന്നൊരുക്കം, സബ്മിഷന്‍, പേയ്‌മെന്റ്, തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടാക്‌സ് പ്രൊസീജ്യര്‍ ലോ പ്രാബല്യത്തില്‍ വരുന്നതോടെ യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എല്ലാ ബിസിനസുകളുടേയും അഞ്ച് വര്‍ഷത്തെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടിവരും. നികുതി ദാതാക്കള്‍ക്ക് പകരം എഫ്ടിഎയുമായി ബന്ധപ്പെടുന്ന ടാക്‌സ് ഏജന്റുമാരുടെ രജിസ്‌ട്രേഷന്‍ നടപടികളെക്കുറിച്ചും നിയമത്തില്‍ പറയുന്നുണ്ട്. വാറ്റ്, എക്‌സൈസ് ടാക്‌സ് സംവിധാനത്തിലേക്ക് രാജ്യം കടക്കുന്നതിന് മുന്‍പ് ഭരണ, ഉദ്യോഗസ്ഥ തലം മെച്ചപ്പെടുത്തുന്നതിനായാണ് നിയമം കൊണ്ടുവന്നതെന്ന് ഷേയ്ഖ് ഹമദാന്‍.

Comments

comments

Categories: Arabia

Related Articles